International (Page 16)

ന്യൂഡൽഹി: പാരീസിൽ ഇന്ത്യൻ വിദ്യാർഥികൾ വാടകയ്ക്കു താമസിച്ചിരുന്ന വീടിന് തീപിടിച്ചു. മലയാളികൾ ഉൾപ്പെടെ താമസിച്ചിരുന്ന വീടിനാണ് തീപിടിച്ചത്. വീട്ടിലുണ്ടായിരുന്ന ഉത്തരേന്ത്യൻ വിദ്യാർഥികളിൽ ഒരാൾക്ക് നിസ്സാര പരുക്കേൽക്കുകയും ചെയ്തു. മലയാളി വിദ്യാർഥികൾ ഉൾപ്പെടെ ബാക്കിയുള്ളവരെല്ലാം സുരക്ഷിതരാണെന്നാണ് പുറത്തു വരുന്ന വിവരം.

തീപിടുത്തത്തിൽ നിരവധി വിദ്യാർഥികളുടെ വിദ്യാഭ്യാസ രേഖകളും പാസ്‌പോർട്ടും കത്തിനശിച്ചു. മാനേജ്‌മെന്റ്, എൻജിനീയറിങ് പഠനത്തിന് എത്തിയ 8 മലയാളികൾ ഉൾപ്പെടെ 27 വിദ്യാർഥികളാണ് വീട്ടിൽ താമസിച്ചിരുന്നത്. മുറികളിൽ തീപടർന്നശേഷമാണ് വിദ്യാർത്ഥികൾ അറിഞ്ഞത്. റഫ്രിജറേറ്ററിലെ ഷോർട്ട് സർക്യൂട്ട് മൂലമാണു തീപിടിത്തമുണ്ടായതെന്ന് വിദ്യാർഥികൾ പറയുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വീടിന്റെ ഉടമസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തീപിടുത്തത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് താമസ സ്ഥലത്ത് നിന്നും മാറേണ്ടി വന്നു. ഈ വിദ്യാർഥികൾക്ക് ഇന്ത്യൻ എംബസി വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ഹോട്ടലുകളിൽ താമസമൊരുക്കി നൽകി. പിന്നീട് ഇവരെ വിവിധ വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. താൽക്കാലിക താമസത്തിന് ഒരുമാസത്തേക്ക് സൗകര്യമൊരുക്കിയതായി സർവ മലയാളി ഫ്രാൻസിന്റെ പ്രസിഡന്റ് ജിത്തു ജനാർദനൻ അറിയിച്ചു.

പ്യോഗ്യാഗ്: യുദ്ധത്തിന് തയ്യാറെടുക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകി ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ. രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. 2011ൽ മരിച്ച കിമ്മിന്റെ പിതാവിന്റെ പേരിലുള്ള കിം ജോംഗ് ഇൽ യൂണിവേഴ്‌സിറ്റി ഓഫ് മിലിട്ടറി ആൻഡ് പൊളിറ്റിക്‌സിൽ കിം സന്ദർശനം നടത്തിയിരുന്നു, ഇവിടെ യുദ്ധത്തിന്റെ തയ്യാറെടുപ്പിന് മാർഗനിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് കിമ്മിന്റെ കീഴിൽ ആയുധ വികസനം വലിയ രീതിയിൽ പ്രേത്സാഹിപ്പിക്കുന്നുണ്ട്. റഷ്യയുമായി കൂടുതൽ സൈനികവും രാഷ്ട്രീയവുമായ ബന്ധം സ്ഥാപിക്കാനും ഉത്തര കൊറിയ ശ്രമിച്ചിരുന്നു. അടുത്തിടെ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി സന്ദർശിച്ച ശേഷം കിം സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ശത്രുവുമായി രാജ്യം ഏറ്റുമുട്ടാൻ തീരുമാനിച്ചാൽ ശത്രുവിന്റെ മരണം കാണണം. രാജ്യത്തിന് ചുറ്റുമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്താനുള്ള സമയമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാസ: ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മയിൽ ഹനിയയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം ഉണ്ടാകുകയായിരുന്നു.

