ഹിമാചൽപ്രദേശിൽ മിന്നൽ പ്രളയം; 51 പേർക്ക് ജീവൻ നഷ്ടമായി

ഷിംല: ഹിമാചൽപ്രദേശിൽ മിന്നൽ പ്രളയം. 51 പേരാണ് ഹിമാചൽ പ്രദേശിലെ പ്രളയത്തിൽ മരണപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലും തിങ്കളാഴ്ച അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിമാചലിലും ഉത്തരാഖണ്ഡിലും ഓഗസ്റ്റ് 18 വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഹിമാചലിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുകയാണ്.

ഷിംലയിലെ ദുരന്തങ്ങളിൽ മാത്രം 14 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് ഏഴുപേരും മരണപ്പെട്ടു. വിശുദ്ധമാസമായ സവാനിലെ ചടങ്ങുകൾക്കായി ഭക്തജനത്തിരക്കുള്ളപ്പോഴാണ് ക്ഷേത്രകെട്ടിടം തകർന്നത്. സോളൻ ജില്ലയിൽ ഞായറാഴ്ച രാത്രിയുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ഏഴുപേർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.