മാസ്‌കും സാമൂഹ്യ അകലവും വേണ്ട; നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി ഡെന്മാർക്ക്

കോപൻഹേഗൻ: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി ഡെന്മാർക്ക്. മാസ്‌ക് ഉൾപ്പെടെയുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഡെന്മാർക്ക് നീക്കി. ഡെന്മാർക്ക് പൂർണമായി തുറക്കുന്നുവെന്നാണ് പ്രധാനമന്ത്രി മെറ്റി ഫ്രഡ്രക്സൻ വ്യക്തമാക്കിയത്. എല്ലാ കോവിഡ് നിയന്ത്രണങ്ങളും പൂർണമായി നീക്കുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് ഡെന്മാർക്ക്. നിശാ ക്ലബ്ബുകൾക്ക് ഇനി ഉപാധികൾ ഇല്ലാതെ പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു.

സാമൂഹ്യ അകലവും വേണ്ടെന്നാണ് പുതിയ നിർദ്ദേശം. സമ്പർക്കം റിപ്പോർട്ട് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷനും പിൻവലിച്ചു. ഡെൻമാർക്കിലെ പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചത്. 29000 പേർക്കാണ് കഴിഞ്ഞ ദിവസം ഡെന്മാർക്കിൽ കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ അഞ്ചര ലക്ഷത്തിലേറെ പേർ ഡെന്മാർക്കിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഒമിക്രോൺ വ്യാപനവും രാജ്യത്ത് രൂക്ഷമായി തുടരുന്നുണ്ട്.

എന്നാൽ എല്ലാവർക്കും 3 ഡോസ് വാക്സിൻ കിട്ടിയതിനാൽ ഇനി നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഒമിക്രോൺ കാര്യമായ ഗുരുതരാവസ്ഥ ഉണ്ടാക്കുന്നില്ലെന്നും സർക്കാർ പറയുന്നു.