റോം: മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന കേസില്‍ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ വിചാരണയ്ക്ക് മതിയായ തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ കേസ് തള്ളി റോം ജഡ്ജി. ഇന്ത്യയിലെ സുപ്രീം കോടതി ഏഴ് മാസം മുന്‍പ് കേസുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിച്ചിരുന്നു.
2012 ഫെബ്രുവരി 15നാണ് സെന്റ് ആന്റണി എന്ന മത്സ്യബന്ധന കപ്പലില്‍ ലക്ഷദ്വീപിന് സമീപം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ എണ്ണക്കപ്പലായ എന്റിക്ക ലെക്‌സിയിലുണ്ടായിരുന്ന ഇറ്റാലിയന്‍ നാവികരായ മിസിമിലിയാനോ ലട്ടോറെ സാള്‍വട്ടോര്‍ ജിറോണ്‍ എന്നിവര്‍ വെടിവച്ചു കൊന്നത്. കേരള തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നത്. സംഭവത്തിന് തൊട്ടു പിന്നാലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്റിക്ക ലെക്‌സിയെ തടയുകയും രണ്ട് ഇറ്റാലിയന്‍ നാവികരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 2014 സെപ്റ്റംബര്‍ 13നും 2016 മെയ് 28നുമാണ് ലട്ടോറെയും ജിറോണും മടങ്ങിയത്.
തുടര്‍ന്ന് 2021 ജൂണില്‍ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആര്‍ ഇന്ത്യയിലെ സുപ്രീം കോടതി റദ്ദാക്കുകയും നാവികര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി 2.17 കോടി രൂപ നല്‍കിയതിന് പുറമേ പത്ത് കോടി രൂപ ഇറ്റലിയും നഷ്ടപരിഹാരം നല്‍കിയിരുന്നു.