മൂന്ന് മക്കളും രണ്ട് പേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിലെ അൽ ഷാതി അഭയാർത്ഥി ക്യാംപിനു സമീപമാണ് ആക്രമണം നടന്നത്. ഖത്തറിന്റെയും ഈജിപ്തിന്റെയും യു എസിന്റെ നേതൃത്വത്തിൽ കെയ്റോയിൽ സമാധാന ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇസ്മയിൽ ഹനിയ ആയിരുന്നു ഗാസയിൽ ഇസ്രായേലുമായി നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടയിലും ഹമാസിന്റെ അന്താരാഷ്ട്ര നയതന്ത്രത്തിലെ പ്രധാന നീക്കങ്ങൾ നടത്തിയിരുന്നത്. കഴിഞ്ഞ നവംബറിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിലെ അദ്ദേഹത്തിന്റെ കുടുംബവീട് തകർന്നിരുന്നു.

ഇസ്മായിൽ ഹനിയയുടെ മൂന്ന് ആൺമക്കളായ ഹസെം, അമീർ, മുഹമ്മദ് എന്നിവർക്ക് ഗാസയിലെ അൽ-ഷാതി ക്യാമ്പിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ജീവൻ നഷ്ടപ്പെട്ടതെന്നാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്.

അബുദാബി/റിയാദ്: ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. ശവ്വാൽ മാസപ്പിറ എവിടെയും ദൃശ്യമാകാത്തതിനാലാണ് ചെറിയ പെരുന്നാൾ ബുധനാഴ്ച്ചയാകുന്നത്. ഇത്തവണ റമസാൻ മുപ്പത് പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷം.

ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കുമെന്നാണ് സൗദി സുപ്രീം കോർട്ട് പ്രഖ്യാപിച്ചത്. യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും ബുധനാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കുന്നത്.

അതേസമയം, ഒരു ദിവസം വൈകി വ്രതാനുഷ്ഠാനം തുടങ്ങിയ ഒമാനിൽ ഇന്ന് വൈകിട്ടായിരിക്കും പ്രഖ്യാപനം നടക്കുന്നത്.

ഏപ്രിൽ എട്ടാം തീയതി നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ശാസ്ത്രജ്ഞർ. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഹ്രണമാണിത് എന്നതാണ് ഏറ്റവും വലിയ സവിശേഷത.

സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂർണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്‌കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുള്ളൂ.

ഇത്തവണ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകുക വടക്കേ അമേരിക്കയിലായിരിക്കും. അമേരിക്കയിൽ ടെക്സസ് മുതൽ മെയ്ൻ രെയുള്ള സംസ്ഥാനങ്ങളിൽ പൂർണ സൂര്യഗ്രഹണം തന്നെ ആയിരിക്കും കാണാനാകുക. അമേരിക്കയിലെ മറ്റിടങ്ങൾ, ചില കരീബിയൻ രാജ്യങ്ങൾ, കൊളംബിയ, വെനസ്വേല, സ്പെയിൻ, ബ്രിട്ടൻ, പോർച്ചുഗൽ, ഐസ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദർശിക്കാം.

