General (Page 90)

കൊച്ചി: ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ കേസിലെ റിപ്പോർട്ടിലാണ് സിനിമാ താരങ്ങളുടെ പേര് ഉൾപ്പെട്ടിരിക്കുന്നത്. നടി പ്രയാഗ മാർട്ടിനും നടൻ ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. ലഹരി വിൽപ്പന നടന്നുവെന്ന് കരുതുന്ന ഓം പ്രകാശിന്റെ മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവൻ സ്റ്റാർ ഹോട്ടലിൽ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. താരങ്ങളെന്തിനെത്തി എന്ന് അറിയാൻ പ്രതികളായ ഷിഹാസിനെയും ഓം പ്രകാശിനെയും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാർ. നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെ മീഡിയ റൂമിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മന്ത്രിമാരായ പി രാജീവും എം ബി രാജേഷും പ്രതിപക്ഷത്തിനെതിരെ വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമർശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

പ്രതിപക്ഷം സ്പീക്കറെ അധിക്ഷേപിച്ചു. അടിയന്തര പ്രമേയം ചർച്ചക്ക് എടുത്തതോടെ പ്രതിപക്ഷം പരിഭ്രാന്തരായി. വിഷയം ചർച്ച ചെയ്താൽ കാപട്യം തുറന്നു കാട്ടപ്പെടും എന്നുള്ളതാണ് പ്രതിപക്ഷത്തിനു പ്രശ്നമായതെന്നും അദ്ദേഹം വിമർശിച്ചു. അടിയന്തിര പ്രമേയം ചർച്ചയ്ക്ക് എടുത്തപ്പോൾ സഭയിൽ നിന്ന് ഒളിച്ചോടിയെന്ന് എം ബി രാജേഷ് അറിയിച്ചു.

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.

തിരുവനന്തപുരം: കേരളത്തിൽ പ്രതിദിനം 25 ലക്ഷം മെട്രിക് ടൺ പാൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ക്ഷീരമേഖല നൽകുന്നത് മഹത്തായ സംഭാവനയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷീരസംഘങ്ങൾക്കുള്ള ഏകീകൃത സോഫ്റ്റ് വെയർ ക്ഷീരശ്രീ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ പാലുത്പാദനം ക്രമാനുഗതമായി വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചെറുകിട കർഷകർക്കൊപ്പം വ്യാവസായികാടിസ്ഥാനത്തിൽ പശുവളർത്തൽ നടത്തുന്ന വലിയ ഫാമുകളും ഇന്ന് കേരളത്തിലുണ്ട്. ക്ഷീരമേഖല സ്വയംപര്യാപ്തത കൈവരിക്കാൻ ശ്രമിക്കുന്ന ഘട്ടത്തിൽ ഇത് വലിയ പ്രാധാന്യം അർഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കർഷകർക്ക് പാലിന്റെ അളവും ഗുണനിലവാരവും അടിസ്ഥാനമാക്കി കൃത്യമായ വില ഉറപ്പാക്കാൻ ക്ഷീരശ്രീ പോർട്ടലിലൂടെ സാധിക്കും. കാലിത്തീറ്റ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഇടം കൂടിയായി ഇത് പ്രവർത്തിക്കും. ക്ഷീരഗ്രാമം, മിൽക്ക്‌ഷെഡ് വികസന പദ്ധതി, പുൽക്കൃഷി പദ്ധതി എന്നിവയും ക്ഷീരശ്രീ വഴി നടപ്പാക്കും. ക്ഷീരകർഷകരെ സഹായിക്കുന്നതിന് ഇത്തരത്തിലുള്ള പോർട്ടൽ രാജ്യത്ത് ആദ്യമായാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ക്ഷീരശ്രീ പോർട്ടലിലൂടെ പാൽസംഭരണത്തിൽ സുതാര്യത ഉറപ്പ്വരുത്താൻ കഴിയുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മിൽമയുടെ പുതിയ ഉത്പന്നങ്ങളായ കാഷ്യുവിറ്റ പൗഡർ, ടെണ്ടർ കോക്കനട്ട് വാട്ടർ എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. ക്ഷീരശ്രീ പോർട്ടലിന്റെ ഹ്രസ്വവീഡിയോ മന്ത്രി പ്രകാശനം ചെയ്തു. വി. കെ. പ്രശാന്ത് എം. എൽ. എ അധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ കെ. എസ്. മണി, ക്ഷീരവികസന ക്ഷേമനിധി ബോർഡ് ചെയർമാൻ വി. പി. ഉണ്ണികൃഷ്ണൻ, കേരള കാഷ്യു ഡെവലപ്‌മെന്റ് കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, മിൽമ മേഖല യൂണിയൻ ചെയർമാൻമാരായ മണി വിശ്വനാഥ്, എം. ടി. ജയൻ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ്ങ് മാത്രം അനുവദിക്കാൻ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.
വെർച്ച്വൽ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കും.  തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നാൽ അതിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. നിലക്കലിലും എരുമേലിയിലും പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാർക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികൾ ഉടൻ പൂർത്തിയാക്കും. വിശുദ്ധി സേനാംഗങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂർത്തിയാക്കും. പ്രണവം ഗസ്റ്റ് ഹൗസിൻറെ അറ്റകുറ്റപ്പണി പൂർത്തിയായിട്ടുണ്ട്.
യോഗത്തിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവ് ഷെയ്ഖ് ദർവേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡൻറ്  പി എസ് പ്രശാന്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെയും തുടർന്നുള്ള വിദ്യാകിരണം പദ്ധതിയിലൂടെയും കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തെ സ്‌കൂളുകളിൽ നിർമിച്ച പുതിയ ഹൈടെക് കെട്ടിട സമുച്ചയങ്ങളുടെയും സ്മാർട്ട് ക്ലാസുകളുടെയും ഉദ്ഘാടനം ശ്രീകാര്യം ജി എച്ച് എസിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

