General (Page 194)

തൃശൂർ: തൃശൂരിലും പാലക്കാടും ഭൂചലനം. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 8.15ഓടെയായിരുന്നു സംഭവം. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിച്ചത്.

ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട് പതിമൂന്നാം വാർഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എവിടെയാണെന്ന കാര്യം വ്യക്തമായിട്ടില്ല. വേലൂർ, മുണ്ടൂർ, എരുമപ്പെട്ടി കരിയന്നൂർ, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പ്രകമ്പനം മൂന്ന് മുതൽ നാല് സെക്കന്റ് വരെ നീണ്ടു നിന്നു.

ഭൂചലനം അനുഭവപ്പെട്ട ചില വീടുകളിൽ അടുക്കളയിലെ പാത്രങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പടെ താഴെ വീണു. ചിലർ ഭൂചലനം അനുഭവപ്പെട്ടപ്പോൾ വീടിന് പുറത്തേക്കിറങ്ങിയോടി. അതേസമയം, ഭൂചലനം ഉണ്ടായ മേഖലകളിൽ ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്താൻ ജില്ലാ ഭരണകൂടം നിർദ്ദേിച്ചു. തഹസിൽദാരുടെയും ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

തിരുവനന്തപുരം: ജാതി അധിക്ഷേപ കേസിൽ കോടതിയിൽ കീഴടങ്ങി നർത്തകി സത്യഭാമ. നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിലാണ് സത്യഭാമ കീഴടങ്ങിയത്.

സത്യഭാമ നെടുമങ്ങാട് കോടതിയിൽ എത്തി കീഴടങ്ങുകയായിരുന്നു. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സത്യഭാമ കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

നെടുമങ്ങാട് എസ്‌സി എസ്ടി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തു. അഡ്വക്കേറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയിൽ എത്തിയത്. യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി. പട്ടികജാതി -പട്ടികവർഗ അതിക്രമം തടയൽ നിയമം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് ആർഎൽവി രാമകൃഷ്ണൻ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

ന്യൂഡൽഹി: സുനിത കേജ്രിവാളിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഉൾപ്പെട്ട കോടതി നടപടികളുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വിഡിയോ അടങ്ങുന്ന പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് എക്‌സ്, യുട്യൂബ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമ കമ്പനികളോടും കോടതി നിർദ്ദേശിച്ചു.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുന്നത് ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഇഡി അറസ്റ്റു ചെയ്ത കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കിയ സമയത്തെ വിഡിയോയാണ്. സുനിത കെജ്രിവാളും ഈ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. കോടതിയുടെ വിഡിയോ കോൺഫൻസ് നിയമങ്ങൾ ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വൈഭവ് സിങ് ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിക്കവെയാണ് എത്രയും വേഗം വിഡിയോ നീക്കം ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചത്.

ന്യഡൽഹി: ജൂലൈ 22 ന് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നടന്നേക്കുമെന്ന് റിപ്പോർട്ട്. തുടർച്ചയായി ഇത് ഏഴാം തവണയാണ് ധനകാര്യമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. 2024-25 വർഷത്തേക്കുള്ള സമ്പൂർണ ബജറ്റായിരിക്കും ധനകാര്യ മന്ത്രി അവതരിപ്പിക്കുകയെന്നാണ് വിവരം. ബജറ്റ് അവതരണത്തിന്റെ തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ കേന്ദ്ര സർക്കാർ നടത്തുമെന്നാണ് വിവരം.

ജൂലൈ 22 മുതൽ ഓഗസ്റ്റ് 9 വരെയായിരിക്കും മൺസൂൺ സമ്മേളനം നടക്കുക. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം അവസാനിക്കുന്ന ദിവസമായ ജൂലൈ മൂന്നിന് സർക്കാർ സാമ്പത്തിക സർവേ പുറത്ത് വിടുമെന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായ രണ്ടാം തവണയാണ് നിർമ്മലാ സീതാരാമൻ രാജ്യത്തിന്റെ ധനമന്ത്രിയാകുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ വ്യക്തിയാണ് നിർമ്മലാ സീതാരാമൻ.

ജെഎൻയുവിൽ നിന്ന് ബിരുദാനന്തര ബിരുദവും എംഫിലും നിർമ്മലാ സീതാരമൻ പൂർത്തിയാക്കിയിട്ടുണ്ട്. 2019ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷമാണ് ആദ്യമായി നിർമ്മലാ സീതാരാമൻ ധനമന്ത്രിയാകുന്നത്.

വാഗമൺ: ഇടുക്കിയിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്ക്ക് അരലക്ഷത്തിന്റെ വൈദ്യുതി ബില്ല് നൽകിയ സംഭവത്തിൽ ഒടുവിൽ നീതി ലഭിച്ചു. അന്നമ്മയുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചു നൽകിയിരിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് 21 ദിവസം ഈ വീട്ടിൽ ഇരുട്ടിൽ കഴിയുകയായിരുന്നു അന്നമ്മ.

