ന്യൂഡല്‍ഹി: മണിപ്പൂരില്‍ അസം റൈഫിള്‍സ് സൈനികര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നില്‍ ചൈനക്ക് പങ്കുണ്ടോയെന്ന സംശയം ശക്തമാകുന്നു. ചാരചന്ദ്പൂര്‍ ജില്ലയില്‍ വെച്ചാണ് ആയുധധാരികളായ കലാപകാരികള്‍ അസം റൈഫിള്‍സിന്റെ കാവല്‍ വാഹനങ്ങളെ ആക്രമിച്ചത്. കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും നാല് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. റെവലൂഷണറി പീപ്പിള്‍സ് ഫ്രണ്ട് (ആര്‍പിഎഫ്) എന്ന ഗ്രുപ്പും അതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മണിപ്പൂരും മണിപ്പൂര്‍ നാഗ പീപ്പിള്‍സ് ഫ്രണ്ടുമാണ് ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.
അതിര്‍ത്തി സംഘര്‍ഷത്തിനൊപ്പം രാജ്യത്ത് അസമാധാനം വിതയ്ക്കാനും ചൈന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ നടക്കുന്ന സായുധ കലാപങ്ങള്‍ക്ക് പിന്നില്‍ ചൈനയാണെന്നാണ് സംശയം. എന്നാല്‍, ഇതാദ്യമായാണ് ഇന്ത്യക്കകത്തെ സായുധ കലാപത്തില്‍ ചൈനയുടെ പങ്ക് സംശയിക്കപ്പെടുന്നത്. വടക്ക് കിഴക്കന്‍ മേഖലയിലെ സായുധ സംഘടനകള്‍ക്ക് മ്യാന്മറിലെ അരാകന് സേനയുമായും യുണൈറ്റഡ് വാ സ്റ്റേറ്റ് സേനയുമായും ബന്ധമുണ്ട്. ഈ സംഘടനകള്‍ വഴിയാണ് വടക്ക് കിഴക്കന്‍ മേഖലയിലേക്ക് ചൈനീസ് ആയുധങ്ങളെത്തുന്നത്,’- ഒരു സേനാ ഉദ്യോഗസ്ഥന് പറയുന്നു.
2020ലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് തായ്വാനുമായി ഒരു വ്യാപാരക്കരാര്‍ ഉണ്ടാക്കുന്നതിനെതിരെ ഇന്ത്യയെ ചൈന താക്കീത് ചെയ്തിരുന്നു. അതുപോലെ സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നതിനെയും ചൈന എതിര്‍ത്തിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധകലാപകാരികള്‍ക്ക് ചൈന അഭയം നല്‍കിവരുന്നുണ്ട്. മണിപ്പൂരിലെ പിപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ചൈന ബന്ധം സ്ഥാപിച്ചിരിക്കാമെന്നാണ് നിഗമനം. നിയന്ത്രിത സ്ഫോടന ഉപകരണമുപയോഗിച്ചാണ് കലാപകാരികള്‍ അസം റൈഫിള്‍സ് സംഘത്തെ ആക്രമിച്ചത്. പരമാവധി അപകടം ഉണ്ടാക്കാനായി വലിയ സ്ഫോടനമാണ് നടത്തിയത്.

