വയനാട്: ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കാടിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താം. വന്യമൃഗങ്ങളെ തടയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ‘സ്മാർട്ട് ഫെൻസിങ്’ വയനാട്ടിൽ നടപ്പിലാക്കുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ആവിഷ്‌ക്കരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ എഐ സ്മാർട്ട് ഫെൻസിങിന്റെ നിർമാണം ആരംഭിച്ചിരിക്കുന്നത് പുൽപള്ളി ചെതലത്ത് റെയ്ഞ്ചിലെ ഇരുളം ഫോറസ്റ്റ് സെക്ഷന് കീഴിലുള്ള പാമ്പ്ര ചേലക്കൊല്ലി വനാതിർത്തിയിലാണ്. കാട്ടാനകളും വന്യമൃഗങ്ങളും നാട്ടിലേക്കിറങ്ങുന്നത് തടയാനാണ് നൂതന സങ്കേതിക വിദ്യ ഉപയോഗിച്ച് വേലി നിർമിക്കുന്നത്. മൃഗങ്ങൾ കാടിറങ്ങുന്നത് തടയുന്നതിനൊപ്പം ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ്അധികൃതർ വ്യക്തമാക്കുന്നത്.
വന്യമൃഗങ്ങൾ ഫെൻസിങിന്റെ 100 മീറ്റർ അടുത്തെത്തിയാൽ എഐ സംവിധാനം പ്രവർത്തിക്കാൻ ആരംഭിക്കും. വന്യമൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് തൊട്ടടുത്തെ ഫോറസ്റ്റ് സ്റ്റേഷൻ, ആർആർടി യൂണിറ്റ് മുതൽ തിരുവനന്തപുരത്തെ വനംവകുപ്പിന്റെ ഉന്നത ഓഫിസിൽ വരെ വിവരം ലഭിക്കും. ക്യാമറയിൽ നിന്നുള്ള ലൈവ് ദൃശ്യങ്ങളും ഇവിടേക്ക് അയയ്ക്കും. അപായ മുന്നറിയിപ്പായി അലാം, ലൈറ്റുകൾ എന്നിവയും പ്രവർത്തിക്കും. സമീപവാസികൾക്കും സംവിധാനത്തിലൂടെ വിവരം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
വനാതിർത്തിയിലെ റോഡുകളിലൂടെ പോകുന്ന യാത്രക്കാർക്കും ജാഗ്രതാ നിർദേശം നൽകുന്നതാണ്. സംവിധാനത്തിൽ ഉപയോഗിക്കുന്നത് 4 കെ ക്ലാരിറ്റിയുള്ള എഐ ക്യാമറകളാണ്. ഇതിനാൽ രാത്രിയിലും നല്ല വ്യക്തതയുള്ള ദൃശ്യങ്ങൾ ലഭിക്കും. സൂര്യപ്രകാശം തീരെയില്ലെങ്കിലും ഒരാഴ്ചയോളം സോളാർ വേലി പ്രവർത്തിക്കും. സ്മാർട്ട് ഫെൻസിങ് സംവിധാനത്തിന്റെ പവർ ബാക്കപ്പ് ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും സെൻട്രൽ കൺട്രോൾ യൂണിറ്റിൽ കാണിച്ചുകൊണ്ടിരിക്കും. നിലവിൽ ഇരുളത്തെ ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസിലാണ് കൺട്രോൾ യൂണിറ്റ് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. എഐ സ്മാർട്ട് ഫെൻസ് നിർമിക്കുന്നത് വൈറ്റ് എലിഫന്റ് ടെക്നോളജി എന്ന കമ്പനിയാണ്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണിത്. ‘എലി-ഫെൻസ്’ എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്.

