യുക്രൈൻ ലാബുകളിൽ മാരക രോഗാണുക്കൾ; നശിപ്പിച്ച് കളയണമെന്ന് ലോകാരോഗ്യ സംഘടന

കീവ്: യുക്രൈനിൽ റഷ്യയുടെ സൈനിക നടപടി തുടരുമ്പോൾ ആശങ്കയായി യുക്രൈൻ ലാബുകളിലെ മാരക രോഗാണുക്കൾ. രാജ്യത്തെ ആരോഗ്യ ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രങ്ങളിലും ലാബുകളിലും അപകടകാരികളായ രോഗാണുക്കളെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ ആക്രമണത്തിൽ ഈ രോഗാണുക്കൾ പുറത്തുകടക്കാൻ സാധ്യതയുള്ളതിനാൽ അപകടകാരിയായ രോഗാണുക്കളെ നശിപ്പിച്ച് കളയണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകിയതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുക്രൈൻ നഗരങ്ങളിൽ സൈനിക നീക്കം ശക്തമാക്കിയ റഷ്യ ബോംബാക്രമണവും തുടരുകയാണെന്ന് ബയോസെക്യൂരിറ്റി വിദഗ്ധർ വ്യക്തമാക്കി. ലാബുകൾക്ക് നേരെ ആക്രമണമുണ്ടായാൽ രോഗാണുക്കൾ പുറത്തേക്ക് കടക്കുന്നതിനും തുടർന്ന് വ്യാപനത്തിന് സാധ്യതയുണ്ടെന്നും ബയോസെക്യൂരിറ്റി വിദഗ്ധർ അറിയിച്ചു. റഷ്യൻ ആക്രമണത്തിൽ അപകടകാരികളായ രോഗാണുക്കൾ പുറത്തുകടക്കാൻ സാധ്യതയുണ്ടെങ്കിൽ അവയെ നശിപ്പിക്കാനാണ് യുക്രൈൻ ആരോഗ്യ മന്ത്രാലയത്തിനും ബന്ധപ്പെട്ട വകുപ്പുകൾക്കും ഡബ്ല്യൂ.എച്ച്.ഓ നിർദേശം നൽകിയിരിക്കുന്നത്.

കോവിഡ് ഉൾപ്പെടെയുള്ള മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന അപകടകരമായ രോഗങ്ങളുടെ ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി ലാബുകൾ യുക്രൈനിൽ പ്രവർത്തിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ, യുഎസ്, ഡബ്ല്യുഎച്ച്ഒ എന്നിവരുടെ പിന്തുണയോടെയാണ് ഈ ലാബുകൾ പ്രവർത്തിക്കുന്നത്. യുക്രൈൻ സർക്കാരിന് കീഴിലുള്ള ലാബുകളുടെ സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കുന്നതിൽ വർഷങ്ങളായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു.