General (Page 88)

തിരുവനന്തപുരം: സൈബർ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. സാമൂഹ്യമാധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സ്വ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് തട്ടിപ്പുസംഘത്തിന്റെ രീതി, അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകുകയെന്നതാണ് ജോലി. ഉയർന്ന കമ്മീഷനാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൌണ്ട്) ആയി സൈബർ തട്ടിപ്പുകൾക്ക്
ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാൻമാരല്ലാത്ത യുവതീയുവാക്കൾ തങ്ങൾ അറിയാതെതന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു. ഇത്തരം സൈബർ തട്ടിപ്പുസംഘത്തിന്റെ വലയിൽ നമ്മുടെ മക്കളും യുവതലമുറയും അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തേണ്ടതാണ്. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ നിങ്ങളുടെ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

തിരുവനന്തപുരം: കണ്ണാശുപത്രിയ്ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ ആദ്യമായി കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് യാഥാർഥ്യമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് ആദ്യമായി യാഥാർത്ഥ്യമാകുന്നത്. ഒരു ദാതാവിന്റെ കണ്ണിൽ നിന്ന് ലഭിക്കുന്ന ആരോഗ്യമുള്ള നേത്രപടലം കാഴ്ച തകരാറുള്ള മറ്റൊരാളിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് കോർണിയ മാറ്റിവയ്ക്കൽ. ഗുരുതരമായ രോഗങ്ങൾ കൊണ്ടോ അപകടങ്ങളാലോ കോർണിയ തകരാറിലായവർക്ക് കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അത്തരക്കാർക്ക് കാഴ്ച പുനസ്ഥാപിക്കാൻ സഹായകരമാണ് കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇതിന്റെ പ്രാധാന്യം മുന്നിൽ കണ്ടാണ് കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് യാഥാർത്ഥ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആഗോള തലത്തിൽ 2000 വർഷം മുതൽ എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ചാ ദിനമായി ആചരിച്ചു വരുന്നത്. ഈ വർഷം ഒക്ടോബർ 10 നാണ് 25-ാമത് ലോക കാഴ്ചാ ദിനം ആചരിക്കുന്നത്. കാഴ്ച വൈകല്യവും നേത്രരോഗ പ്രതിരോധവും അന്ധതാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.

‘കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ’ എന്നതാണ് ഇന്റർനാഷണൽ ഏജൻസി ഫോർ ദി പ്രിവൻഷൻ ഓഫ് ബ്ലൈൻഡ്‌നെസ്സ് ഈ വർഷം നൽകിയിട്ടുള്ള ലോക കാഴ്ചാ ദിന സന്ദേശം. യുവാക്കളിൽ നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ലോകശ്രദ്ധ കേന്ദ്രീകരിക്കുകയും ലോകമെമ്പാടുമുള്ള കുട്ടികളെ അവരുടെ കണ്ണുകളെ സ്‌നേഹിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സന്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. ഓരോ കുട്ടിക്കും നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുകയാണ് ഈ വർഷത്തെ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ലോക കാഴ്ചാ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നേത്ര സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും വിളംബരം ചെയ്യുന്ന വിവിധ ബോധവൽക്കരണ പരിപാടികളും കാഴ്ച പരിശോധനാ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

നേത്ര പരിചരണത്തിനും സംരക്ഷണത്തിനും മികച്ച ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. നേത്ര വിഭാഗത്തെ ശക്തിപ്പെടുത്താൻ കോർണിയ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് പോലെയുള്ള ചികിത്സാ സൗകര്യങ്ങളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കാഴ്ച പ്രശ്‌നമുള്ള സ്‌കൂൾ കുട്ടികൾക്കും വയോജനങ്ങൾക്കും സൗജന്യമായി കണ്ണട വാങ്ങി നൽകി വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിലും, താലൂക്ക് ആശുപത്രികളിലും സൗജന്യ തിമിര ശസ്ത്രക്രിയ, എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പുകൾ, വർധിച്ചുവരുന്ന ഡയബറ്റിക് റെറ്റിനോപ്പതി ഫലപ്രദമായി തടയാനായി ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിലും തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നോൺ മിഡ്രിയാറ്റിക് ക്യാമറകൾ ഉപയോഗിച്ചുള്ള ചികിത്സ, സൗജന്യ ഗ്ലോക്കോമ ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ സംസ്ഥാനത്ത് ലഭ്യമാണ്.

തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സിനെപ്പറ്റി ഒരാശങ്കയും ആർക്കും വേണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയിൽ വ്യക്തമാക്കി. പൊതുസമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയർത്തുന്നത് ആശാസ്യമല്ലെന്നും പ്രൊഫ. ആബിദ് ഹുസൈന്റെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിൽ മന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ-അന്തർദേശീയ ഗുണനിലവാര പരിശോധനകളിലെല്ലാം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സർവ്വകലാശാലകളുടെയും കലാലയങ്ങളുടെയും നേട്ടങ്ങളെ വർദ്ധിപ്പിക്കുന്നതാവും നാലുവർഷ ബിരുദ പദ്ധതി. എല്ലാ സർവ്വകലാശാലകളിലും കലാലയങ്ങളിലും Skill Development & Career Counselling Centres എന്ന സവിശേഷ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് നടപടികളായി വരികയാണ്. ഈ കേന്ദ്രങ്ങളിൽ സ്‌കിൽ നൽകാനും ഇന്റേൺഷിപ്പ് നൽകാനും കഴിവുള്ള സ്ഥാപനങ്ങളെ എംപാനൽ ചെയ്ത് നൽകിയിട്ടുണ്ട്. സർക്കാരിന്റെ തന്നെ കീഴിലുള്ള അസാപ്, കെയ്പ് തുടങ്ങിയ സ്ഥാപനങ്ങൾ നല്ല നിലയിൽ സ്‌കിൽ എൻഹാൻസ് മെൻറുമായി ബന്ധപ്പെട്ട് കലാലയങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. അതുപോലെ കണക്ട് കരിയർ ടു ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി അഞ്ഞൂറോളം ഐഇഡിഎസുകൾ ഇതിനകം നമുക്ക് ഡവലപ് ചെയ്യാൻ സാധിച്ചു. അത് എല്ലാ കലാലയങ്ങളിലും വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

മാറിയ പരീക്ഷരീതികൾ സംബന്ധിച്ചുള്ള ആശയവിനിമയവും നന്നായി നടത്തിവരുന്നുണ്ട്. ഓരോ കോഴ്സിലൂടെയും പ്രോഗ്രാമിലൂടെയും വിദ്യാർത്ഥി ആർജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എല്ലാം ഉറപ്പുവരുന്ന വിധത്തിൽ അധ്യാപനം, പഠനം, മൂല്യനിർണയം എന്നീ രീതികളിലേക്ക് മാറുകയാണ് നമ്മുടെ പഠന സമ്പ്രദായം. ഈ ആദ്യ സെമസ്റ്റർ മുതൽ അത്തരത്തിലുള്ള ഒരു സമീപനം സാക്ഷാത്ക്കരിക്കുന്ന വിധത്തിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വളരെയധികം ഗൃഹപാഠം ചെയ്ത് സമയമെടുത്ത് എല്ലാ പരിശീലന പരിപാടികളും നടപ്പിലാക്കി മുന്നൊരുക്കങ്ങളെല്ലാം പൂർത്തീകരിച്ചുകൊണ്ട് തന്നെയാണ് പ്രോഗ്രാമിലേക്ക് പ്രവേശിച്ചത്. സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ (ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ) നിർദ്ദേശങ്ങൾക്കനുസൃതമായിട്ടാണ് നാലുവർഷ ബിരുദ പ്രോഗ്രാം ചിട്ടപ്പെടുത്തിയത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റേയും യു.ജി.സി കരിക്കുലത്തിന്റെയും പൊതുവായ ഘടനയെ അംഗീകരിക്കുമ്പോൾ തന്നെ അവയുടെ പ്രതിലോമകരമായ അംശങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണിത് ചെയ്തത്. നമ്മുടെ സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യങ്ങൾക്കനുസൃതമായി സാമൂഹ്യനീതി സങ്കൽപ്പനങ്ങൾ ഉയർത്തിപ്പിച്ചുകൊണ്ടും ശാസ്ത്രീയ വീക്ഷണം നിലനിർത്തിക്കൊണ്ടും ആണ് നമ്മുടെ കരിക്കുലത്തിന് രൂപം നൽകിയിട്ടുള്ളത്. ഒന്നരവർഷക്കാലത്തോളം സർക്കാർ, സർവ്വകലാശാല, കോളേജ് തലങ്ങളിൽ ഇതിനായി മുന്നൊരുക്കങ്ങൾ നടത്തി. ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിനൊപ്പം പരീക്ഷാ പരിഷ്‌കരണത്തിനും നിയമപരിഷ്‌കരണത്തിനും നിയമിച്ച കമ്മീഷനുകളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രൊഫ. സുരേഷ് ദാസ് ചെയർമാനായി കരിക്കുലം കമ്മിറ്റി രൂപീകരിക്കുകയും സംസ്ഥാനചരിത്രത്തിൽ ആദ്യമായി ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി സമഗ്ര കരിക്കുലം തയ്യാറാക്കപ്പെടുകയും ചെയ്തു.

