ന്യഡൽഹി: ജൂലൈ 22 ന് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നടന്നേക്കുമെന്ന് റിപ്പോർട്ട്. തുടർച്ചയായി ഇത് ഏഴാം തവണയാണ് ധനകാര്യമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. 2024-25 വർഷത്തേക്കുള്ള സമ്പൂർണ ബജറ്റായിരിക്കും ധനകാര്യ മന്ത്രി അവതരിപ്പിക്കുകയെന്നാണ് വിവരം. ബജറ്റ് അവതരണത്തിന്റെ തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ കേന്ദ്ര സർക്കാർ നടത്തുമെന്നാണ് വിവരം.
ജൂലൈ 22 മുതൽ ഓഗസ്റ്റ് 9 വരെയായിരിക്കും മൺസൂൺ സമ്മേളനം നടക്കുക. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം അവസാനിക്കുന്ന ദിവസമായ ജൂലൈ മൂന്നിന് സർക്കാർ സാമ്പത്തിക സർവേ പുറത്ത് വിടുമെന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായ രണ്ടാം തവണയാണ് നിർമ്മലാ സീതാരാമൻ രാജ്യത്തിന്റെ ധനമന്ത്രിയാകുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ വ്യക്തിയാണ് നിർമ്മലാ സീതാരാമൻ.
ജെഎൻയുവിൽ നിന്ന് ബിരുദാനന്തര ബിരുദവും എംഫിലും നിർമ്മലാ സീതാരമൻ പൂർത്തിയാക്കിയിട്ടുണ്ട്. 2019ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷമാണ് ആദ്യമായി നിർമ്മലാ സീതാരാമൻ ധനമന്ത്രിയാകുന്നത്.