2022 ൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിൽ 60 ലക്ഷത്തോളം കുട്ടികളാണ് സ്‌കൂൾവിദ്യാഭ്യാസം നടത്തേണ്ട പ്രായത്തിലുള്ളത്. അതിൽ 45 ലക്ഷത്തോളം കുട്ടികൾ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നവരാണ്. അതായത്, 80 ശതമാനത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ ഈ വമ്പിച്ച പങ്കാളിത്തം നമ്മുടെ വിദ്യാഭ്യാസ മാതൃകയുടെ ഉന്നത നിലവാരത്തിന്റെ ദൃഷ്ടാന്തമാണ്.
10.51 കോടി രൂപ ചെലവഴിച്ചാണ് നിലവിൽ പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെയും നവകേരളം കർമ്മ പദ്ധതി II വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാൻഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ്  പുതിയതായി 30 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

3 കോടി കിഫ്ബി ധനസഹായത്തോടെ 8 സ്‌കൂൾ കെട്ടിടങ്ങളും 1 കോടി കിഫ്ബി ധനസഹായത്തോടെ 12 സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തി 10 സ്‌കൂൾ കെട്ടിടങ്ങളുമാണ് നിർമിച്ചത്. 12 പുതിയ സ്‌കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുകയും ചെയ്തു. 8 വർഷം മുമ്പുള്ള അവസ്ഥയല്ല പൊതുവിദ്യാലയങ്ങൾക്ക് ഇന്നുള്ളത്.
പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തി എല്ലാ വിഭാഗം വിദ്യാർഥികൾക്കും പഠന സൗകര്യമൊര്യക്കി. സ്വകാര്യ വിദ്യാലയങ്ങളുടെ ഉയർന്ന ഫീസും വിദ്യാഭ്യാസ ചെലവും സാധാരണക്കാരന് അപ്രാപ്യമാണെന്ന തിരിച്ചറിവിലാണ് സംസ്ഥാന സർക്കാർ നിലപാട് സ്വീകരിച്ചത്. രാജ്യത്താകമാനം സാർവത്രിക വിദ്യാഭ്യാസം ലഭ്യമാണെങ്കിലും അത് പൂർണമായ അർത്ഥത്തിൽ നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്.
ഇത്തവണത്തെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഇതിനോടകം പട്ടയ വിതരണവും റോഡുകളുടെ ഉദ്ഘാടനവും ഒക്കെ നടന്നിട്ടുണ്ട്. 456 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തി. 37 സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയ്യപ്പെടാനുണ്ട്. ലൈഫ് മിഷനിലൂടെ നിർമ്മിച്ച 10,000 വീടുകൾ കൈമാറാനുണ്ട്. ഇത്തരത്തിൽ വികസനവും ക്ഷേമവും ഉറപ്പുവരുത്തുന്ന നിരവധി ഇടപെടലുകളാണ് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നടത്തുന്നത്.
കേരളത്തിലാകെ 973 സ്‌കൂൾ കെട്ടിടങ്ങളാണ് കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്നത്. 2,500 കോടിയോളം രൂപയാണ് അതിനായി ചെലവഴിക്കുന്നത്. 508 കെട്ടിടങ്ങൾ ഇതുവരെ പൂർത്തിയായി. പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഏതാണ്ട് 4,500 കോടിയോളം രൂപ കഴിഞ്ഞ എട്ട് വർഷംകൊണ്ട് ചെലവഴിച്ചിട്ടുണ്ട്. കേരളത്തിലെമ്പാടും ഉള്ള പൊതുവിദ്യാലയങ്ങളിൽ ഇതു വഴിയുണ്ടാകുന്ന മാറ്റങ്ങൾ ദൃശ്യമാണ്.
സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനം മാത്രം സാധ്യമാക്കിയാൽ പോരാ ലോക വൈജ്ഞാനിക ശൃംഖലയുടെ ഭാഗമാകാൻ കഴിയുന്ന വിധത്തിൽ നമ്മുടെ വിദ്യാർത്ഥികളെ പ്രാപ്തരാക്കേണ്ടതുണ്ട്. അതിനുതകുന്ന വിധത്തിൽ കുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കടകപള്ളി സുരേന്ദ്രൻ എം എൽ എ സ്വാഗതമാശംസിച്ചു. എ എ റഹീം എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്, കൈറ്റ് സിഇ ഒ അൻവർ സാദത്ത്, എസ് സി ഇ ആർ ടി ഡയറക്ടർ ജയപ്രകാശ് ആർകെ എന്നിവർ സംബന്ധിച്ചു.