തുടർന്ന് സർവ്വകലാശാലാ വൈസ് ചാൻസലർമാരും സിൻഡിക്കേറ്റ് അംഗങ്ങളും ഉദ്യോഗസ്ഥരും സെനറ്റ് അക്കാദമിക് കൗൺസിൽ അംഗങ്ങളും അധ്യാപകര്രും വിദ്യാർത്ഥികളും അനധ്യാപകരുമടക്കം എല്ലാ സ്റ്റേക്ക് ഹോൾഡേഴ്സിനേയും പങ്കെടുപ്പിച്ച് സർക്കാർ തലത്തിലും സർവ്വകലാശാലാ തലത്തിലും നിരവധി ചർച്ചകളും ശില്പശാലകളും കോൺഫറൻസുകളും നടത്തി. എല്ലാ വിഭാഗങ്ങളേയും പങ്കെടുപ്പിച്ചാണ് ഇതെല്ലാം സംഘടിപ്പിച്ചത്. അതുപോലെ താഴെതട്ടിൽ കോളേജ് തലം വരെ കരിക്കുലത്തിന്റെ വിശദാംശങ്ങൾ കൃത്യമായി എത്തിക്കാൻ കഴിയുന്ന വിധത്തിലുള്ള വിവിധ പരിശീലന പരിപാടികളും സംഘടിപ്പിച്ചു. സർവ്വകലാശാലാ തലത്തിൽ എല്ലാ സർവ്വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാനും പങ്കെടുത്ത നിരവധി പരിശീലന പരിപാടികളും ചർച്ചകളും സംഘടിപ്പിച്ചു.

കാലിക്കറ്റ് സർവ്വകലാശാലയിൽ ഉൾപ്പെടെ എല്ലാ സർവ്വകലാശാലകളിലും സിലബസുകൾ പൂർണ്ണമായി തയ്യാറാക്കിക്കൊണ്ട് തന്നെയാണ് നമ്മൾ നാലുവർഷ ബിരുദ പ്രോഗ്രാമിലേക്ക് പ്രവേശിച്ചിട്ടുള്ളത്. അധ്യാപകർക്ക് ഇതിനാവശ്യമായിട്ടുള്ള പരിശീലനങ്ങൾ നൽകി വരുന്നുണ്ട്. മഹാരാജാസ് കോളേജ് പോലെ വലിയ കോളേജുകളിൽ ഒരു പാട് പരീക്ഷകൾ ഉണ്ടെങ്കിൽ അതിന് ആനുപാതികമായി അധ്യാപകരും അനധ്യാപകരും അവിടെ ലഭ്യവുമാണ്.

ഏകോപിതമായ നിലയിൽ സർവ്വകലാശാലകളിൽ അക്കാദമിക് പ്രവർത്തനങ്ങളും പരീക്ഷകളുമടക്കമുള്ളവ മുന്നോട്ട് കൊണ്ടുപോകാൻ ഏകീകൃത അക്കാദമിക് കലണ്ടറും തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ സർവ്വകലാശാലകളെയാകെ ഏകോപിപ്പിക്കുന്ന തരത്തിലുള്ള പ്ലാറ്റ് ഫോം ഇതിനകം രൂപീകരിക്കാൻ സാധിച്ചു. എല്ലാ സർവ്വകലാശാലകളിലെയും രജിസ്ട്രാർമാർ അതിന്റെ ഭാഗമാണ്. അവരെല്ലാവരും ചേർന്ന് തയ്യാറാക്കിയ ഏകീകൃത അക്കാദമിക് കലണ്ടർ അനുസരിച്ച് വളരെ കൃത്യമായി തന്നെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.

ലാംഗ്വേജ് അധ്യാപകർ എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സ് പഠിപ്പിക്കേണ്ടി വരുമെന്നുള്ളതിലും ഒരാശങ്കയ്ക്കും വകയില്ല. ഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കോഴ്സ് തന്നെയാണ് ഭാഷാ അധ്യാപകർ പഠിപ്പിക്കേണ്ടതായി വരുന്നത്. സംസ്ഥാനത്ത് ആറായിരത്തോളം അധ്യാപകർക്ക് നേരിട്ട് പരിശീലനം ലഭ്യമാക്കിയ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇപ്പോൾ കെ- റീപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടി നടത്തി വരികയാണെന്നും മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി.

