റഷ്യയെ ഉപരോധിച്ചതിന് പിന്നാലെ കടുത്ത ഇന്ധനപ്രതിസന്ധിയിൽ യൂറോപ്യൻ രാജ്യങ്ങൾ

ലണ്ടൻ: യുക്രൈൻ സംഘർഷം ആരംഭിച്ചതിന് ശേഷം പല രാജ്യങ്ങളും റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഇതോടെ യൂറോപ്യൻ രാജ്യങ്ങൾ പലതും കടുത്ത ഇന്ധന പ്രതിസന്ധി നേരിടുകയാണ്. യൂറോപ്യൻ രാജ്യങ്ങൾ പ്രകൃതി വാതകത്തിനും എണ്ണയ്ക്കും കൂടുതലായും ആശ്രയിക്കുന്നത് റഷ്യയെയാണ്. എന്നാൽ ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യയ്ക്ക് പകരം ആഫ്രിക്കയിൽ നിന്ന് ഇന്ധനമെത്തിക്കാൻ പറ്റുമോയെന്ന സാധ്യത പരിശോധിക്കുകയാണ് രാജ്യങ്ങൾ.

യൂറോപ്യൻ രാജ്യങ്ങൾക്ക് ആവശ്യമായ പ്രകൃതി വാതകത്തിന്റെ 40 ശതമാനത്തോളം വരുന്നത് റഷ്യയിൽ നിന്നാണ്. അതിൽ തന്നെ എറ്റവും കൂടുതൽ വാങ്ങുന്നത് ജർമ്മനിയാണ്. റഷ്യയിൽ നിന്ന് ജർമ്മനിയിലേക്ക് പ്രകൃതി വാതകമെത്തിക്കാനുള്ള ബൃഹദ് പദ്ധതിയായിരുന്നു നോർഡ് സ്ട്രീം 2. ബാൽടിക് കടൽ കടന്ന് വരുന്ന പൈപ്പ്‌ലൈന്റെ നീളം 1,222 കിലോമീറ്ററാണ്. ഇതിന്റെ നിർമ്മാണമെല്ലാം ഏകദേശം പൂർത്തിയായിരുന്നെങ്കിലും പദ്ധതിയ്ക്ക് തത്ക്കാലം അംഗീകാരം നൽകേണ്ടതില്ലെന്നാണ് ജർമ്മനിയുടെ തീരുമാനം. യുക്രൈൻ സംഘർഷത്തിന് പിന്നാലെയാണ് ജർമ്മനി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

യുക്രൈൻ പ്രതിസന്ധി തുടങ്ങിയ ശേഷം അറുപത് ശതമാനത്തോളം വർധനവാണ് പ്രകൃതിവാതക വിലയിൽ ഉണ്ടായത്. പ്രതിസന്ധികാലം കഴിഞ്ഞാലും റഷ്യക്കപ്പുറമുള്ള ഊർജ്ജ സാധ്യതകളെ പറ്റി യൂറോപ്പിന് ചിന്തിക്കേണ്ടതായി വരും. അതേസമയം, വലിയ ഊർജ്ജ പ്രതിസന്ധിയിലേക്ക് യൂറോപ്പ് നീങ്ങുമെന്ന ആശങ്കക്കിടെ യൂറോപ്പ് ഇതിനുള്ള ബദൽ സാധ്യതകളും തേടുന്നുണ്ട്. ആഫ്രിക്കയാണ് യൂറോപ്യൻ രാജ്യങ്ങളുടെ ഇനിയുള്ള പ്രതീക്ഷ.