കൊച്ചി: കുവൈത്ത് മംഗെഫിലെ തീപ്പിടിത്ത ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറില്ലെന്ന് വ്യക്തമാക്കി എൻബിടിസി മാനേജിങ് ഡയറക്ടർ കെ ജി എബ്രഹാം. ഒന്നിൽ നിന്നും ഒഴിഞ്ഞുമാറുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അപകട കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് അറിയാൻ കഴിഞ്ഞത്. കൊച്ചിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്യാമ്പുകളിൽ കൃത്യമായ പരിശോധന നടത്താറുണ്ട്. പൂർണമായും എയർ കണ്ടീഷൻ ചെയ്ത കെട്ടിടമായിരുന്നു. മനുഷ്യരെ വേർതിരിച്ച് കാണാറില്ല. എല്ലാവരും തുല്യരാണ്. തൊഴിലാളികളെ സ്വന്തം കുടുംബത്തെപ്പോലെയാണ് കരുതിയത്. അപകടത്തിൽപ്പെട്ട എല്ലാവരുടേയും കുടുംബങ്ങളെ നേരിൽ കാണുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള തെറ്റ് കാരണമാണ് അപകടമുണ്ടായതെന്ന് കരുതുന്നില്ല. എന്നാൽ, ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കും. ഒന്നിൽ നിന്നും ഒഴിഞ്ഞുമാറില്ല. തന്റെ മക്കൾ മരിച്ചവരുടെ ഓരോ കുടുംബാംഗങ്ങളെയും പോയി കാണുന്നുണ്ട്. കേരളത്തിനു പുറമെ ചെന്നൈയിലും കർണാടകയിലും ഉത്തർപ്രദേശിലുമെല്ലാം മരിച്ച ഓരോരുത്തരുടേയും കുടുംബത്തെ സന്ദർശിക്കും. അവർക്ക് സാമ്പത്തിക സംരക്ഷണവും എല്ലാ പിന്തുണയും ഉറപ്പ് നൽകും. ജോലി ആവശ്യമുള്ളവർക്ക് അത് നൽകും. എന്ത് ആവശ്യത്തിനും കമ്പനി മുന്നിൽ നിൽക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

