General (Page 195)

കോട്ടയം: ബാർ കോഴ ആരോപണത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ബാർ കോഴ ആരോപണത്തിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കാതെ സംസ്ഥാന സർക്കാർ ആവശ്യമില്ലാത്ത തലത്തിലേക്ക് അന്വേഷണം മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. മകനെ ബാർ കോഴയിൽ പെടുത്താൻ ശ്രമിക്കുകയാണ്. അതിനുള്ള മറുപടി മകൻ പറഞ്ഞിട്ടുണ്ട്. ആവശ്യമില്ലാതെ സിപിഎം ആളുകളുടെ മേൽ ചെളി വാരി എറിയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കോട്ടയത്തെ ഒരു സിപിഎം നേതാവിന്റെ ബന്ധുവാണ് ബാർ ഉടമകളുടെ ഇടുക്കി പ്രസിഡന്റ് അനുമോൻ. തന്റെ മകൻ അർജുന് ആ സംഘടനയുമായോ വാട്‌സ് ആപ്പ് ഗ്രൂപ്പുമായോ ഒരു ബന്ധവും ഇല്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷാ പരിശോധന വേഗത്തിൽ നടത്തണമെന്ന ആവശ്യം ശക്തമാക്കി കേരളം. മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗത്തിൽ ഈ ആവശ്യം കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. ബേബിഡാം ബലപ്പെടുത്തിയ ശേഷമേ സുരക്ഷ പരിശോധന നടത്താൻ കഴിയുവെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.

സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സംഘം മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷ പരിശോധന നടത്തിയത് 2011 ലാണ്. കേരളത്തിന്റെ ആവശ്യത്തെ തുടർന്ന് അഞ്ചു വർഷത്തിനുള്ളിൽ വീണ്ടും സുരക്ഷ പരിശോധന നടത്തണമെന്ന് 2018ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, തമിഴ് നാടിന്റെ നിസ്സഹകരണം മൂലം ഇതുവരെ സുരക്ഷാ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഉടൻ നടത്തണമെന്നാണ് കേരളം വ്യക്തമാക്കുന്നത്.

അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ക്ഷമത, ഡാമിന്റെ ചലനം, വികാസം തുടങ്ങി മുഴുവൻ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും കേരളം യോഗത്തിൽ അറിയിച്ചു. വള്ളക്കടവിൽ നിന്നും അണക്കെട്ടിലേക്കുള്ള റോഡ് ടാർ ചെയ്യണമെന്ന ആവശ്യവും തമിഴ് നാട് ആവശ്യപ്പെട്ടു. എന്നാൽ, സമിതി നടത്തിയ പരിശോധനയിൽ റോഡ് സഞ്ചാര യോഗ്യമാണെന്ന് വിലയിരുത്തി. പരിശോധനയുടെ റിപ്പോർട്ട് സുപ്രീം കോടതിക്ക് സമർപ്പിക്കും.

ശ്രീനഗർ: ജമ്മുകശ്മീരിലെ സ്‌കൂളുകളിൽ ദേശീയഗാനം നിർബന്ധമാക്കി. വിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ സ്‌കൂളുകളോടും രാവിലെയുള്ള അസംബ്ലി ദേശീയ ഗാനത്തോടെ ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.

പ്രഭാത അസംബ്ലി 20 മിനിറ്റ് നീണ്ടുനിൽക്കണമെന്നും എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഇതിൽ പങ്കാളികളാകണമെന്നും ഉത്തരവിൽ പറയുന്നു. സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച് രാവിലെ അസംബ്ലി ദേശീയ ഗാനത്തോടെ ആരംഭിക്കണം. കുട്ടികളിൽ ദേശസ്‌നേഹം. ഐക്യം, പോസറ്റീവ് ചിന്താഗതി, അച്ചടക്കം എന്നിവ വളർത്താൻ ഇത് സഹായിക്കുമെന്ന് ഉത്തരവിൽ വിശദമാക്കിയിട്ടുണ്ട്.

കേന്ദ്രഭരണ പ്രദേശത്തെ പല സ്‌കൂളുകളിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ കൂട്ടിച്ചേർത്തു.

കൊച്ചി: കുവൈത്തിലെ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. 24 മലയാളികളുടെ മൃതദേഹമാണ് ഇന്ന് നാട്ടിലെത്തിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു.

