റോം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിൽ നടക്കുന്ന 50-ാമത് ജി-7 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച്ച. ഇറ്റലിയിലെ അപുലിയയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച്ച നടന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാലാവസ്ഥ വ്യതിയാനം, നൂതന സാങ്കേതികവിദ്യകൾ, ഇരു രാജ്യങ്ങളുടെയും സംസ്‌കാരം, രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങൾ ചർച്ചാ വിഷയമായി. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധം, ആണവം, ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള ശ്രമങ്ങളെ കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായും പ്രധാനമന്ത്രി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യയിൽ നടന്ന ജി-20 ഉച്ചകോടിയിലായിരുന്നു ഋഷി സുനകും പ്രധാനമന്ത്രിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായും പ്രധാനമന്ത്രി സംസാരിച്ചു.

