രണ്ടു മണിക്കൂർ നീണ്ട പോരാട്ടം ഐഎസ് തലവൻ അബു ഇബ്രാഹിം അൽ-ഹാഷ്മി അൽ-ഖുറൈഷിയെ വധിച്ചതായി അമേരിക്ക

വാഷിംഗ്ടൺ: ഐഎസ് തലവൻ അബു ഇബ്രാഹിം അൽ-ഹാഷ്മി അൽ-ഖുറൈഷിയെ വധിച്ചു. അമേരിക്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വടക്കുപടിഞ്ഞാറൻ സിറിയയിൽ വ്യാഴാഴ്ച പുലർച്ചെ യുഎസ് സേന നടത്തിയ ഓപ്പറേഷനിലാണ് അൽ-ഖുറൈഷി കൊല്ലപ്പെട്ടതെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. സൈന്യത്തിന് അദ്ദേഹം പ്രത്യേക നന്ദിഅറിയിക്കുകയും ചെയ്തു. ദൗത്യത്തിൽ പങ്കെടുത്ത എല്ലാ അമേരിക്കക്കാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം വടക്കുപടിഞ്ഞാറൻ സിറിയയിൽ വ്യാഴാഴ്ച പുലർച്ചെ വലിയ തോതിലുള്ള തീവ്രവാദ വിരുദ്ധ ദൗത്യം യുഎസ് പ്രത്യേക സേന നടത്തിയതായി പെന്റഗണും അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പതിമൂന്നോളം പേർ കൊല്ലപ്പെട്ടുവെന്നും അതിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി.

രണ്ടു മണിക്കൂറിലധികം നേരമാണ് യുഎസ് രക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടിയതെന്ന് പ്രദേശവാസികൾ പറയുന്നു. 2019-ൽ ട്രംപിന്റെ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസ് ദൗത്യത്തിന് ശേഷം പ്രവിശ്യയിൽ നടക്കുന്ന ഏറ്റവും വലിയ ദൗത്യമായിരുന്നു ഇതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പിന്നീട് അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.