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്നാണ് ശ്രീലേഖ ബിജെപി അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്തെ ഈശ്വരവിലാസത്തുള്ള ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ അംഗത്വം നൽകുകയായിരുന്നു.

3 ആഴ്ചത്തെ ആലോചനക്ക് ശേഷമാണ് ബിജെപിയിൽ ചേർന്നതെന്ന് ശ്രീലേഖ വ്യക്തമാക്കി. തുടർന്നും സേവനം ചെയ്യാൻ പറ്റുന്ന അവസരമായി കാണുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നതിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. രണ്ടു വർഷം മുമ്പാണ് സർവ്വീസിൽ ഇവർ സർവ്വീസിൽ നിന്നും വിരമിച്ചത്.

നരേന്ദ്രമോദിയുടെ പ്രഭാവമാണ് ബിജെപിയിലെത്തിച്ചത്. താൻ മുപ്പത്തി മൂന്നര വർഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. ഒരു പാർട്ടിയിലും ചേരാതെ പ്രവർത്തിച്ചു. വിരമിച്ചതിന് ശേഷം പലതും മാറി നിന്ന് കാണുന്നു. അതിനു ശേഷം അനുഭവത്തിന്റേയും അറിവിന്റേയും അടിസ്ഥാനത്തിൽ ജനങ്ങളെ സേവിക്കാൻ ഇതാണ് നല്ലതെന്ന് തോന്നി. ആദർശങ്ങളോട് വിശ്വാസമുള്ളത് കൊണ്ട് കൂടെ നിൽക്കുന്നുവെന്ന് ശ്രീലേഖ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നൽകുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ അറിയിച്ചു. മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ധാരാളം ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാൽ സമയപരിധി ദീർഘിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ.വിജയൻ എം.എൽ.എ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഇ-ശ്രം പോർട്ടൽ പ്രകാരമുള്ളവർക്ക് റേഷൻകാർഡ് അനുവദിച്ച് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ കേസിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നിർദ്ദേശാനുസരണമാണ് സംസ്ഥാനത്തെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) ഗുണഭോക്താക്കളുടെ e-KYC മസ്റ്ററിങ് ആരംഭിച്ചത്. ഒക്ടോബർ 8-ാം തീയതി വരെ 79.79% മുൻഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷൻ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. മുൻഗണാകാർഡിലെ 20 ശതമാനത്തോളം അംഗങ്ങൾക്ക് വിവിധ കാരണങ്ങളാൽ മസ്റ്ററിങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. മുൻഗണനാകാർഡിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും മസ്റ്ററിങ്ങിൽ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മുൻഗണനാവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങൾക്കും വിജയകരമായി മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

മസ്റ്ററിങ്ങിനായി റേഷൻ കടകളിലെത്താൻ കഴിയാത്ത കിടപ്പ് രോഗികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെ മസ്റ്ററിങ്ങിനായി മസ്റ്ററിങ്ങിന്റെ ആദ്യഘട്ടത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. റേഷൻ വ്യാപാരികളുടെ സഹായത്തോടെ വീടുകളിൽ നേരിട്ടെത്തി ഐറിസ് സ്‌കാനർ ഉപയോഗിച്ച് അപ്ഡേഷൻ നടത്തുന്നതിനാവശ്യമായ നിർദ്ദേശം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നൽകിയിട്ടുണ്ട്.

e-KYC (ഇലക്ട്രോണിക് – നോ യുവർ കസ്റ്റമർ) അപ്ഡേറ്റ് ചെയ്തിട്ടുള്ളതും വിതരണം സംബന്ധിച്ച AePDS പോർട്ടലിൽ നിരസിച്ചിട്ടുള്ളതുമായ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയ ശേഷം അത്തരക്കാരുടെ അപ്ഡേഷൻ പൂർത്തികരിക്കാനുള്ള നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

ആധാർ നമ്പർ പരസ്പരം മാറിപ്പോയതും എന്നാൽ AePDS-ൽ അപ്രൂവ് ചെയ്തതുമായ കേസുകൾ പരിഹരിക്കുവാനാവശ്യമായ നടപടികളും സ്വീകരിച്ചു വരുന്നു. പഠനാവശ്യം മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്ക് അതാത് സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളിൽ മസ്റ്ററിങ് നടത്താൻ കഴിയുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. ഇതിന് കഴിയാത്തവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ നാട്ടിലെത്തി മസ്റ്ററിങ് പൂർത്തിയാക്കാവുന്നതാണ്. ഇതിനായി പരമാവധി സമയം അനുവദിക്കും.

