തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് വി മുരളീധരൻ. പിണറായി വിജയന് മനുഷ്യത്വം അൽപംപോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളോട് എന്തെങ്കിലും നന്ദി ഉണ്ടെങ്കിൽ മുഖ്യമന്ത്രി വ്യവസായികളെ വിളിച്ച് അത്താഴ വിരുന്ന് നടത്തില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ വേണ്ടി തുടരെത്തുടരെ പ്രസ്താവനകൾ നടത്തുകയാണ്. പ്രവാസികളോട് എന്തെങ്കിലും കൃതജ്ഞത ഉണ്ടായിരുന്നെങ്കിൽ അവരുടെ മൃതദേഹങ്ങൾ പട്ടടയിൽ വയ്ക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി മുതലാളിമാരുമായി അത്താഴവിരുന്ന് കഴിക്കില്ലായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
മരിച്ചവരുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തണമായിരുന്നു. സമീപകാലത്തെ വലിയ ദുരന്തമാണ് കുവൈത്തിൽ നടന്നത്. കേന്ദ്രസർക്കാർ സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു. നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ വിദേശകാര്യ സഹമന്ത്രിയുടെ യാത്രയ്ക്കിടെ അദ്ദേഹം തന്നെ ഇടപെട്ട് നടത്തിയെന്ന് മുരളീധരൻ വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണാ ജോർജിന് യാത്രാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലും വി മുരളീധരൻ പ്രതികരണം നടത്തി. വീണാ ജോർജ് കുവൈത്തിലേക്ക് പോയിട്ട് എന്ത് ചെയ്യാനാണ്. എല്ലാം വിദേശകാര്യമന്ത്രാലയം ഇടപെട്ട് ചെയ്തിരുന്നു. പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കുന്നതിന് മുമ്പ് മന്ത്രിയോട് നെടുമ്പാശ്ശേരിയിൽ കാത്തിരിക്കാൻ ആരെങ്കിലും പറഞ്ഞോ. കെഎസ്ആർടിസി ബസിൽ പോകുന്ന ലാഘവത്തോടെയാണോ നെടുമ്പാശേരി വിമാനത്താവളത്തിൽ കാത്തിരിക്കുന്നത്. ഈ വിവരക്കേടിന് നരേന്ദ്രമോദിയെ പഴിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