ഇന്ത്യ ഉൾപ്പെടെ മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഇത് കാണാൻ കഴിയില്ല. പക്ഷേ സമ്പൂർണ സൂര്യഗ്രഹണം കാണാൻ ലോകത്തിന്റെ ഏത് കോണിലുള്ളവർക്കും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അവസരമൊരുക്കുകയാണ്. ഏപ്രിൽ 8 ന് ഇന്ത്യൻ സമയം രാത്രി 9.13 മുതൽ ഏപ്രിൽ 9 വെളുപ്പിന് 2.22 വരെയാണ് വിവിധ ഇടങ്ങളിൽ ഗ്രഹണം ദൃശ്യമാകുന്നത്. ഈ പ്രതിഭാസത്തെക്കുറിച്ചുളള അവബോധം വളർത്തുന്നതിന്റെ ഭാഗമായി, നാസ വിപുലമായ പല മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. അതിലൊന്നാണ് തത്സമയ ഓൺലൈൻ സ്ട്രീമിങ്. മൂന്നു മണിക്കൂർ നേരത്തേക്ക് നിരവധി വടക്കനമേരിക്കൻ പ്രദേശങ്ങളിൽ നിന്നുള്ള ഫുട്ടേജ് നാസ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ഈ സമയത്ത് നാസയുടെ നിരവധി പരീക്ഷണങ്ങളും നടക്കും. ഇവയുടെ എല്ലാം വിവരങ്ങളും നാസ പ്രക്ഷേപണം ചെയ്യും. നാസാ ടിവി, നാസ വെബ്സൈറ്റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലായിരിക്കും സംപ്രേക്ഷണം. ഏപ്രിൽ 8ന് രാത്രി 10.30 മുതൽ ഏപ്രിൽ 9ന് വെളുപ്പിന് 1.30 വരെ ആയിരിക്കും നാസയുടെ ലൈവ്.

ഗ്രഹണം നടക്കുന്ന അമേരിക്കയിൽ ഗ്രഹണം ഒരുമിച്ചിരുന്നു കാണാൻ നാസ ആളുകൾക്ക് ക്ഷണം നൽകുകയും ചെയ്തിട്ടുണ്ട്.

ഇസ്ലാമാബാദ്: പാകിസ്ഥാനികൾക്ക് മുന്നറിയിപ്പുമായി ലോകബാങ്ക്. ഒരു കോടിയോളം പാകിസ്ഥാനികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെ പോയേക്കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചാ നിരക്കും പണപെരുപ്പവും കാരണമാണിത് സംഭവിക്കുന്നത്. ലോകബാങ്ക് പുറത്തിറക്കിയ ”ദ്വിവാർഷിക പാകിസ്ഥാൻ ഡെവലപ്‌മെന്റ് ഔട്ട്‌ലുക്ക് റിപ്പോർട്ട്” പ്രകാരം രാജ്യത്ത് പണപ്പെരുപ്പത്തിൽ 26 ശതമാനം വർധനവാണ് ഉണ്ടായത്.

നവീനമായ സാമ്പത്തിക പുരോഗമന പദ്ധതികൾ ഉണ്ടായിരുന്നിട്ടും രാജ്യത്തെ ദാരിദ്ര്യ നിർമ്മാർജ്ജന ശ്രമങ്ങൾ അപര്യാപ്തമായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 98 ദശലക്ഷം പേർ ഇതിനോടകം രാജ്യത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നാണ് റിപ്പോർട്ടിന് നേതൃത്വം നൽകിയ സയ്യിദ് മുർതാസ മുസാഫരി വ്യക്തമാക്കിയത്.

പാകിസ്ഥാന്റെ ബജറ്റിന് ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചേക്കില്ലെന്നും അടുത്ത മൂന്ന് വർഷത്തേക്കെങ്കിലും രാജ്യത്ത് കമ്മി ബജറ്റാവും നിലനിൽക്കുക. രാജ്യത്ത് മിച്ച ബജറ്റിന്റെ ആവശ്യകത അന്താരാഷ്ട്ര നാണയ നിധി നിർബന്ധമാക്കിയ ഘട്ടത്തിലാണിത്. ദാരിദ്ര്യ നിരക്ക് 40 ശതമാനമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക വളർച്ച 1.8 ശതമാനത്തിൽ തന്നെ തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ദരിദ്രരായ ആളുകൾക്ക് കാർഷിക മേഖലയിൽ നിന്നും അപ്രതീക്ഷിത നേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും ഉയർന്ന പണപ്പെരുപ്പവും നിർമ്മാണ, വ്യാപാര മേഖലകളിലെ കുറഞ്ഞ വേതനവും വളർച്ചയെ തടസ്സപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു.