തൊഴിൽ ആവശ്യാർത്ഥം വിദേശത്ത് താമസിക്കുന്നവർക്ക് എൻആർകെ സ്റ്റാറ്റസ് നൽകി കാർഡിൽ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്. അവർക്ക് അടിയന്തിരമായി മസ്റ്ററിങ് ചെയ്യാനായി സംസ്ഥാനത്ത് എത്തേണ്ടതില്ല. മുൻഗണനാപട്ടികയിലുള്ള മുഴുവൻ അംഗങ്ങളുടെയും മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് കത്ത് നൽകും. മുൻഗണനാ കാർഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് പൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന ഒഴിവിലേയ്ക്ക് അർഹരായവരെ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിർദേശങ്ങളെ കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത്. നാല് വയസു വരെയുള്ള കുട്ടികൾക്കായി പിൻ സീറ്റിൽ പ്രത്യേക സീറ്റ് ഒരുക്കണമെന്നതിനൊപ്പം നാലു മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനയാത്രയ്ക്ക് ഹെൽമറ്റും നിർബന്ധമാക്കിയിട്ടുണ്ട്.

കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നാലു വയസിൽ താഴെയുള്ള കുട്ടികൾ കാറുകളുടെ പിൻസീറ്റിൽ പ്രായത്തിന് അനുസരിച്ച് ബെൽറ്റ് ഉൾപ്പെടെയുള്ള പ്രത്യേക ഇരിപ്പിടം ഉറപ്പാക്കാൻ നിർദേശിച്ചിരിക്കുന്നത്. നാല് മുതൽ 14 വയസ് വരെയുള്ള 135 സെന്റി മീറ്ററിൽ താഴെ ഉയരവുമുള്ള കുട്ടികൾ കാറിന്റെ പിൻസീറ്റിൽ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ധരിച്ചു വേണം ഇരിക്കേണ്ടത്. സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവർ ഉറപ്പാക്കുകയും വേണമെന്നും നിർദ്ദേശമുണ്ട്.

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പൊലീസ്, ജില്ലാ ഭരണകൂടം എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടയെന്നും മന്ത്രി വിശദമാക്കി.

ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ പ്രതിദിന എണ്ണം 80,000-ന് മുകളിൽ പോകാതെ ക്രമീകരിക്കേണ്ടത് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. ഇതിനായി വെർച്വൽ ക്യൂ ബുക്കിംഗ് മാത്രം മതിയോ എന്നും സ്‌പോട്ട് ബുക്കിംഗ് അനുവദിക്കേണ്ടതുണ്ടോ എന്നും യോഗം വിശദമായി ചർച്ച ചെയ്യുകയുണ്ടായി. സ്‌പോട്ട് ബുക്കിംഗ് ഏർപ്പെടുത്തിയാൽ പ്രതിദിന തീർത്ഥാടകരുടെ എണ്ണം 80,000 കവിഞ്ഞുപോകുന്നതാണ് മുൻകാലങ്ങളിൽ കാണുന്നത്. തിരക്ക് വർധിക്കുന്നത് തീർത്ഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും തിരിക്ക് നിയന്ത്രിക്കുന്നതിനും മറ്റ് മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതിനും പ്രതികൂലമായി ബാധിക്കുമെന്നും സുഗമമായ തീർത്ഥാടനത്തിന് തടസ്സം വരുത്തുമെന്നും യോഗം വിലയിരുത്തി. അതുകൊണ്ടു തന്നെ 2024-25 ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് വെർച്വൽ ക്യൂ ബുക്കിംഗ് വഴിമാത്രം തീർത്ഥാടകരെ അനുവദിക്കുന്നതാണ് സുഗമമായ തീർത്ഥാടനത്തിന് ഉചിതമെന്ന് വിലയിരുത്തി തീരുമാനമെടുത്തെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തീർത്ഥാടനകാലത്ത് ആദ്യഘട്ടത്തിൽ വെർച്ച്വൽ ക്യൂ വഴി 90000 പേർക്കും സ്‌പോട്ട് ബുക്കിങ്ങിൽ 10000 പേർക്ക് പ്രവേശനം നൽകിയിരുന്നു. രണ്ടാം ഘട്ടത്തിൽ 80000 വും 10000 വുമായി നിജപ്പെടുത്തി മൂന്നാം ഘട്ടത്തിൽ ഇത് 70000 വും 10000 മായി കുറച്ചിരുന്നു. ഈ അനുഭവംകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നടപടിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കശ്മീരിൽ തട്ടിക്കൊണ്ടുപോയ ജവാനെ ഭീകരർ കൊലപ്പെടുത്തി. തെക്കൻ കശ്മീരിലെ അനന്തനാഗിലാണ് സംഭവം. ജവാന്റെ മൃതദേഹം കണ്ടെത്തി. കൊക്കർ നാഗിലെ വന മേഖലയിൽ നിന്നാണ് ജവാന്റെ മൃതദേഹം കണ്ടെത്തിയത്.