വാഗമൺ വട്ടപ്പതാലിലെ ഒറ്റമുറി വീടിനു ലഭിച്ച ഭീമമായ കറന്റ് ബില്ല് അന്നമ്മയ്ക്ക് അടയ്ക്കാൻ കഴിയുമായിരുന്നില്ല. തുടർന്ന് അന്നമ്മയുടെ വീട്ടിലെ കറന്റ് കണക്ഷൻ കെഎസ്ഇബി വിച്ഛേദിക്കുകയായിരുന്നു.

അൻപതിനായിരം രൂപയുടെ വൈദ്യുതി ബിൽ ആണ് ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധിക അന്നമ്മയ്ക്ക് കെഎസ്ഇബി നൽകിയത്. നേരത്തെ പരമാവധി 400 രൂപയാണ് വൈദ്യുതി ബിൽ ലഭിച്ചിരുന്നത്. ഇത് കൃത്യമായി അടക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ മാസം 15 ന് കെഎസ്ഇബി അന്നമ്മയ്ക്ക് 49,710 രൂപയുടെ ബില്ല് നൽകി. ബിൽ തുക കണ്ട് ഞെട്ടിയ അന്നമ്മ പീരുമേട് സെക്ഷൻ ഓഫീസിലെത്തി പരാതി നൽകി. പക്ഷേ ഇവർ ഇത് പരിഹരിക്കാൻ തയ്യാറായില്ലെന്നും ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും അന്നമ്മ പറയുന്നു

തുക അടക്കാൻ നിർവാഹമില്ലാത്തതിനാൽ വൈദ്യുതി ബന്ധം വിശ്ചേദിച്ചതോടെ ഒറ്റമുറി വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം തെളിയിച്ചാണ് അന്നമ്മ കഴിഞ്ഞിരുന്നത്. ഭർത്താവ് മരണപ്പെട്ട അന്നമ്മ വർഷങ്ങളായി കൂലിപ്പണിയെടുത്താണ് കഴിയുന്നത്. മീറ്റർ റീഡിംഗ് എടക്കുന്നതിൽ വന്ന അനാസ്ഥയാണ് ഭീമമായ ബിൽ വരാൻ കാരണമെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് പിന്നാലെ കെഎസ്ഇബിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

സംഭവം വിവാദമായതോടെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വിഷയത്തിൽ ഇടപെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന ഭീഷണി മുഴക്കി ഭീകര സംഘടന. കുപ്രസിദ്ധ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ക്ഷേത്രം തകർക്കുമെന്ന് ഭീഷണി ഉയർത്തിയത്. ശബ്ദസന്ദേശത്തിലൂടെയായിരുന്നു ഭീഷണി മുഴക്കിയത്.

അതേസമയം, ഭീഷണിയെത്തുടർന്ന് അയോധ്യയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അയോധ്യയിലെ മഹർഷി വാൽമീകി വിമാനത്താവളത്തിലും സുരക്ഷ ഉയർത്തിയായി അധികൃതർ അറിയിച്ചു.

ഈ വർഷം ജനുവരിയിലാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത്. സിനിമ- രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചൻ, രജനീകാന്ത്, ആലിയ ഭട്ട്, രൺബീർ കപൂർ, വിക്കി കൗശൽ, കത്രീന കൈഫ്, റിഷബ് ഷെട്ടി തുടങ്ങിയ താരങ്ങളെല്ലാം ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു.

ന്യൂഡൽഹി: പ്രസിദ്ധ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ അനുമതി. ഡൽഹി ലഫ്. ഗവർണറാണ് അനുമതി നൽകിയത്. 2010ൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിൽ അരുന്ധതി റോയിയിക്കെതിരെ യുഎപിഎ നിയമപ്രകാരം ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് ചോദ്യം ചെയ്യൽ.

2010 ഒക്ടോബർ 21ന് രാഷ്ട്രീയ തടവുകാരെ വിട്ടയക്കാൻ ആവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ അരുന്ധതി റോയ് നടത്തിയ പ്രസംഗത്തിന് എതിരെയായിരുന്നു പോലീസ് കേസ്. അതേസമയം, കശ്മീർ കേന്ദ്ര സർവകലാശാല പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയും ലഫ്. ഗവർണർ നൽകിയിട്ടുണ്ട്. ‘ആസാദി ദ ഓൺലി വേ’ എന്ന തലക്കെട്ടിൽ കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ് സംഘടിപ്പിച്ച കോൺഫറൻസിൽ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്നാണ് ആരോപണം. കശ്മീരിലെ സാമൂഹ്യ പ്രവർത്തകൻ സുശിൽ പണ്ഡിറ്റാണ് ഇവർക്കെതിരെ പരാതി നൽകിയത്.

ഇറ്റലി: ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച്ച. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ചക്കിടെ പ്രധാനമന്ത്രി മാർപാപ്പയെ ആശ്ലേഷിച്ചു. അദ്ദേഹത്തിന്റെ കൈയ്യിൽ പിടിച്ച് കുശലാന്വേഷണവും നടത്തി.

നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. സാധാരണ ഇത്തരം വേദികളിൽ മാർപാപ്പ എത്താറില്ല.

പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്. 2021 ഒക്ടോബറിലാണ്. മോദിയെ കൂടാതെ യുഎസ്, യുക്രെയ്ൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ദിവസമാണ് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി പ്രധാനമന്ത്രി ഇറ്റലിയിലെത്തിയത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് മോദിയെ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. ഇറ്റലിയിലെ ബോർഗോ എഗ്‌നാസിയ എന്ന ആഡംബര റിസോർട്ടിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്.

വയനാട്: ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കാടിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താം. വന്യമൃഗങ്ങളെ തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ‘സ്മാർട്ട് ഫെൻസിങ്’ വയനാട്ടിൽ നടപ്പിലാക്കുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ആവിഷ്‌ക്കരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ എഐ സ്മാർട്ട് ഫെൻസിങിന്റെ നിർമാണം ആരംഭിച്ചിരിക്കുന്നത് പുൽപള്ളി ചെതലത്ത് റെയ്ഞ്ചിലെ ഇരുളം ഫോറസ്റ്റ് സെക്ഷന് കീഴിലുള്ള പാമ്പ്ര ചേലക്കൊല്ലി വനാതിർത്തിയിലാണ്. കാട്ടാനകളും വന്യമൃഗങ്ങളും നാട്ടിലേക്കിറങ്ങുന്നത് തടയാനാണ് നൂതന സങ്കേതിക വിദ്യ ഉപയോഗിച്ച് വേലി നിർമിക്കുന്നത്. മൃഗങ്ങൾ കാടിറങ്ങുന്നത് തടയുന്നതിനൊപ്പം ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ്അധികൃതർ വ്യക്തമാക്കുന്നത്.

വന്യമൃഗങ്ങൾ ഫെൻസിങിന്റെ 100 മീറ്റർ അടുത്തെത്തിയാൽ എഐ സംവിധാനം പ്രവർത്തിക്കാൻ ആരംഭിക്കും. വന്യമൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് തൊട്ടടുത്തെ ഫോറസ്റ്റ് സ്റ്റേഷൻ, ആർആർടി യൂണിറ്റ് മുതൽ തിരുവനന്തപുരത്തെ വനംവകുപ്പിന്റെ ഉന്നത ഓഫിസിൽ വരെ വിവരം ലഭിക്കും. ക്യാമറയിൽ നിന്നുള്ള ലൈവ് ദൃശ്യങ്ങളും ഇവിടേക്ക് അയയ്ക്കും. അപായ മുന്നറിയിപ്പായി അലാം, ലൈറ്റുകൾ എന്നിവയും പ്രവർത്തിക്കും. സമീപവാസികൾക്കും സംവിധാനത്തിലൂടെ വിവരം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

വനാതിർത്തിയിലെ റോഡുകളിലൂടെ പോകുന്ന യാത്രക്കാർക്കും ജാഗ്രതാ നിർദേശം നൽകുന്നതാണ്. സംവിധാനത്തിൽ ഉപയോഗിക്കുന്നത് 4 കെ ക്ലാരിറ്റിയുള്ള എഐ ക്യാമറകളാണ്. ഇതിനാൽ രാത്രിയിലും നല്ല വ്യക്തതയുള്ള ദൃശ്യങ്ങൾ ലഭിക്കും. സൂര്യപ്രകാശം തീരെയില്ലെങ്കിലും ഒരാഴ്ചയോളം സോളാർ വേലി പ്രവർത്തിക്കും. സ്മാർട്ട് ഫെൻസിങ് സംവിധാനത്തിന്റെ പവർ ബാക്കപ്പ് ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും സെൻട്രൽ കൺട്രോൾ യൂണിറ്റിൽ കാണിച്ചുകൊണ്ടിരിക്കും. നിലവിൽ ഇരുളത്തെ ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസിലാണ് കൺട്രോൾ യൂണിറ്റ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. എഐ സ്മാർട്ട് ഫെൻസ് നിർമിക്കുന്നത് വൈറ്റ് എലിഫന്റ് ടെക്നോളജി എന്ന കമ്പനിയാണ്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണിത്. ‘എലി-ഫെൻസ്’ എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്.

റോം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിൽ നടക്കുന്ന 50-ാമത് ജി-7 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച്ച. ഇറ്റലിയിലെ അപുലിയയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച്ച നടന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാലാവസ്ഥ വ്യതിയാനം, നൂതന സാങ്കേതികവിദ്യകൾ, ഇരു രാജ്യങ്ങളുടെയും സംസ്‌കാരം, രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങൾ ചർച്ചാ വിഷയമായി. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധം, ആണവം, ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള ശ്രമങ്ങളെ കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായും പ്രധാനമന്ത്രി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യയിൽ നടന്ന ജി-20 ഉച്ചകോടിയിലായിരുന്നു ഋഷി സുനകും പ്രധാനമന്ത്രിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായും പ്രധാനമന്ത്രി സംസാരിച്ചു.