അഫ്ഗാനിസ്താനിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീ ആക്ടിവിസ്റ്റുകളെ കാണാതാകുന്നു; പിന്നിൽ താലിബാനെന്ന് കുടുംബാംഗങ്ങൾ

കാബൂൾ: അഫ്ഗാനിസ്താനിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീ ആക്ടിവിസ്റ്റുകളെ കാണാതാകുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സ്ത്രീകളാണ് അപ്രത്യക്ഷരാകുന്നത്. താലിബാൻ അർദ്ധ രാത്രിയിൽ വീടുകളിൽ വന്ന് ഇവരെ തട്ടിക്കൊണ്ടു പോകുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലാം താലിബാൻ നിഷേധിച്ചു.

ആറു പ്രമുഖ സ്ത്രീ ആക്ടിവിസ്റ്റുകളെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അഫ്ഗാനിൽ നിന്നും കാണാതായത്. ഇവരെ വീട്ടിൽ നിന്നും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. സ്ത്രീകൾക്ക് തൊഴിൽ ചെയ്യാനുള്ള അവകാശം അനുവദിക്കണമന്ന് ആവശ്യപ്പെട്ട് കാബൂളിൽ പ്രക്ഷോഭം നടത്തിയ കൂട്ടായ്മയിലെ മുൻനിര നേതാവായ മുർസൽ അയാർ എന്ന യുവതിയെയാണ് ഏറ്റവുമൊടുവിൽ കാണാതായത്.

പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശം പുന:സ്ഥാപിക്കുക, തൊഴിൽ ചെയ്ത് ജീവിക്കാൻ സ്ത്രീകൾക്കും അവസരം നൽകുക, രാഷ്ട്രീയ അവകാശം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്ത്രീ സംഘടനകൾ ജനുവരി അവസാനം കാബൂളിൽ പ്രകടനം നടത്തിയത്. പർവാന ഇബ്രാഹിം, തമന്ന പയാനി, അവരുടെ സഹോദരികളായ സർമിന, ഷഫീഖ, കരീമ എന്നിവരെയാണ് ഈയാഴ്ച കാണാതായത്. അതേസമയം പകപോക്കലിനായി സ്ത്രീ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടുപോവുന്നത് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ താലിബാനോട് ആവശ്യപ്പെട്ടു.

സ്ത്രീ സംഘടനാ നേതാക്കളെ വീടുകളിൽനിന്നും തുടർച്ചയായി തട്ടിക്കൊണ്ടു പോകുന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് യു എൻ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. പകപോക്കൽ അറസ്റ്റുകൾ പാടില്ലെന്ന് തങ്ങളുടെ പ്രവർത്തകർക്ക് അടിയന്തിര നിർദേശം നൽകണമെന്ന് യു എൻ മനുഷ്യാവകാശ സംഘടന താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.