ബെയ്ജിങ്: ചൈനയിൽ ഉഗ്രസ്‌ഫോടനം. ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ജനവാസ മേഖലയിൽ ബുധനാഴ്ച രാവിലെയാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്ജിങ്ങിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ പ്രദേശം. ഗ്യാസ് ലീക്കായതാണ് സ്ഫോടനത്തിന് കാരണമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാവിലെ എട്ട് മണിയോടെയായിരുന്നു സ്ഫോടനം നടന്നത്. ഒരു റെസ്റ്റോറന്റിലെ താഴത്തെ നിലയിലാണ് സ്ഫോടനം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ചൈന സെൻട്രൽ ടെലിവിഷൻ(സിസിടിവി) അറിയിച്ചു. ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതായി സംശയിക്കുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സ്ഫോടനമുണ്ടായ സ്ഥലത്തു നിന്നുള്ള വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തെ തുടർന്നുണ്ടായ അഗ്‌നിബാധ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അഗ്‌നിരക്ഷാവകുപ്പ് അറിയിച്ചു.

