General (Page 171)

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ലൈബ്രറികളിലെയും പുസ്തക ശേഖരങ്ങളെ ഡിജിറ്റൈസ് ചെയ്ത് സമാഹരിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾ നടത്തണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനപക്ഷാചരണം സംസ്ഥാനതല സമാപനം പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

യുവതലമുറ വായിക്കുന്നില്ലെന്ന പ്രചാരണം തെറ്റാണ്. പുസ്തകോത്സവങ്ങളിലും ചർച്ചകളിലും മറ്റും യുവാക്കൾ ആവേശത്തോടെ പങ്കെടുക്കുന്നു. വായനയുടെ രീതികൾ മാറിയിട്ടുണ്ടാകാം. പുസ്തകങ്ങളിൽ നിന്ന് ഡിജിറ്റൽ വായനയിലേക്ക് യുവാക്കൾ മാറിയിരിക്കാം. വായനയുടെ സാമൂഹ്യദൗത്യം അവർ മനസിലാക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. കാലത്തിനനുസരിച്ചുള്ള വായനാശീലങ്ങളിലേക്ക് പുതുതലമുറ പോകുന്നുണ്ടെങ്കിൽ അത്തരം സംവിധാനങ്ങൾ നമ്മുടെ ലൈബ്രറികളിൽ സൃഷ്ടിച്ചെടുക്കണം. ഇതിനായി ഡിജിറ്റൈസേഷന്റെയും ഡിജിറ്റൽ സംവിധാനങ്ങളുടെയുമൊക്കെ സാധ്യതകൾ വായനശാലകളും ഗ്രാമീണ ഗ്രന്ഥശാലകളും കണ്ടെത്തണം. യോജിച്ച പ്രവർത്തനം ഇതിനാവശ്യമാണ്. ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ കേരളത്തിലെ അക്കാദമിക് ലൈബ്രറികളുടെ ശൃംഖല കേരള അക്കാദമിക് ലൈബ്രറി നെറ്റ് വർക്ക് (കാൾനെറ്റ്) എന്ന പേരിൽ വികസിപ്പിച്ചിട്ടുണ്ട്. ഇതിന് സമാനമായ രീതിയിൽ കേരളത്തിലെ പ്രശസ്തമായ എല്ലാ വായനശാലകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സംവിധാനത്തിന് രൂപം നൽകണം.

കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി പരിവർത്തനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കേരളം ആർജിച്ച വൈജ്ഞാനിക സമ്പത്ത് ഉപയോഗിച്ച് കേരളത്തിന്റെ സമ്പദ്ഘടനയുടെ വിപുലീകരണവും ജനജീവിത നിലവാര വർധനയുമാണ് ലക്ഷ്യം. ഇതിനു സഹായകമായ രീതിയിൽ വായനശാലകളുടെ പ്രവർത്തനങ്ങളിലും കാലാനുസൃതമായ നവീകരണം സാധ്യമാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയമിക്കും. അടുത്ത വർഷത്തെ വായനപക്ഷാചരണം തുടങ്ങുന്നതിന് മുൻപ് ഇതുസംബന്ധിച്ച തുടർ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.