തിരുവനന്തപുരം: നാലു കോടി രൂപ തട്ടിയെടുത്ത പ്രതികളെ രാജസ്ഥാനില്‍ നിന്ന് സാഹസികമായി പിടികൂടി കോഴിക്കോട് സിറ്റി സൈബര്‍ പോലീസ്.

സൈബര്‍ തട്ടിപ്പ് വഴി കോഴിക്കോട് സ്വദേശിയുടെ 4,08,80,457 രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയെയും കൂട്ടാളിയെയും രാജസ്ഥാനിലെ ബഡി സാദ്രിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

ദാനധര്‍മങ്ങള്‍ നടത്തിയിരുന്ന പരാതിക്കാരനെ സഹായ അഭ്യര്‍ത്ഥനയുമായാണ് പ്രതി ആദ്യമായി ബന്ധപ്പെടുന്നത്. കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയില്‍ ആണെന്നും ഭാര്യയ്ക്ക് അസുഖം ബാധിച്ചതിനാല്‍ ശസ്ത്രക്രിയ നടത്തുന്നതിനായി വലിയൊരു തുക വേണ്ടിവരുമെന്നും തട്ടിപ്പുകാരന്‍ പറഞ്ഞു. സഹതാപം പിടിച്ചുപറ്റിയ തട്ടിപ്പുകാരന് പരാതിക്കാരന്‍ പലപ്പോഴായി പണം നല്‍കി സഹായിക്കുകയും ചെയ്തു.

പണം തിരികെ ചോദിച്ചപ്പോള്‍ പ്രതിയുടെ കുടുംബസ്വത്ത് വിറ്റ് പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞു. ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ തന്‍റെ കൈവശമുള്ള കുടുംബസ്വത്ത് ബന്ധുക്കള്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടില്‍ സാമുദായിക കലാപത്തിനുവരെ കാരണമായെന്നും ഒരാള്‍ കൊല്ലപ്പെട്ടെന്നും അയാള്‍ പറഞ്ഞു. തന്‍റെ സഹോദരി ആത്മഹത്യ ചെയ്തതെന്നും ഇതിനെല്ലാം കാരണക്കാരന്‍ പരാതിക്കാരനാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. രാജസ്ഥാന്‍ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പോലീസ് ചമഞ്ഞ് പരാതിക്കാരനെ വിളിച്ചും ഭീഷണിപ്പെടുത്തി. പണം നല്‍കിയില്ലെങ്കില്‍ സാമുദായിക കലാപത്തിനും കൊലക്കുറ്റത്തിനും ഉള്‍പ്പെടെ കേസെടുക്കുമെന്നു പറഞ്ഞ് പരാതിക്കാരനില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിപ്പുകാര്‍ കൈക്കലാക്കി. പരാതിക്കാരന്‍ തട്ടിപ്പുകാരുടെ വലയില്‍ വീണ് ഏറെനാള്‍ പണം കൊടുത്തുകൊണ്ടേയിരുന്നു എന്നത് മനസ്സിലാക്കിയ അയാളുടെ മകന്‍ കോഴിക്കോട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

