ഖാർകീവ്: മധ്യ-പടിഞ്ഞാറൻ യുക്രൈനിലെ വിനിത്സിയയിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. അസുഖ ബാധിതനായാണ് ഇന്ത്യൻ വിദ്യാർത്ഥി മരിച്ചത്. പഞ്ചാബിലെ ബർണാല സ്വദേശിയായ ചന്ദൻ ജിൻഡാൽ ആണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. വിനിത്സിയ പൈറോഗോവിലെ മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായിരുന്നു ചന്ദൻ. അസുഖബാധിതനായി വിനിത്സിയയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
മസ്തിഷ്‌കാഘാതത്തെത്തുടർന്നാണ് ചന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി അദേദേഹം കോമയിൽ കഴിയുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനാൽ ചന്ദനെ മറ്റൊരിടത്തേക്ക് മാറ്റുന്നത് പ്രായോഗികമായിരുന്നില്ല. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥീരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നു. ഖാർകീവിൽ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി നവീൻ എസ് ജ്ഞാനഗൗഡറാണ് കൊല്ലപ്പെട്ടത്.
ഖാർകീവ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു കർണാടക ഹാവേരി ചാലഗേരി സ്വദേശിയായ നവീൻ. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം നടന്നത്. നിരവധി പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നിലവിൽ ഖാർകീവിലെ ഒരു ആശുപത്രിയിലുള്ള മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് നവീന്റെ മൃതദേഹം. സാഹചര്യം അനുകൂലമായാൽ മാത്രമേ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ കഴിയൂവെന്ന് അധികൃതർ അറിയിച്ചു.
അതേസമയം എത്രയും പെട്ടെന്ന് ഖാർകീവ് വിടണമെന്നാണ് ഇന്ത്യക്കാർക്ക് എംബസി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. പ്രാദേശിക സമയം ആറ് മണിക്ക് മുമ്പ് ഖാർകീവ് വിടണമെന്നും പെസോചിൻ, ബബയെ, ബെസ്ലുഡോവ്‍ക എന്നിവിടങ്ങളിലേക്ക് മാറണമെന്നാണ് എംബസി നിർദ്ദേശിച്ചു. പിസോചിനിലേക്ക് യാത്ര ചെയ്യാൻ വാഹനങ്ങൾ കിട്ടാത്ത വിദ്യാർത്ഥികൾ നടന്നെങ്കിലും പോകണമെന്നും നിർദ്ദേശമുണ്ട്.

