General (Page 89)

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സഹോദരിയെ ഗർഭിണിയാക്കിയ 19 വയസുകാരനായ സഹോദരന് 123 വർഷം കഠിനതടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം അരീക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്.

2019 നവംബറിലാണ് 13 വയസ്സുകാരിയായ സഹോദരിയെ സഹോദരൻ ക്രൂരമായി പീഡിപ്പിച്ചത്. ഗർഭിണിയായ പെൺകുട്ടി 2020 ഓഗസ്റ്റിൽ മലപ്പുറത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചതിനെത്തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പെൺകുട്ടിയോട് പോലീസ് സംസാരിച്ചതിൽനിന്നാണ് തന്നെ പീഡനത്തിന് ഇരയാക്കിയത് സഹോദരനാണെന്ന് വെളിപ്പെടുത്തിയത്. കുട്ടിക്കുണ്ടായ പീഡനവും പ്രസവവും മറച്ചുവെയ്ക്കാനുള്ള കുടുംബത്തിന്റെ ശ്രമം മറികടന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അരീക്കോട് പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർമാരായിരുന്ന എൻ. വി. ദാസൻ, ബിനു തോമസ്, ഉമേഷ് എ., സബ് ഇൻസ്‌പെക്ടർമാരായ .മുഹമ്മദ് അബ്ദുൽ നാസർ, കബീർ എം, എസ് സി പി ഒ മാരായ ഷിബു കെ., സലീഷ് കുമാർ, ജോബിന കെ. ബേബി എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ്‌കേസ് അന്വേഷിച്ചത്.

മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനത്തിനും പ്രായപൂർത്തിയാകാത്ത ബാലികയെ ക്രൂരമായി പീഡിപ്പിച്ചതിനും 40 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും സംരക്ഷണച്ചുമതലയുള്ള ആൾ തന്നെ കുട്ടിയെ പീഡിപ്പിച്ചതിനും മരണം സംഭവിക്കാവുന്ന തരത്തിൽ ക്രൂരമായി പീഡിപ്പിച്ചതിനും ഗർഭിണിയാക്കിയതിനും 40 വർഷം വീതം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. ബാലിക സംരക്ഷണ നിയമം പ്രകാരം മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപയുടെ പിഴയും ചേർത്ത് ആകെ 123 വർഷം തടവും ഏഴു ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുള്ളത്. ഒരുമിച്ച് ശിക്ഷയനുഭവിച്ചാൽ മതിയെന്നതിനാൽ പരമാവധി 40 വർഷം തടവനുഭവിച്ചാൽ മതിയാകും. പിഴ അടച്ചില്ലെങ്കിൽ 11 മാസം സാധാരണ തടവുകൂടി അനുഭവിക്കണം.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ ഐടി കമ്പനികൾക്കും തൊഴിൽ നിയമങ്ങളെല്ലാം ബാധകമാണെന്ന് വ്യക്തമാക്കി സർക്കാർ. നിയമ സഭയിൽ അഡ്വ. വി. ആർ സുനിൽ കുമാർ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 1960ലെ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ച് ഓരോ തൊഴിലാളിയുടെയും ഒരു ദിവസത്തെ ജോലിസമയം വിശ്രമം ഉൾപ്പെടെ 9 മണിക്കൂർ ആണ്. ഇത് സ്പ്രെഡ് ഓവർ ഉൾപ്പെടെ പത്തര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ടെന്നും വർഷം 12 കാഷ്വൽ ലീവ്, 12 വാർഷിക ലീവ്, 12 സിക്ക് ലീവ് എന്നിവയ്ക്ക് അർഹതയുണ്ടെന്നും മന്ത്രി അറിയിച്ചു.

4 മണിക്കൂർ ഇടവേളകളിലും 1 മണിക്കൂർ വിശ്രമം തൊഴിലുടമ തൊഴിലാളികൾക്ക് അനുവദിക്കേണ്ടതാണ്. രാത്രികാലങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി രാത്രി 9 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ സ്ത്രീ തൊഴിലാളികളെ ജോലിക്ക് 5 പേരടങ്ങുന്ന ഗ്രൂപ്പായി മാത്രമേ നിയോഗിക്കാവൂയെന്നും അത്തരത്തിൽ ഒരു ഗ്രൂപ്പിൽ കുറഞ്ഞത് 2 പേർ സ്ത്രീ ജീവനക്കാരായിരിക്കണമെന്നും 1960-ലെ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി കമ്പനികളിലെ ജീവനക്കാരിൽ നിന്നും അമിത ജോലിഭാരം, മറ്റ് മാനസിക സംഘർഷം എന്നിവ സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതികൾ ലഭിക്കുന്ന അവസരങ്ങളിൽ തൊഴിൽ വകുപ്പ് സത്വരമായി ഇടപെട്ട് ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാറുണ്ട്. സംസ്ഥാനം വ്യവസായ സൗഹൃദം ആക്കുന്നതിനും തൊഴിലിടങ്ങളിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മറുപടിയിൽ വിശദീകരിക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാന ഇന്റലിജൻസ് വിഭാഗം മേധാവിയായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എഡിജിപി പി വിജയനെ നിയമിച്ചു. ഇതുസംബന്ധിച്ച നിർണായക ഉത്തരവ് സർക്കാർ പുറത്തിറക്കി. മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് എഡിജിപി പി വിജയൻ. നിലവിൽ അദ്ദേഹം പൊലീസ് അക്കാദമി ഡയറക്ടറാണ്.

ഇന്റലിജൻസ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി വിജയനെ നിയമിച്ചിരിക്കുന്നത്. പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു. കോഴിക്കോട്ടെ ട്രെയിനിന് തീയിട്ട കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങൾ ചോർത്തിയെന്നായിരുന്നു പി വിജയനെതിരായ ആരോപണം. എന്നാൽ, എംആർ അജിത് കുമാറിന്റെ കണ്ടെത്തൽ അന്വേഷണത്തിൽ തള്ളിയിരുന്നു. തുടർന്ന് പി വിജയനെ സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു.

ന്യൂഡൽഹി: 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 19-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും. ലാവോസാണ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാനായി അദ്ദേഹം ഒക്ടോബർ 10, 11 തീയതികളിൽ രണ്ട് ദിവസത്തെ ലാവോസ് സന്ദർശനം നടത്തും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ലാവോസാണ് നിലവിൽ ആസിയാൻ അധ്യക്ഷ പദവി വഹിക്കുന്നത്. ലാവോസ് പ്രധാനമന്ത്രി സോനെക്സെ സിഫാൻഡോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി വിയന്റിയാൻ സന്ദർശിക്കുന്നത്. പല ഉഭയകക്ഷി യോഗങ്ങളിലും നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ സ്ഥാപിച്ച് പാലങ്ങൾ ദീപാലംകൃതമാക്കുന്ന പ്രവർത്തനം സംസ്ഥാന വ്യാപകമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലത്തിൽ സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശ സ്വയംഭരണ വകുപ്പും തിരുവനന്തപുരം കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും സംയുക്തമായി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനം പൂർത്തീകരിച്ചത്. കേരളത്തിൽ രണ്ട് പാലങ്ങൾ നിലവിൽ ദീപാലംകൃതമാക്കിയിട്ടുണ്ട്. ഫറോഖ് പഴയ പാലം ദീപാലംകൃതമാക്കിയതിനെ തുടർന്ന് അതൊരു ടൂറിസ്റ്റ് കേന്ദ്രവുമായി മാറി. ഇത്തരത്തിൽ തിരുവനന്തപുരം നഗരത്തിലും സംസ്ഥാന വ്യാപകമായും പാലങ്ങൾ ദീപാലംകൃതമാക്കുന്ന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ സ്വിച്ച് ഓൺ ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ഇടപെടലുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വർണ്ണക്കടത്ത് -ഹവാല പണമിടപാട് കേസുകൾ നാളെ നേരിട്ടെത്തി വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിരിക്കുകയാണ് രാജ്ഭവൻ.

ഇക്കാര്യവുമായി ബന്ധപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ മറുപടി ഇല്ലാത്തതിനെ തുടർന്നാണ് ഗവർണ്ണർ നിലപാട് കടുപ്പിക്കാൻ തീരുമാനിച്ചത്.

അതേസമയം, ഫോൺ ചോർത്തലിനെ കുറിച്ചുള്ള പിവി അൻവറിന്റെ പരാമർശത്തിലും ഗവർണ്ണർ ആവശ്യപ്പെട്ട മറുപടി സർക്കാർ നൽകിയിട്ടില്ല. ഇതും വിശദീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 – POSH Act) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയന്റ്‌സ് പോർട്ടലിലൂടെ (http://posh.wcd.kerala.gov.in) 10,307 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു. ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 5,440 സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചു. മേഖല അടിസ്ഥാനത്തിൽ ആക്ട് സംബന്ധിച്ച ബോധവത്ക്കരണം നൽകും. എല്ലാ സ്ഥാപനങ്ങളിലും നിയമാനുസൃത കമ്മിറ്റികൾ രൂപീകരിക്കാൻ തീവ്ര യജ്ഞ പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകൾക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായാണ് പോഷ് കംപ്ലയന്റ്‌സ് പോർട്ടൽ സജ്ജമാക്കിയത്. 10 ജീവനക്കാരിലധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും നിയമം അനുസരിച്ചുള്ള ഇന്റേണൽ കമ്മിറ്റി നിലവിലുണ്ടായിരിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താൽക്കാലികം) തൊഴിലിടങ്ങളിലെ സ്ഥാപന മേധാവികൾ / തൊഴിലുടമകൾ എന്നിവർ അവരുടെ ഇന്റേണൽ കമ്മിറ്റി വിവരങ്ങൾ, ഇന്റേണൽ കമ്മിറ്റിയിൽ ലഭിച്ച പരാതികളുടെ എണ്ണം, റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ നൽകണം. പത്തിൽ താഴെ ജീവനക്കാരുള്ള പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർ, അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ എന്നിവർ കളക്ടറേറ്റിലെ ലോക്കൽ കമ്മിറ്റിയിൽ സമർപ്പിക്കുന്ന പരാതികളുടെ എണ്ണം, ലോക്കൽ കമ്മിറ്റി വിവരങ്ങൾ, റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ എന്നിവ അതാതു ജില്ലാ കളക്ടർ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ഉദ്യോഗസ്ഥ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യണം. സ്ഥാപന മേധാവികൾ/ തൊഴിലുടമകൾക്കെതിരായ പരാതിയാണെങ്കിൽ അത് ലോക്കൽ കമ്മിറ്റിയിൽ നൽകണമെന്ന് വീണാ ജോർജ് നിർദ്ദേശിച്ചു.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം ആവിഷ്‌ക്കരിച്ചത്. ഏതൊക്കെ സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ലെന്ന് അറിയാൻ ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ എല്ലാ ഇന്റേണൽ കമ്മിറ്റികളുടേയും പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കാനും ആവശ്യമായ ഇടപെടലുകൾ നടത്താനും വകുപ്പിന് സാധിക്കും. സ്ത്രീകൾക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഇതിലൂടെ ഉറപ്പാക്കാനും കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കൈക്കൂലി വാങ്ങി എന്ന പരാതിയിൽ തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുൻപ് പ്രധാന ഓഫീസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന ഷിബു കെ എംനെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സംബശിവ റാവു സസ്പെൻഡ് ചെയ്തത്.

നഗരസഭയുടെ കുറവൻകോണം വാർഡിൽ ഡോ. ആരിഫ സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് തടസവാദങ്ങൾ ഉന്നയിക്കുകയും ഇതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു എന്ന പരാതിക്കാരനായ സൈനുദ്ധീന്റെ പരാതിയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ നടപടി. ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.

കൊൽക്കത്ത: പശ്ചിമബംഗാളിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബിർഭും ജില്ലയിലെ ബദുലിയ ബ്ലോക്കിലെ ഖനിയിലാണ് സ്‌ഫോടനം ഉണ്ടായത്. ഖനി പ്രവർത്തിക്കുന്നത് പശ്ചിമ ബംഗാൾ പവർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കീഴിലാണ്.

സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. കൽക്കരി ഖനനത്തിനായി നിയന്ത്രിത സ്ഫോടനം നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തതായും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

സ്റ്റോക്ക്ഹോം: 2024 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. വിക്ടർ ആമ്പ്രോസിനും ഗാരി റുവ്കുനിനുമാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരത്തിന് അർഹരായത്. മൈക്രോ ആർ എൻ എയുടെ കണ്ടെത്തലിലും പോസ്റ്റ് ട്രാൻസ്‌ക്രിപ്ഷണൽ ജീൻ റെഗുലേഷനിൽ അത് വഹിക്കുന്ന പങ്കിനെക്കുറിച്ചുമുള്ള പഠനത്തിനാണ് പുരസ്‌കാരം.

അമേരിക്കയിൽ നിന്നുള്ള ഗവേഷകരാണ് വിക്ടറും ഗാരിയും. വിക്ടർ ആമ്പ്രോസ് നിലവിൽ മസാച്ചുസെറ്റ്‌സ് മെഡിക്കൽ സ്‌കൂളിൽ നാച്ചുറൽ സയൻസ് പ്രൊഫസറാണ്. ഗാരി റുവ്കുൻ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിൽ ജനറ്റിക്‌സ് പ്രൊഫസറാണ്. പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത് സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ നൊബേൽ അസംബ്ലിയാണ്.

്1.1 മില്യൺ ഡോളർ (9.2 കോടി) വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരത്തിന് സമ്മാനമായി ലഭിക്കും. മറ്റ് നൊബേൽ പുരസ്‌കാരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രഖ്യാപിക്കും. ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷിക ദിനമായ ഡിസംബർ 10 ന് നടക്കുന്ന ചടങ്ങിലാകും ജേതാക്കൾക്ക് പുരസ്‌കാരം സമ്മാനിക്കുന്നത്.