ഗാസ: ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. അഭയാർഥി ക്യാംപിന് നേരെ ഇസ്രായേൽ ഷെല്ലാക്രമണം നടത്തി. 15 പേരാണ് ഷെല്ലാക്രമണത്തിൽ മരിച്ചത്. നസേറത്ത് അഭയാർഥി ക്യാമ്പിലാണ് ആക്രമണം നടന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് മരണപ്പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം. ഇസ്രയേൽ യുദ്ധരംഗത്ത് അതിരുകടക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. നെതന്യാഹുവിന്റെ നടപടികൾ ഇസ്രയേലിനെ സഹായിക്കുകയല്ല മറിച്ച് ദ്രോഹമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധികളായ ജനങ്ങളുടെ സുരക്ഷയിൽ നെതന്യാഹുവിന് ശ്രദ്ധയുണ്ടാകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. ഇതിനിടെ, ഭക്ഷ്യസാധനങ്ങൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കാനായി യുഎസ് കപ്പൽ ഗാസയിലേക്ക് തിരിച്ചു.
അതേസമയം, ഗാസയിലെ പലസ്തീൻകാർക്ക് സഹായമെത്തിക്കാനായി താത്കാലിക തുറമുഖം നിർമിക്കാൻ 1000 സൈനികരെ വിന്യസിക്കുമെന്ന് യുഎസ് അറിയിച്ചിരുന്നു. പ്രതിരോധമന്ത്രാലയം പെന്റഗൺ പ്രസ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഗാസയിലെ മെഡിറ്ററേനിയൻ തീരത്താണ് തുറമുഖം സ്ഥാപിക്കുക. കൊടും പട്ടിണിയാലും പകർച്ചവ്യാധികളാലും നരകയാതന അനുഭവിക്കുന്ന പലസ്തീനികൾക്ക് സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് താത്ക്കാലിക തുറമുഖം നിർമ്മിക്കുന്നത്.
ഗാസയിൽ തുറമുഖം സ്ഥാപിക്കുന്നതിനായുള്ള അടിയന്തര ദൗത്യം ഏറ്റെടുക്കുന്നതിനായി സൈന്യത്തിന് നിർദേശം നൽകിയെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ചുള്ള ഫ്ളോട്ടിംങ് ബാർജ് പൂർത്തിയാകാൻ 60 ദിവസമെടുക്കുമെന്ന് പ്രതിരോധമന്ത്രാലയം പ്രസ് സെക്രട്ടറി മേജർ ജനറൽ പാട്രിക് റൈഡർ വ്യക്തമാക്കി. രണ്ട് ഭാഗങ്ങളായി തീരക്കടലിലാണ് തുറമുഖം ഒരുക്കുക. സഹായങ്ങൾ സ്വീകരിക്കാൻ കഴിയുന്ന ഫ്ളോട്ടിങ് ബാർജും കോസ്വേയുമാണ് നിർമിക്കുക.

