ന്യൂഡല്‍ഹി: താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിച്ചത് 222 ഇന്ത്യക്കാരെ. സ്വന്തം രാജ്യത്ത് തിരികെയെത്തിയ ആഹ്ലാദത്തില്‍ ‘ഭാരത് മാതാ കി ജയ്’ എന്ന് വിമാന യാത്രികര്‍ ആര്‍ത്തുവിളിച്ചു.
അഫ്ഗാനില്‍ അകപ്പെട്ട ഇവരെ രണ്ടു വിമാനങ്ങളിലായാണ് ഡല്‍ഹിയിലെത്തിച്ചത്. ഒരു വിമാനം താജിക്കിസ്ഥാന്‍ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡല്‍ഹിയിലെത്തിയത്. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ 135 ഇന്ത്യന്‍ പൗരന്മാരും താജിക്കിസ്ഥാനില്‍ നിന്നുള്ള വിമാനത്തില്‍ 87 ഇന്ത്യന്‍ പൗരന്മാരും 2 നേപ്പാള്‍ പൗരന്മാരുമാണ് ഉണ്ടായിരുന്നത്.
താജികിസ്ഥാന്‍ വഴി വന്ന വിമാനത്തിലുണ്ടായിരുന്നവര്‍ ‘ഭാരത് മാതാ കീ ജയ്’വിളിക്കുന്ന ദൃശ്യങ്ങള്‍ വിദേശകാര്യ മന്ത്രാലയ വക്താവാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.
കൂടാതെ, 107 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 168 യാത്രക്കാരുമായി വ്യോമസേനയുടെ മറ്റൊരു പ്രത്യേക വിമാനം കൂടി കാബൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്.
അഫ്ഗാനിലുള്ള മുഴുവന്‍ ഇന്ത്യാക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും രക്ഷാ ദൗത്യങ്ങള്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