കനത്ത ഹൃദയവേദനയോടെയാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിന്റെ ദുഃഖവും നടുക്കവും വിട്ടുമാറാത്ത ബന്ധുമിത്രാദികൾ പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുന്ന കാഴ്ച ഏവരുടെയും കണ്ണുനനയിക്കുന്നതായിരുന്നു. നമ്മുടെ നാട് ഒറ്റക്കെട്ടായി ദുഃഖത്തിൽ പങ്കുചേരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ 10.32 നാണ് തീപിടുത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വ്യോമസേന വിമാനം എത്തിയച്. ഇതിൽ 23 മലയാളികൾ, ഏഴ് തമിഴ്നാട്ടുകാർ, ഒരു കർണാടക സ്വദേശി എന്നിങ്ങനെ 31 പേരുടെ മൃതദേഹമാണ് കൊച്ചിയിൽ ഇറക്കിയത്. തുടർന്ന് വിമാനം ഡൽഹിയിലേക്ക് പോകും. മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയിൽ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിന്റെ മൃതദേഹം മുംബൈയിലാണ് സംസ്‌കരിക്കുക.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രതിപക്ഷനേതാവ് വി ഡി സതീശനുമടക്കമുള്ളവർ ഏറ്റുവാങ്ങി. മരിച്ച 23 മലയാളികളുടെയും മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കാനായി 23 ആംബുലൻസുകൾ വിമാനത്താവളത്തിൽ തയ്യാറാക്കിയിരുന്നു.

കൊച്ചി: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കുവൈത്തിലേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനെതിരെ രംഗത്തെത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. വിമാന ടിക്കറ്റ് ഉൾപ്പടെ വെച്ചായിരുന്നു യാത്രയ്ക്കായി കേന്ദ്രത്തിന് അപേക്ഷ നൽകിയതെന്നും ഒരു ദുരന്തമുഖത്ത് കേരളത്തോട് ഇത് വേണ്ടിയിരുന്നില്ലെന്നും വീണാ ജോർജ് അറിയിച്ചു.

ഇടപെടലുകൾ നടത്തി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ അക്കാര്യങ്ങൾ കൊണ്ടുവരുന്നതിനാണ് പ്രതിനിധിയെ അയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സർക്കാരിന്റെ പ്രതിനിധി അവിടെയുണ്ടാകുമ്പോൾ തീർച്ചയായും അതിന്റെ ഗുണം നമ്മുടെ ആളുകൾക്ക് ഉണ്ടാകുമായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പോകാൻ തീരുമാനിച്ചത്. മരിച്ച ഇന്ത്യക്കാരിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളവരാണ്. പരിക്കേറ്റ് ചികിത്സയിലുള്ളവരിൽ കൂടുതലും മലയാളികളാണ്. അതുകൊണ്ടാണ് അവർക്കൊപ്പം നിൽക്കാനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനും പോകാൻ നിശ്ചയിച്ചത്. എന്നാൽ, അനുമതി നൽകാത്ത സാഹചര്യമുണ്ടായി. മനുഷ്യന്റെ കണ്ണീരിലും ദുഃഖത്തിലും ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുമെന്ന് മാനുഷികമായി ചിന്തിക്കാനും മനസ്സിലാക്കാനും കഴിയാത്ത കാര്യമാണെന്നും വീണാ ജോർജ് പറഞ്ഞു.

തിരുവനന്തപുരം: പ്രവാസ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈത്തിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുവൈത്തിൽ മരിച്ച മലയാളികളുൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ എത്തിച്ച കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇനി ഇങ്ങനെ ഒരു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ അത്യാവശ്യമാണ്. കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികൾ. ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണവർ. പ്രവാസികളുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഉറ്റവർക്ക് താങ്ങാവുന്നതിലും അധികമാണ് ഈ ദുരിതമെന്നും പ്രവാസ ലോകം കണ്ട വലിയ ദുരന്തമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ കുവൈത്ത് സർക്കാരും ശ്രദ്ധിക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം കുവൈത്ത് സർക്കാർ നൽകുമെന്നാണ് കരുതുന്നത്. കേന്ദ്ര സർക്കാരും ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദങ്ങൾക്ക് ഇപ്പോൾ സമയമില്ല. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ശരിയായി ഇടപെട്ടു. കുവൈത്ത് സർക്കാരും ഫലപ്രദമായി ഇടപെടൽ നടത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ശരിയല്ലാത്ത കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പക്ഷേ ഇപ്പോൾ വിവാദത്തിനില്ലെന്നും അദ്ദേഹം അറിയിച്ചു. വീണാ ജോർജ് ഇവിടെ വിമാനത്താവളം വരെ വന്ന ശേഷമാണ് തിരികെ പോയത്. ഇപ്പോൾ അത് വിവാദമാക്കേണ്ടെന്നും പിന്നീട് ചർച്ച ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇന്ത്യയുടെ ഒളിമ്പിക്സ് തയ്യാറെടുപ്പുകൾ വിലയിരുത്തി കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ(ഐ.ഒ.എ) പ്രസിഡന്റ് പി ടി ഉഷ ഉൾപ്പെടെയുള്ളവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വ്യാഴാഴ്ച ഐഒഎ ഭവനിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

