കോവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കൽ; മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ചർച്ച ആരംഭിച്ച് ഡബ്ല്യുഎച്ച്ഒ

ജനീവ: കോവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ചർച്ച ആരംഭിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് വൈറസ് വ്യാപനം ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷമാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തുന്നത്. എന്നാൽ കോവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനം നടത്തുന്ന കാര്യത്തെ കുറിച്ച് ലോകാരോഗ്യ സംഘടന നിലവിൽ ചിന്തിക്കുന്നില്ല.

അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എപ്രകാരം രൂപപ്പെടുത്താം എന്നതിനെ കുറിച്ച് മാത്രമാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 ജനുവരി 30-നാണ് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് കേസുകളിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഹോങ്കോങ്ങിൽ കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുണ്ട്. ചൈനയിലും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകളുണ്ട്.