ശോഭാ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി ഇ പി ജയരാജൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കണ്ണൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് ജയരാജൻ ശോഭാ സുരേന്ദ്രനെതിരെ കേസ് ഫയൽ ചെയ്തത്.

ബിജെപിയിലേക്ക് പോകാൻ ദല്ലാൾ നന്ദകുമാർ വഴി ജയരാജൻ ചർച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വ്യാജ ആരോപണങ്ങൾ തന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് ജയരാജൻ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

വ്യാജ ആരോപണം പിൻവലിച്ച് മാദ്ധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്ത പക്ഷം സിവിൽ – ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരായി രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു.