സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ ഐടി കമ്പനികൾക്കും തൊഴിൽ നിയമങ്ങളെല്ലാം ബാധകം; മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ ഐടി കമ്പനികൾക്കും തൊഴിൽ നിയമങ്ങളെല്ലാം ബാധകമാണെന്ന് വ്യക്തമാക്കി സർക്കാർ. നിയമ സഭയിൽ അഡ്വ. വി. ആർ സുനിൽ കുമാർ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 1960ലെ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ച് ഓരോ തൊഴിലാളിയുടെയും ഒരു ദിവസത്തെ ജോലിസമയം വിശ്രമം ഉൾപ്പെടെ 9 മണിക്കൂർ ആണ്. ഇത് സ്പ്രെഡ് ഓവർ ഉൾപ്പെടെ പത്തര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ടെന്നും വർഷം 12 കാഷ്വൽ ലീവ്, 12 വാർഷിക ലീവ്, 12 സിക്ക് ലീവ് എന്നിവയ്ക്ക് അർഹതയുണ്ടെന്നും മന്ത്രി അറിയിച്ചു.

4 മണിക്കൂർ ഇടവേളകളിലും 1 മണിക്കൂർ വിശ്രമം തൊഴിലുടമ തൊഴിലാളികൾക്ക് അനുവദിക്കേണ്ടതാണ്. രാത്രികാലങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി രാത്രി 9 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ സ്ത്രീ തൊഴിലാളികളെ ജോലിക്ക് 5 പേരടങ്ങുന്ന ഗ്രൂപ്പായി മാത്രമേ നിയോഗിക്കാവൂയെന്നും അത്തരത്തിൽ ഒരു ഗ്രൂപ്പിൽ കുറഞ്ഞത് 2 പേർ സ്ത്രീ ജീവനക്കാരായിരിക്കണമെന്നും 1960-ലെ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി കമ്പനികളിലെ ജീവനക്കാരിൽ നിന്നും അമിത ജോലിഭാരം, മറ്റ് മാനസിക സംഘർഷം എന്നിവ സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതികൾ ലഭിക്കുന്ന അവസരങ്ങളിൽ തൊഴിൽ വകുപ്പ് സത്വരമായി ഇടപെട്ട് ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാറുണ്ട്. സംസ്ഥാനം വ്യവസായ സൗഹൃദം ആക്കുന്നതിനും തൊഴിലിടങ്ങളിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മറുപടിയിൽ വിശദീകരിക്കുന്നുണ്ട്.