കാലാവസ്ഥാ വ്യതിയാനത്തെ മറിക്കടക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ ലോകരാജ്യങ്ങള്‍. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വിചാരിച്ചതിലും അപ്പുറമാണെന്ന ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം യു.എന്‍ പുറത്തുവിട്ടത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതം പേറുന്നവരായി കോടിക്കണക്കിന് ആള്‍ക്കാരാണ് എല്ലാ ഭൂഖണ്ഡങ്ങളിലെയും ഉള്ളതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ശരാശരി ആഗോള താപനിലയുടെ വര്‍ധനവ് 1.5 ഡിഗ്രിക്ക് താഴെ നിലനിര്‍ത്താന്‍ സാധിച്ചാല്‍ ഒരു പരിധി വരെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ക്ക് തടയിടാനാകുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കാകും ഭൂമി സാക്ഷ്യം വഹിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ ഇതിന് മുമ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലപ്പോള്‍ നഷ്ടപ്പെട്ടു പോയ ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനമാകും ഇത് നിലനിര്‍ത്തുന്നതോടെ സാധ്യമാകുക. വറ്റിപ്പോയ ജലസ്രോതസ്സുകള്‍ വീണ്ടും നീരുറവകളാകും.
ആഗോള താപനില ഇതിനോടകം 1.1 ഡിഗ്രി ഉയര്‍ന്നു കഴിഞ്ഞു. 1.5 ഡിഗ്രിയുടെ ഉയര്‍ച്ചയുണ്ടായാല്‍ മഞ്ഞുപാളികള്‍ പതിയെ ഇല്ലാതാകും. വംശനാശ ഭീഷണയിലുള്ളവയെ തിരികെ കൊണ്ടു വരിക പോലും അസാധ്യമാകും. പെട്ടെന്നുണ്ടാവുന്ന ചൂടിനാല്‍ സസ്യ-ജന്തുജാലങ്ങള്‍ വംശമറ്റ് പോകുകയും തണുപ്പന്‍ പ്രദേശങ്ങള്‍ തേടി പോകുകയോ ചെയ്യും. ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനം ഇതിനോടകം വരള്‍ച്ച, പ്രളയം, കാട്ടുതീ എന്നിവയെ സര്‍വ്വസാധാരണയായ സംഭവങ്ങളാക്കി മാറ്റിക്കഴിഞ്ഞു.

