യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാം; ഇന്ത്യയുടെ സമ്മർദ്ദത്തിന് വഴങ്ങി റഷ്യ

മോസ്‌കോ: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാമെന്ന് അറിയിച്ച് റഷ്യ. ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനീസ് അലിപോവ് ആണ് ഇക്കാര്യം അറിയിച്ചത്. യുക്രൈന്റെ കിഴക്കൻ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് ഇന്ത്യ നേരത്തെ റഷ്യയോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും റഷ്യയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ റഷ്യൻ അംബാസിഡർ അനുകൂലമായി പ്രതികരണം നൽകിയെങ്കിലും രക്ഷാപ്രവർത്തനം എപ്പോൾ മുതൽ ആരംഭിക്കുമെന്ന് വ്യക്തമല്ല. മാനുഷിക പരിഗണന നൽകി യുക്രൈനിൽ കുടുങ്ങിയവർക്ക് തിരികെ വരാൻ സുരക്ഷിത പാതയൊരുക്കാം എന്നാണ് റഷ്യയുടെ നിലപാട്.

ഖർഖീവ്, സുമി നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന നാലായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഇത് വിജയിച്ചാൽ യുക്രൈൻ രക്ഷാദൗത്യത്തിലെ നിർണായക പ്രതിസന്ധി ഇല്ലാതാകും. ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെടുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന നിലപാട് ഇന്ത്യ റഷ്യയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യ അനുകൂല നിലപാട് സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.