ടെറിട്ടോറിൽ ആർമിയിലെ ജവാൻ ഹിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. നൌഗാം സ്വദേശിയാണ് അദ്ദേഹം. വെടിയേറ്റ നിലയിലാണ് ജവാന്റെ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് അനന്തനാഗിൽ നിന്ന് ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ജവാന്റെ കൊലപാതകത്തിന്റെ ഏറ്റെടുത്ത് നിരോധിതസംഘടനയായ ടിആർഎഫ് രംഗത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ ഇന്നും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് സഭയിൽ എത്താത്തതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. പനിയെ തുടർന്ന് മുഖ്യമന്ത്രിക്ക് ഡോക്ടർമാർ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമാക്കി.

ഇന്നലെ അടിയന്തര പ്രമേയ ചർച്ചയിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് മുഖ്യമന്ത്രി വിട്ടുനിന്നത്. ഡോക്ടർമാർ മുഖ്യമന്ത്രിയ്ക്ക് വോയ്‌സ് റസ്റ്റ് നിർദ്ദേശിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, നിയമസഭയിൽ പ്രത്യേക സീറ്റ് അനുവദിച്ചതോടെ പിവി അൻവർ എംഎൽഎ ഇന്ന് നിയമസഭയിലെത്തി. പ്രതിപക്ഷ നിരയോട് ചേർന്ന് നാലാം നിരയിലാണ് അൻവറിന് ഇരിപ്പിടം നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: നിങ്ങളുടെ പേരിൽ വന്ന പാഴ്സൽ ലഭിക്കാനായി വിലാസം അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്റെ പേരിൽ വ്യാജസന്ദേശം ലഭിക്കുമെന്ന് മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങൾ, എസ്.എം.എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.

നിങ്ങളുടെ പാഴ്സൽ വെയർഹൗസിൽ എത്തിയിട്ടുണ്ട്. പാഴ്സൽ നിങ്ങളിലെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചു. എന്നാൽ വിലാസം തെറ്റായതിനാൽ പാഴ്സൽ കൈമാറാനായില്ല. അതിനാൽ 12 മണിക്കൂറിനകം വിലാസം അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ പാഴ്‌സൽ തിരിച്ചയയ്‌ക്കേണ്ടിവരും. വിലാസം അപ്‌ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക’ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റൽ വകുപ്പിന്റെ പേരിലുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്.

ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തപാൽ വകുപ്പിന്റേതിനു സമാനമായ വെബ്‌സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകാനുള്ള പേജ് ദൃശ്യമാകുന്നു. പാഴ്സൽ ലഭിക്കുന്നതിനായി 25 രൂപ നൽകാൻ നിങ്ങളോട് തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. പണം അയയ്ക്കാനായി നൽകുന്ന ബാങ്ക് ലോഗിൻ വിവരങ്ങൾ ലഭിക്കുന്നത് തട്ടിപ്പുകാർക്കായിരിക്കും. ഇതുപയോഗിച്ച് തട്ടിപ്പുകാർ ബാങ്കിന്റെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുകയും നിങ്ങളുടെ അക്കൌണ്ടിലെ തുക പിൻവലിക്കുകയും ചെയ്യുന്നു.

തപാൽ വകുപ്പ് വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ട് ഇത്തരത്തിൽ ആർക്കും സന്ദേശങ്ങൾ അയയ്ക്കാറില്ല. ഇത്തരം വ്യാജലിങ്കുകൾ വ്യക്തിവിവരങ്ങൾ ചോർത്താനും അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാനും കാരണമാകും.

ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പോലീസ് അറിയിച്ചു.