പണപ്പെരുപ്പം 30 ശതമാനത്തിന് മുകളിൽ എത്തി നിൽക്കുമ്പോൾ പോലും ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ദിവസ വേതനം അഞ്ച് ശതമാനം മാത്രമാണ് വർധിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. യാത്രാചെലവുകൾ ഉൾപ്പെടെ ജീവിത ചെലവ് രാജ്യത്ത് വർധിക്കുന്നതായും, ദരിദ്ര കുടുംബത്തിൽപ്പെട്ടവർക്ക് ആവശ്യമായ ചികിത്സകൾ പലപ്പോഴും ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ജെറുസലേം : അൽ ജസീറ ചാനലിനെ രാജ്യത്ത് നിന്ന് ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ച് ഇസ്രായേൽ. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാനലാണ് അൽ ജസീറ. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഖത്തർ പ്രധാന പങ്കുവഹിക്കുന്ന സാഹചര്യത്തിലാണ് ഇസ്രായേലിന്റെ പുതിയ നീക്കം.

അൽ ജസീറയിലെ മാധ്യമപ്രവർത്തകർ ഭീകരവാദികൾ ആണെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിക്കുന്നത്. അൽ ജസീറക്ക് ഹമാസുമായി അടുത്ത ബന്ധം ഉണ്ടെന്നും ജേണലിസ്റ്റുകൾ ആയി ഭീകരവാദികളെ എടുക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇസ്രായേലിന്റെ സുരക്ഷയെ അല്‍ ജസീറ പ്രതികൂലമായി ബാധിച്ചു. ഒക്ടോബർ 7 നടന്ന കൂട്ടക്കൊലയിൽ പങ്കാളികളായി. ഹമാസിനെ പിന്തുണയ്ക്കുന്നവരെ നമ്മുടെ നാട്ടിൽ നിന്നാണ് നീക്കം ചെയ്യാൻ സമയമായിരിക്കുന്നു. ഭീകരവാദ ചാനൽ ആയ അൽ ജസീറ ഇനി ഇസ്രായേലിൽ നിന്ന് സംരക്ഷണം ചെയ്യില്ല. ചാനലിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി പുതിയ നിയമപ്രകാരം ഉടൻ പ്രവർത്തിക്കണമെന്ന് നിർദ്ദേശിക്കുന്നുവെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തായ്‌പേയ് സിറ്റി: തായ്‌വാനിൽ അതിശക്തമായ ഭൂചലനം. ഏഴുപേരാണ് ഭൂചലനത്തിൽ മരിച്ചത്. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 700ലധികംപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഭൂചലനത്തിന്റെ ഭാഗമായി ജപ്പാനിലെ യോനാഗുനി ദ്വീപിൽ സുനാമിയുണ്ടായി. ഇന്ന് രാവിലെ 7.58ന് ഹുവാലിയനിൽ നിന്ന് 18 കിലോമീറ്റർ തെക്ക് – പടിഞ്ഞാറായാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രകോപനം 11.8 കിലോമീറ്ററോളം അനുഭവപ്പെട്ടു. വരുന്ന നാല് ദിവസങ്ങളിൽ തുടർചലനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അതിന് 6.5 മുതൽ 7.0 വരെ തീവ്രതയുണ്ടാകുമെന്നുമാണ് തായ്വാനിലെ സെൻട്രൽ വെതർ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകുന്നത്.

ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ ഹുവാലിയൻ കൗണ്ടിയിൽ നാലുപേർ കൊല്ലപ്പെട്ടുവെന്നാണ് തായ്വാൻ സർക്കാർ അറിയിച്ചത്. 26 കെട്ടിടങ്ങൾ ഭൂകമ്പത്തിൽ തകർന്നു. ഇതിൽ ഭൂരിഭാഗവും കൗണ്ടിയിലാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ 20ഓളം പേരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഹുവാലിയനിൽ അഞ്ച് നില കെട്ടിടത്തിന്റെ ഒരു നില പൂർണമായും തകർന്നു. ഇപ്പോൾ കെട്ടിടം 45 ഡിഗ്രി ചരിഞ്ഞു നിൽക്കുകയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.

