പ്രവർത്തനരഹിതമായത് 2 മണിക്കൂറോളം നേരം; സക്കർബർഗിന് നഷ്ടമായത് കോടികൾ

കഴിഞ്ഞ ദിവസം രണ്ടു മണിക്കൂറോളം നേരം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ് എന്നിവ പ്രവർത്തനരഹിതയാതോടെ മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റയുടെ ഓഹരി വിപണിയിലെ മാത്രം നഷ്ടം 2,48,69,35,50,000 കോടി രൂപ. മൂന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും തടസം നേരിട്ടതോടെ 1.60 ശതമാനം ഇടിവാണ് മെറ്റ ഓഹരി വിപണിയിൽ ഉണ്ടായത്. 3 ബില്ല്യൺ ഡോളർ അഥവാ 24000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ് എന്നിവയ്ക്ക് പുറമേ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിലും ചില തടസ്സങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. യുഎസ് ഓഹരി വിപണികൾ പ്രവർത്തിക്കുന്ന സമയത്താണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തന രഹിതമായത്. മുൻപും മെറ്റ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തന രഹിതമായിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകൾ തകരാർ നേരിട്ടത്. ഉപയോക്താക്കളുടെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ തനിയെ ലോഗൗട്ട് ആകുകയായിരുന്നു. പിന്നീട് അക്കൗണ്ടിലേക്കു പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും പിന്നീട് മറ്റ് പ്ലാറ്റ്‌ഫോമുകളും വീണ്ടെടുത്തു. എന്നാൽ, സെർവർ തകരാറായതിന് പിന്നിലെ കാരണമെന്തെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.