കീവ്: യുക്രൈനിൽ പ്രശസ്ത അമേരിക്കൻ ഫിലിം മേക്കറിനെ റഷ്യൻ സൈന്യം വെടിവെച്ചുകൊന്നു. യുഎസ് ഫിലിം മേക്കറും മാദ്ധ്യമപ്രവർത്തകനുമായ ബ്രെന്റ് റെനോദാണ് കൊല്ലപ്പെട്ടത്. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും പലായനം ചെയ്യുന്ന സാധാരണ മനുഷ്യരുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും നിരവധി മാദ്ധ്യമങ്ങൾക്കു വേണ്ടി അദ്ദേഹം ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്.
ടൈം സ്റ്റുഡിയോയ്ക്കു വേണ്ടി അഭയാർത്ഥി പ്രശ്നങ്ങളെക്കുറിച്ച് ഡോക്യുമെന്ററി നിർമ്മിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം യുക്രൈനിൽ എത്തിയത്. കീവിനു നേർക്ക് റഷ്യൻ വ്യോമസേന നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് വീടുപേക്ഷിച്ച് പലായനം ചെയ്യുന്ന സിവിലിയൻമാരുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. മാദ്ധ്യമപ്രവർത്തകരാണ് എന്നു വ്യക്തമാക്കുന്ന സ്റ്റിക്കർ പതിച്ച വാഹനത്തിലായിരുന്നു യാത്ര ചെയ്തിരുന്നതെങ്കിലും യാതൊരു പ്രകോപനവുമില്ലാതെ റഷ്യൻ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ബ്രെന്റ് റെനോദിനൊപ്പം ഉണ്ടായിരുന്ന ജുവാൻ ആറെൻഡോൻഡോ വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാഖ്, അഫ്ഗാനിസ്താൻ, സിറിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇദ്ദേഹം ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ്, ടൈം, സിബിഎസ്, വൈസ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങൾക്കു വേണ്ടി ശ്രദ്ധേയമായ ഡോക്യുമെന്ററികൾ നിർമിച്ചിട്ടുണ്ട്. ഹാർവാർഡ് സർവകലാശാലയിലെ നീമെൻ ഫൗണ്ടേഷൻ ഫെലോ ആയിരുന്നു ബ്രെന്റ് റെനോദ്.

