ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നത്.
ഭാരതമാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണ്. രാജ്യത്തെ എല്ലാ പൗരന്മാർക്കും സന്തോഷത്തോടെയുള്ള സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. വീട് എന്ന് താൻ വിളിക്കുന്ന ഭൂമിയിൽ കഴിഞ്ഞ വർഷം 145 ദിവസം നടന്നു കൊണ്ട് ചിലവഴിച്ചു. സമുദ്രതീരത്തുനിന്ന് ആരംഭിച്ച യാത്ര വെയിലും മഴയും പൊടിപടലങ്ങളുമേറ്റ് കാടുകളും നഗരങ്ങളും കുന്നുകളും താണ്ടി ഞാൻ ഏറെ സ്‌നേഹിക്കുന്ന കശ്മീരിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത് ജോഡോ യാത്ര തുടങ്ങി ഏതാനും ദിവസങ്ങൾക്കകം തന്നെ തനിക്ക് വേദനയും തുടങ്ങി. ഫിസിയോതെറാപ്പി ഒഴിവാക്കിയതോടെ തന്റെ കാൽമുട്ടിന്റെ വേദന തിരികെ വന്നു. ഏതാനും ദിവസത്തെ നടത്തത്തിനുശേഷം തന്റെ ഫിസിയോ തങ്ങൾക്കൊപ്പം യാത്രയിൽ പങ്കാളിയായി. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിച്ചെങ്കിലും വേദന പൂർണമായും കുറഞ്ഞില്ല. പിന്നീടാണ് താൻ ഒരു കാര്യം ശ്രദ്ധിച്ചത്. യാത്ര ഉപേക്ഷിക്കാമെന്ന് കരുതുമ്പോഴെല്ലാം അത് തുടരാനുള്ള ഊർജം തനിക്ക് എവിടെ നിന്നെങ്കിലും ലഭിക്കും. യാത്ര തുടർന്നു. കൂടുതൽ ആളുകൾ ഈ യാത്രയിൽ പങ്കാളികളാകുന്നതായി താൻ കണ്ടുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

