ന്യുയോര്‍ക്ക്: അമേരിക്കയില്‍ പിടിമുറുക്കി കോവിഡ് ഡെല്‍റ്റാ വകഭേദം. കഴിഞ്ഞ ഒരാഴ്ച്ചയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിന്റെ ശരാശരി 1,63,000 ആണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചികിത്സതേടി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയായും, മരണ നിരക്കില്‍ 80 ശതമാനവും വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അമേരിക്കയിലെ മൊത്തം കോവിഡ് വ്യാപനത്തിന്റെയും കോവിഡ് മരണങ്ങളുടെയും അഞ്ചിലൊന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഫ്‌ളോറിഡയില്‍ നിന്നാണ്. ഇവിടെ പല ആശുപത്രികളും മൃതദേഹങ്ങള്‍ സൂക്ഷിക്കുവാന്‍ റെഫ്രിജറേറ്റഡ് ട്രക്കുകള്‍ വാടകയ്ക്ക് എടുത്തിരിക്കുകയാണ്. അതുപോലെ സെമിത്തേരികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങളുമായി കാത്തുനില്‍ക്കുന്ന അവസ്ഥയുമുണ്ട്.
അതേസമയം, രാജ്യത്ത് 53 ശതമാനം പേര്‍ക്ക് രണ്ടു ഡോസുകളും അതുപോലെ 62 ശതമാനത്തിലേറെ പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. രോഗവ്യാപനം ഉയരുമ്പോഴും ചികിത്സതേടി ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും അതേ വര്‍ദ്ധനവ് ഉണ്ടാകുന്നില്ല. രോഗം ഗുരുതരമാകാതെ നോക്കാന്‍ വാക്‌സിന്‍ കാര്യക്ഷമമാണെന്നതിന്റെ തെളിവാണിതെന്നാണ് ശാസ്ത്രലോകം പറയുന്നത്.
എന്നാല്‍, ലോസ് ഏഞ്ചലസിലും മിയാമിയിലും പുതിയ എം യു വകഭേദം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വാക്‌സിനെ അതിജീവിക്കാന്‍ കെല്‍പുള്ള ജനിതകമാറ്റം ഇതിന് സംഭവിച്ചിട്ടുള്ളതായി അനുമാനിക്കുന്നു. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഒരു കുറിപ്പിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ജൂണ്‍ 19 നും ഓഗസ്റ്റ് 21 നും ഇടയില്‍ 167 എം യു കേസുകളാണ് ലോസ് ഏഞ്ചലസില്‍ ഉണ്ടായതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

