ന്യൂഡല്‍ഹി: കൊവിഡ് ചികിത്സക്കുള്ള മോള്‍നുപിരാവിര്‍ ഗുളികയുടെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലക്ഷണങ്ങളോടെ കൊവിഡ് രൂക്ഷമാകുന്നവര്‍ക്കോ ആശുപത്രി ചികിത്സ വേണ്ടുന്നവര്‍ക്കോ ആവും മോള്‍നുപിരാവിര്‍ ഗുളിക നല്‍കുക.
മോള്‍നുപിരാവിര്‍ ഗുളിക മെര്‍ക്ക് യു.എസ്, റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്സ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് വികസിപ്പിച്ചിരിക്കുന്നത്. ഓറല്‍ ആന്റിവൈറല്‍ മരുന്നാണ് ഇത്. കൊവിഡ് ഗുരുതരമാവാന്‍ സാധ്യതയുള്ള പ്രായപൂര്‍ത്തിയായ രോഗികളില്‍ ഈ ഗുളിക ഉപയോഗം വഴി ആശുപത്രി വാസവും മരണനിരക്കും പകുതിയായി കുറക്കാനാകുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. അഞ്ച് കമ്പനികള്‍ മോള്‍നുപിരാവിര്‍ ഉത്പാദകരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. മോള്‍നുപിരാവിര്‍ ഗുളികക്ക് തുടക്കത്തില്‍ 2000 മുതല്‍ 4000 വരെയാവും ചെലവ്. പിന്നീട് അത് കുറയും. ഫൈസര്‍ കമ്പനിയുടെ പാക്സ്ലോവിഡ് ഗുളികക്ക് അനുമതി ലഭിക്കുന്നത് അല്പം കൂടി സമയമെടുത്തേക്കും.
കൊവിഡ്, ലോകം മുഴുവന്‍ വ്യാപിക്കുന്ന ഒരു മാഹാമാരി എന്നതില്‍ നിന്ന് പ്രാദേശികമായി വ്യാപിക്കുന്ന ഒരു രോഗത്തിലേക്ക് ചുരുങ്ങുന്ന കാലഘട്ടത്തില്‍ വാക്സിനേഷനേക്കാള്‍ പ്രാധാന്യം ഇത്തരം ഗുളികകള്‍ക്കാണ്. മോള്‍നുപിരാവിര്‍ ഗുളികയുടെ ഉപയോഗം വ്യാപകമാവുന്നത് കൊവിഡ് ചികിത്സയില്‍ നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷ.

