വാഹന ഹോണുകളിൽ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദം സന്നിവേശിപ്പിക്കാൻ കേന്ദ്രം; പരാമർശവുമായി ഗഡ്കരി

ന്യൂഡൽഹി: വാഹന ഹോണുകളിൽ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദം സന്നിവേശിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാരെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. വാഹനങ്ങളിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിനുള്ള നടപടിയെന്ന നിലയിൽ, ശബ്ദമലിനീകരണം നിയന്ത്രിക്കുന്നത് വളരെ പ്രധാനമായതിനാൽ വിഐപി വാഹനങ്ങളിലെ സൈറണുകൾ അവസാനിപ്പിക്കാൻ പദ്ധതിയിടുന്നതായി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

പൂനെയിലെ ചാന്ദ്നി ചൗക്കിലെ മൾട്ടി ലെവൽ മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് ഗഡ്കരി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. വിഐപി വാഹനങ്ങളിലെ ചുവന്ന ബീക്കൺ ലൈറ്റ് (അവസാനിപ്പിക്കാൻ തനിക്ക് അവസരം ലഭിച്ചെന്നും ഇപ്പോൾ, വിഐപി വാഹനങ്ങളിലെ സൈറണുകൾ കൂടി അവസാനിപ്പിക്കാൻ താൻ ആലോചിക്കുന്നുവെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. ഹോണുകളുടെയും സൈറണുകളുടെയും ശബ്ദത്തിന് പകരം ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശാന്തമായ സംഗീതം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘സൈറൺ നാദത്തിന് പകരം ബസുരി (പുല്ലാങ്കുഴൽ), തബല, ശംഖ് തുടങ്ങിവയുടെ ശബ്ദം കൊണ്ടുവരുന്ന ഒരു നയമാണ് താൻ ഉണ്ടാക്കുന്നത്. ആളുകൾ ശബ്ദമലിനീകരണത്തിൽ നിന്ന് മോചിതരാകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.