ബർലിൻ: പ്രായപൂർത്തിയായവർക്ക് സ്വന്തം ഉപയോഗത്തിനായി 25 ഗ്രാം വരെ കഞ്ചാവ് കൈവശം വെയ്ക്കാനും 50 ഗ്രാം വരെ വീട്ടിൽ സൂക്ഷിക്കാനും അനുമതി നൽകുന്ന നിയമം ജർമനിയിൽ പ്രാബല്യത്തിൽ. ഇന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. നിയമം പ്രാബല്യത്തിൽ വന്നതോടെ രാജ്യത്ത് പ്രായപൂർത്തിയായവർക്ക് 25 ഗ്രാം വരെ കഞ്ചാവ് കൈവശം വെയ്ക്കാനും വീട്ടിൽ മൂന്ന് കഞ്ചാവ് ചെടികൾ വരെ വളർത്താനും കഴിയും.

കുട്ടികളുടെ ദൃഷ്ടിയിൽ പെടാത്തതോ കായിക സൗകര്യങ്ങൾക്ക് സമീപമോ ഇല്ലാത്തിടത്തോളം കാലം പൊതു ഉപയോഗം അനുവദിക്കും. പ്രത്യേക കഞ്ചാവ് ക്ലബ്ബുകൾക്ക് ജൂലൈ 1 മുതൽ പരിമിതമായ അടിസ്ഥാനത്തിൽ കഞ്ചാവ് വളർത്താനും വാങ്ങാനും അനുവദിക്കും. 500 അംഗങ്ങൾ വരെ ക്ലബ്ബുകളിൽ ഉണ്ടാകാം.

അതേസമമയം, പ്രായപൂർത്തിയാകാത്തവർക്ക് ജർമ്മനിയിൽ കഞ്ചാവ് നിരോധനം തുടരും. നിയമം നടപ്പാക്കുന്നതിനെതിരെ ജർമൻ പൊലീസ് യൂണിയൻ നിലപാട് സ്വീകരിച്ചിരുന്നു. പോർച്ചുഗൽ, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, ചെക്ക് റിപ്പബ്ലിക്ക്, ബെൽജിയം, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ ചെറിയ അളവിൽ കഞ്ചാവ് ഉപയോഗിക്കുന്നതിന് നേരത്തെ അനുമതി ലഭിച്ചിട്ടുണ്ട്.

വാഷിങ്ടൺ: കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രായേലിന് കൈമാറാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ട്. ഗാസയിലെ റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ സൈനിക ആക്രമണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുമ്പോഴും ബില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രയേലിന് കൈമാറാനാണ് അമേരിക്ക അനുമതി നൽകുന്നതെന്നാണ് വിവരം.

1,800 MK84 2,000 പൗണ്ട് ബോംബുകളും 500 MK82 500 പൗണ്ട് ബോംബുകളും 25 F-35 ഉം ഉൾപ്പെടെയുള്ള ആയുധങ്ങളാണ് അമേരിക്ക ഇസ്രയേലിന് കൈമാറുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന മാരകമായ ആക്രമണത്തിന്റെ പേരിൽ അന്താരാഷ്ട്ര വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് പാക്കേജ്.

2008ലെ പാക്കേജിന്റെ ഭാഗമായാണ് ആയുധങ്ങൾ കൈമാറുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുഎസ് ഇസ്രായേലിന് നൽകുന്നത് 3.8 ബില്യൺ ഡോളർ വാർഷിക സൈനിക സഹായമാണ്. അതേസമയം, നിലവിലെ ആയുധ കൈമാറ്റത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.