ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. മഹത്തായ ഒരു ജനാധിപത്യത്തിന്റെ ഭാഗമാണ് നാം എന്ന വസ്തുതയാണു സ്വാതന്ത്ര്യദിനത്തിൽ നാം ആഘോഷിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. നമുക്കേവർക്കും നിരവധി സ്വത്വങ്ങളുണ്ടാകാം. ജാതി, മതം, ഭാഷ, പ്രദേശം എന്നിവയ്ക്ക് പുറമെ, നമ്മുടെ കുടുംബം, തൊഴിൽ മേഖല തുടങ്ങിയവയുടെ പേരിലെല്ലാം നാം തിരിച്ചറിയപ്പെടുന്നു. എന്നാൽ അതിനെല്ലാം മുകളിലായി ഒന്നുണ്ട്. ഇന്ത്യൻ പൗരന്മാരെന്ന നമ്മുടെ സ്വത്വം. നാമോരോരുത്തരും തുല്യ അവകാശങ്ങളുള്ള പൗരൻമാരാണ്. ഈ മണ്ണിൽ തുല്യമായ അവസരം, അവകാശം, ഉത്തരവാദിത്തം എന്നിവയുള്ള പൗരൻമാരാണ് നാമെല്ലാമെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യദിനത്തിന്റെ ഈ പൂർവസന്ധ്യയിൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ പ്രശസ്തരും അപ്രശസ്തരുമായ എല്ലാ സ്വാതന്ത്ര്യ സമരസേനാനികൾക്കും, തന്റെ സഹപൗരൻമാർക്കൊപ്പം ചേർന്ന് താൻ ശ്രദ്ധാഞ്ജലി അർപ്പിക്കുകയാണ്. അവരുടെ ത്യാഗങ്ങളാണ് ഇന്ന് ഇന്ത്യക്ക് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ അർഹമായ സ്ഥാനം നേടിക്കൊടുത്തത്. മാതംഗിനി ഹസ്ര, കനകലത ബറുവ തുടങ്ങിയ വിശ്രുതരായ വനിതാ സ്വാതന്ത്ര്യസമര സേനാനികൾ ഭാരതമാതാവിനു വേണ്ടി അവരുടെ ജീവൻ പോലും ബലിയർപ്പിച്ചു. സത്യഗ്രഹത്തിന്റെ ദുഷ്‌കരമായ പാതയിലെ ഓരോ ചുവടിലും കസ്തൂർബ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്കൊപ്പം നിലകൊണ്ട് പിന്തുണയേകി.
സരോജിനി നായിഡു, അമ്മു സ്വാമിനാഥൻ, രമാദേവി, അരുണ ആസഫ് അലി, സുചേത കൃപലാനി തുടങ്ങിയ ഉൽക്കൃഷ്ടരായ നിരവധി വനിതാ നേതാക്കൾ ഭാവി തലമുറയിലെ എല്ലാ സ്ത്രീകൾക്കും ആത്മവിശ്വാസത്തോടെ രാജ്യത്തിനും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കാൻ പ്രചോദനാത്മകമായ ആദർശങ്ങൾ കാഴ്ചവെച്ചു. ഇന്ന്, വികസനത്തിലും രാഷ്ട്രസേവനത്തിലും സ്ത്രീകൾ വിപുലമായ സംഭാവനകൾ നൽകുകയും രാജ്യത്തിന്റെ അഭിമാനം ഉയർത്തുകയും ചെയ്യുന്നതു നാം കാണുന്നു. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് തങ്ങളുടെ പങ്കാളിത്തം സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അനേകം മേഖലകളിൽ ഇന്ന് നമ്മുടെ രാജ്യത്തെ സ്ത്രീകൾ അവരുടേതായ സവിശേഷ സ്ഥാനം നേടിയെടുത്തിട്ടുണ്ടെന്ന് ദ്രൗപതി മുർമു അഭിപ്രായപ്പെട്ടു.
നമ്മുടെ രാജ്യത്തു സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനു പ്രത്യേക ഊന്നൽ നൽകുന്നു എന്നതിൽ തനിക്കു സന്തോഷമുണ്ട്. സാമ്പത്തിക ശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ പദവിക്ക് കരുത്തേകുന്നു. സ്ത്രീശാക്തീകരണത്തിനു മുൻഗണന നൽകണമെന്നു ഞാൻ എല്ലാ പൗരന്മാരോടും അഭ്യർഥിക്കുന്നു. നമ്മുടെ സഹോദരിമാരും പെൺമക്കളും വെല്ലുവിളികളെ ധൈര്യത്തോടെ അതിജീവിച്ചു ജീവിതത്തിൽ മുന്നേറണമെന്നു താൻ ആഗ്രഹിക്കുന്നു. സ്ത്രീകളുടെ വികസനം നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ആദർശങ്ങളിലൊന്നായിരുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

