നാല് സിആർപിഎഫ് ജവാൻമാർക്ക് കീർത്തിചക്ര പുരസ്‌കാരം; 11 പേർക്ക് ശൗര്യചക്ര

ന്യൂഡൽഹി: നാല് സിആർപിഎഫ് ജവാൻമാർക്ക് കീർത്തിചക്ര പുരസ്‌കാരം. ഛത്തീസ്ഗഡിലെ ബിജാപുരിൽ 2021 ഏപ്രിൽ മാസം നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇൻസ്‌പെക്ടർ ദിലീപ് കുമാർ ദാസ്, ഹെഡ് കോൺസ്റ്റബിൾ രാജ്കുമാർ യാദവ്, കോൺസ്റ്റബിൾമാരായ ബബ്ലു രാഭ, ശംഭു റോയ് എന്നിവർക്കാണ് മരണാനന്തര ബഹുമതിയായി പുരസ്‌കാരം ലഭിക്കുന്നത്.

അതേസമയം, കരസേനാംഗങ്ങളായ 9 പേരടക്കം 11 പേർക്ക് ശൗര്യചക്ര പ്രഖ്യാപിച്ചു. ഇതിൽ 4 പേർക്കുള്ളത് മരണാനന്തര പുരസ്‌കാരമാണ്.

ധീരതയ്ക്കുള്ള സേനാ മെഡൽ പാരഷൂട്ട് റെജിമെന്റിലെ മേജർ എ രഞ്ജിത് കുമാറിനും ധീരതയ്ക്കുള്ള വായുസേനാ മെഡൽ സ്‌ക്വാഡ്രൻ ലീഡർ ജി എൽ വിനീതിനും ലഭിച്ചു. കശ്മീരിൽ ഭീകരർക്കെതിരായ പോരാട്ട മികവിന് ലഫ്.കേണൽ ജിമ്മി തോമസ് പ്രത്യേക പരാമർശത്തിന് അർഹനായി.