സ്‌കൂളിൽ നിന്ന് നൂറുകണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോയി തോക്കുമായെത്തിയ സംഘം; അന്വേഷണം ആരംഭിച്ച് പോലീസ്

അബുജ: തോക്കുമായെത്തിയ സംഘം സ്‌കൂളിൽ നിന്ന് നൂറുകണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയയിലാണ് സംഭവം. വടക്കൻ നൈജീരിയയിലെ കുരിഗ പട്ടണത്തിലെ സർക്കാർ സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂളിലെ അസംബ്ലി കഴിഞ്ഞതിന് പിന്നാലെ കുട്ടികൾക്ക് നേരെ വെടിയുതിർത്ത ശേഷമാണ് ഇവർ കുട്ടികളെ തട്ടിക്കൊണ്ട് പോയത്. ഒരാഴ്ചയ്ക്കുള്ളിൽ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലാണ് ഇതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

287 ഓളം കുട്ടികളെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 2014ൽ നൈജീരിയയിൽ ഐഎസ് ഭീകരർ 200ൽ അധികം പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. നൈജീരിയയുടെ വടക്ക് പശ്ചിമ മേഖലയിൽ മാത്രമായി പന്ത്രണ്ടിലധികം സായുധ സംഘങ്ങളാണ് പിടിമുറുക്കിയിട്ടുള്ളത്. വലിയ മോചനദ്രവ്യം ആവശ്യപ്പെട്ട് ഗ്രാമീണരെ വരെ ഈ മേഖലയിൽ തട്ടിക്കൊണ്ട് പോകൽ പതിവാണ്.

സുരക്ഷാ സേനയുടെ സഹായത്തോടെ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കി. തട്ടിക്കൊണ്ടു പോകലിന് ഏറെയും ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണ്.