ഒടുവിൽ നീതി; അന്നമ്മയുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചു

വാഗമൺ: ഇടുക്കിയിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്ക്ക് അരലക്ഷത്തിന്റെ വൈദ്യുതി ബില്ല് നൽകിയ സംഭവത്തിൽ ഒടുവിൽ നീതി ലഭിച്ചു. അന്നമ്മയുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചു നൽകിയിരിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് 21 ദിവസം ഈ വീട്ടിൽ ഇരുട്ടിൽ കഴിയുകയായിരുന്നു അന്നമ്മ.

വാഗമൺ വട്ടപ്പതാലിലെ ഒറ്റമുറി വീടിനു ലഭിച്ച ഭീമമായ കറന്റ് ബില്ല് അന്നമ്മയ്ക്ക് അടയ്ക്കാൻ കഴിയുമായിരുന്നില്ല. തുടർന്ന് അന്നമ്മയുടെ വീട്ടിലെ കറന്റ് കണക്ഷൻ കെഎസ്ഇബി വിച്ഛേദിക്കുകയായിരുന്നു.

അൻപതിനായിരം രൂപയുടെ വൈദ്യുതി ബിൽ ആണ് ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധിക അന്നമ്മയ്ക്ക് കെഎസ്ഇബി നൽകിയത്. നേരത്തെ പരമാവധി 400 രൂപയാണ് വൈദ്യുതി ബിൽ ലഭിച്ചിരുന്നത്. ഇത് കൃത്യമായി അടക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ മാസം 15 ന് കെഎസ്ഇബി അന്നമ്മയ്ക്ക് 49,710 രൂപയുടെ ബില്ല് നൽകി. ബിൽ തുക കണ്ട് ഞെട്ടിയ അന്നമ്മ പീരുമേട് സെക്ഷൻ ഓഫീസിലെത്തി പരാതി നൽകി. പക്ഷേ ഇവർ ഇത് പരിഹരിക്കാൻ തയ്യാറായില്ലെന്നും ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും അന്നമ്മ പറയുന്നു

തുക അടക്കാൻ നിർവാഹമില്ലാത്തതിനാൽ വൈദ്യുതി ബന്ധം വിശ്ചേദിച്ചതോടെ ഒറ്റമുറി വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം തെളിയിച്ചാണ് അന്നമ്മ കഴിഞ്ഞിരുന്നത്. ഭർത്താവ് മരണപ്പെട്ട അന്നമ്മ വർഷങ്ങളായി കൂലിപ്പണിയെടുത്താണ് കഴിയുന്നത്. മീറ്റർ റീഡിംഗ് എടക്കുന്നതിൽ വന്ന അനാസ്ഥയാണ് ഭീമമായ ബിൽ വരാൻ കാരണമെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് പിന്നാലെ കെഎസ്ഇബിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

സംഭവം വിവാദമായതോടെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വിഷയത്തിൽ ഇടപെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.