പോലീസ് അന്വേഷണത്തില്‍ പ്രതികള്‍ രാജസ്ഥാന്‍ സ്വദേശികളാണെന്ന് മനസ്സിലായി. മുഖ്യപ്രതി രാജസ്ഥാനിലെ ചിറ്റോര്‍ഘട്ട് ജില്ലയിലെ ബഡി സാദ്രി സ്വദേശിയായ സുനില്‍ ദംഗിയാണ് സഹായം അഭ്യര്‍ത്ഥിച്ച് പരാതിക്കാരനെ ബന്ധപ്പെട്ടത്. അയാളുടെ സഹായിയായ രണ്ടാം പ്രതി ശീതള്‍ കുമാറിന്‍റെ അക്കൗണ്ടിലേയ്ക്കും പണം അയച്ചുനൽകിയിരുന്നു. വാട്ട്സാപ്പ് സന്ദേശങ്ങള്‍ക്കായി ഉപയോഗിച്ച ഫോണ്‍ വഴിയാണ് ഇവരെ കണ്ടെത്തിയത്. പണം പല തവണകളായി വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് അയച്ചുനല്‍കിയിരുന്നത്.

കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കെ. പവിത്രന്‍റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ അങ്കിത് സിംഗിന്‍റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പോലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് കെ. ആര്‍, എസ് ഐമാരായ ജിതേഷ് കൊള്ളങ്ങോട്ട്, രാജേഷ് ചാലിക്കര, എസ്.സി.പി.ഒ നൗഫല്‍ കെ.എം, ഫെബിന്‍ കെ.ആര്‍ എന്നിവരടങ്ങിയ അന്വേഷണസംഘം ഒക്ടോബര്‍ ഒന്നിന് രാജസ്ഥനിലെത്തി രണ്ട് പ്രതികളെയും തന്ത്രപരമായി പിടികൂടി. തട്ടിപ്പിനായി ഉപയോഗിച്ച ഫോണും അക്കൗണ്ട് രേഖകളും പൊലീസ് കണ്ടെത്തി. പണം തിരികെ ലഭിക്കാനുള്ള നടപടികള്‍ തുടരുന്നുവെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കട്ടിൻ്റെ സുരക്ഷ ജോലിക്കായുള്ള കേരളത്തിലെ പൊലീസുകാർക്ക് പോകാൻ പുതിയ ബോട്ടെത്തി. 39 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബോട്ട് വാങ്ങി തേക്കടിയിലെത്തിച്ചത്.

തേക്കടിയിൽ നിന്നും ബോട്ട് മാ‍ർഗ്ഗവും വള്ളക്കടവ് വഴി ജീപ്പിലുമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെത്താൻ കഴിയുക. സുരക്ഷ പ്രശ്നങ്ങളെ തുടർന്ന് 2008 ലാണ് പൊലീസിനായി ബോട്ട് വാങ്ങിയത്.

20 പേർക്ക് സഞ്ചരിക്കാൻ കഴിയുമായിരുന്ന ബോട്ടിൽ കാലപ്പഴക്കം മൂലം ഇപ്പോൾ 6 പേർക്ക് മാത്രമേ സഞ്ചരിക്കാൻ കഴിയൂ. കൂടുതൽ പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന പുതിയ ബോട്ട് വേണമെന്നത് വ‌‍ർഷങ്ങളായുള്ള ആവശ്യമാണ്. ഇതേ തുടര്‍ന്നാണ് പുതിയ ബോട്ടിനായി സര്‍ക്കാര്‍ പണം അനുവദിച്ചത്.

ഇടുക്കി ജില്ല പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് തേക്കടിയിൽ വച്ച് പുതിയ ബോട്ട് ഫ്ലാഗ് ഓഫ് ചെയ്തു.

അണക്കെട്ടിൻ്റെ സുരക്ഷക്കായി കേന്ദ്ര സേനയെ നിയോഗിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുല്ലപ്പെരിയാറിൽ സംസ്ഥാന സർക്കാർ പൊലീസ് സ്റ്റേഷൻ തുടങ്ങിയത്. ഒരു ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ 126 പേരെയാണ് ആദ്യഘട്ടത്തിൽ നിയോഗിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്കാണ് സാധ്യത.

നിലവിൽ തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 09 വരെ ശക്തമായ മഴയ്ക്കും സാധ്യത.

കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത 4 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം അനുസരിച്ച് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ സെപ്റ്റംബർ 29 ന് രാത്രിയിൽ ദീർഘനേരം വൈദ്യുതി തടസം ഉണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഡി.എസ്.ശ്യാംകുമാറിനെതിരെയാണ് നടപടി ഉണ്ടായത്.

ശ്യാംകുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് ഉത്തരവായി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ മനപൂർവമായ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീഴ്ച സംബന്ധിച്ച് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് കെട്ടിടം വിഭാഗം ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.