120 താരങ്ങൾ പാരീസ് ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പി ടി ഉഷ പ്രതികരിച്ചു. ജൂലൈ 26-മുതലാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്. കേന്ദ്ര സഹമന്ത്രി രക്ഷ ഖദ്സെ, സ്പോർട്സ് സെക്രട്ടറി സുജാത ചതുർവേദി, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ സന്ദീപ് പ്രദാൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഒളിമ്പിക്സിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളെ കുറിച്ച് ഇവർ മന്ത്രിയോട് വിശദീകരിച്ച് നൽകി.

ആദ്യമായി ഐഒഎ അധികൃതരെ സന്ദർശിച്ചെന്നും പാരീസ് ഒളിമ്പിക്സിനായുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പുകൾ അവർ വിശദീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. സാധ്യമായ എല്ലാ പിന്തുണയും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മൻസുഖ് മാണ്ഡവ്യ കൂട്ടിച്ചേർത്തു.

റോം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തും. ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഇറ്റലിയിലെത്തിയിരിക്കുകയാണ്. മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.

നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. സാധാരണ ഇത്തരം വേദികളിൽ മാർപാപ്പ എത്താറില്ല.

പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്. 2021 ഒക്ടോബറിലാണ്. മോദിയെ കൂടാതെ യുഎസ്, യുക്രെയ്ൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് മോദിയെ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. ഇറ്റലിയിലെ ബോർഗോ എഗ്നാസിയ എന്ന ആഡംബര റിസോർട്ടിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്.

കുവൈത്ത്: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് എൻ.ടി.ബി.സി കമ്പനി. ജീവനക്കാരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി അറിയിച്ചു.

തൊഴിലാളികളുടെ ഇൻഷ്വറൻസ് തുക, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഉടനെ തന്നെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി സർക്കാരിനും എംബസിക്കും ഒപ്പം നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്നും എൻബിടിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തത്തിന് ഇരയായ 22 മലയാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിൽ ആകെ 49പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, തീപിടുത്തത്തിൽ മരണപ്പെട്ട മലയാളികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകാനും പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ കുവൈത്തിലേക്കുള്ള യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. ഇതോടെ ആരോഗ്യ മന്ത്രിയുടെ കുവൈത്ത് യാത്ര റദ്ദാക്കി. പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കൊച്ചി വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്നലെ രാത്രി 10.30നായിരുന്നു കുവൈത്തിലേക്കുള്ള വിമാനം. രാത്രി ഒമ്പതു മണിയായിട്ടും അനുമതി ലഭിക്കാതായതോടെയാണ് മന്ത്രി യാത്രാ ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്. തുടർന്ന് മന്ത്രി വിമാനത്താവളത്തിൽ നിന്നും മടങ്ങി. യാത്രക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടിയില്ലെന്നും കേന്ദ്ര നിലപാട് നിർഭാഗ്യകരമാണെന്നും വീണാ ജോർജ് പ്രതികരിച്ചു. വിദേശകാര്യ മന്ത്രാലയം യാത്ര അനുമതി നൽകിയില്ല. രാവിലെ തന്നെ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിരുന്നു. അവസാന നിമിഷം വരെ കാത്തിരുന്നിട്ടും അനുവാദം കിട്ടിയില്ല. ദുരന്തത്തിന്റെയും കണ്ണീരിന്റെയും മുന്നിൽ കേന്ദ്രം സ്വീകരിച്ചത് തെറ്റായ നടപടിയാണ്. എന്തൊക്കെ വന്നാലും ദുരന്തബാധിത കുടുംബങ്ങളെ സംസ്ഥാന സർക്കാർ ചേർത്തുപിടിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി.

അതേസമയം, കുവൈത്ത് ദുരന്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ വിമാനം കഴിഞ്ഞ ദിവസം കുവൈത്തിലേക്ക് പുറപ്പെട്ടിരുന്നു. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ14 ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിന്റെ സമയം മാറ്റിയത്.