സിങ്കപ്പുര്‍: കൊവിഡ് 19 വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവരിലും ഒമൈക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം. സിങ്കപ്പുരിലാണ് ബൂസ്റ്റര്‍ ഡോസ് എടുത്തവരില്‍ രണ്ട് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് ജീവനക്കാരിയായ 24കാരിക്കും ജര്‍മനിയില്‍ നിന്ന് ഡിസംബര്‍ 6ന് എത്തിയ വ്യക്തിക്കുമാണ് സ്ഥിരീകരിച്ചത്. ഇവര്‍ രണ്ട് പേരും കൊവിഡ് വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിച്ചവരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ലോകത്ത് കൂടുതല്‍ രാജ്യങ്ങളില്‍ ഒമൈക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത് ജാഗ്രതയോടെ കാണണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും സിങ്കപ്പുര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വാക്‌സിനേഷന്റെ കാര്യത്തിലും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട് സിങ്കപ്പുര്‍. ആകെ ജനസംഖ്യയിലെ 87 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് കഴിഞ്ഞു. 29 ശതമാനം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി.
ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളില്‍ ഏറ്റവും അപകടകാരിയാണ് ആഫ്രിക്കന്‍ വകഭേദമായ ഒമൈക്രോണ്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിനാല്‍ മാത്രം ഒമൈക്രോണിനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്നും ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമായേക്കാമെന്നും ഫൈസര്‍, ഭാരത് ബയോടെക് പോലുള്ള കമ്പനികള്‍ പറഞ്ഞിരുന്നു. അതേസമയം, ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും വൈറസ് ബാധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