മലയാളിയുടെ സംവേദന ശീലങ്ങലേ സാർവദേശീയ തലത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നതിന് കേരളത്തിലെ ഗ്രന്ഥശാലകൾ നൽകിയ സംഭാവനകൾ ശ്ലാഘനീയമാണ്. കേരളത്തിലാണ് വായനശാലകളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ളത്. 9000 ത്തിലധികം ജനകീയ ഗ്രന്ഥശാലകൾ കേരളത്തിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികൾ ഇതിനു പുറമേയാണ്. ജനകീയ പിൻബലമുള്ള ഗ്രന്ഥശാലകൾ കേരളത്തിന്റെ സാമൂഹ്യ പൊതുമണ്ഡലത്തെ പുരോഗമനാത്മകവും ശാസ്ത്രബോധമുള്ളതുമൊക്കെയാക്കി രൂപപ്പെടുത്തുന്നതിൽ കൂട്ടായ പങ്കുവഹിച്ചു. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും ചേർന്ന് വിദ്യ കൊണ്ട് സ്വതന്ത്രരാകാനും സംഘടന കൊണ്ട് ശക്തരാകാനും ആഹ്വാനം ചെയ്തപ്പോൾ അത് ഹൃദയത്തിലേറ്റെടുത്ത് മുന്നോട്ട് പോയവരാണ് മലയാളികൾ. എന്നാൽ ഇന്നത്തെ സാമൂഹ്യസ്ഥിതി വ്യത്യസ്തമാണ്. വായന അറിവിന്റെയും അനുഭൂതിയുടെയും വിശാല ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്നതോടൊപ്പം സ്ഥലകാലപരിമിതികൾക്കപ്പുറത്തെ സാർവദേശീയ വികാരങ്ങളിലേക്ക് എത്താനുള്ള ഹൃദയ വികാസം കൂടി നൽകുന്നു. ഇന്ന് ചില പ്രതിലോമകരമായ പ്രവണതകളും പിന്തിരിപ്പൻ പ്രത്യശാസ്ത്രങ്ങളും കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക പൊതുമണ്ഡലങ്ങളെ മലീമസമാക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കേണ്ട കാലമാണിത്. വിപുലമായ ശൃംഖലയുള്ള ജനകീയ വായനശാലകൾ അറിവിന്റെ മഹാപരിച ഉയർത്തിപ്പിച്ച് അതിയാഥാസ്ഥിതിക കാഴ്ചപ്പാടുകളെ ചെറുത്തുനിന്ന ചരിത്രമാണ് നമുക്കുള്ളത്. വിശാലമായ സത്യത്തിന്റെ ഇടങ്ങളിലേക്കാണ് നമ്മുടെ ഭാവിതലമുറ നയിക്കപ്പെടേണ്ടത്. പ്രതിലോമകരമായ പ്രവണതകളെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം ഈ തലമുറയിലുള്ളവർക്കുണ്ടെന്നും ബിന്ദു കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോഴിക്കോട് തിരുവമ്പാടിയിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. തിരുവമ്പാടി സ്വദേശി അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച സംഭവത്തിലാണ് നടപടി. കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫീസിൽ ആക്രമണം നടത്തിയതിന്റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു.

ഇതിനുള്ള നിർദേശം ചെയർമാനും മറ്റ് ഉദ്യോഗസ്ഥർക്കും നൽകി. വൈദ്യുതി പുനസ്ഥാപിക്കാനെത്തുമ്പോൾ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഐഎം നേതാവ് കോഴ വാങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ കൂടുതൽ നേതാക്കൾക്ക് പങ്കുണ്ടെന്നാണ് വിവരം. ഏരിയാ തലത്തിൽ പ്രവർത്തിക്കുന്ന രണ്ട് പേർക്ക് ഇടപാടിൽ പങ്കുണ്ടെന്നാണ് സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയത്. ഇവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

സിപിഐഎം ഏരിയാ തലത്തിൽ പ്രവർത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പരാതി ഉയർന്നത്. പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഐഎം നേതാവ് പാർട്ടിയുമായി ബന്ധമുള്ള ഒരു ഡോക്ടറിൽ നിന്നാണ് യുവ നേതാവ് കോഴവാങ്ങിയത്. കോഴിക്കോട് നഗരത്തിലെ യുവജന നേതാവും ഏരിയാ സെന്റർ അംഗവുമായ നേതാവിനെതിരെയാണ് പരാതി.

60 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നും ആദ്യഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്. പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ പണം നൽകിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പിൽ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിർത്തി. എന്നാൽ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആൾ പാർട്ടിക്ക് പരാതി നൽകിയത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ശ്രീനഗർ: ജമ്മു കശ്മീർ ഇന്ന് വികസിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെ പി നദ്ദ. ജമ്മുവിൽ രണ്ട് എയിംസിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകോത്തര ആശുപത്രിയായിരിക്കും ജമ്മുവിലേത്. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ചികിത്സയ്ക്കായി ചണ്ഡീഗഢ്, അമൃത്സർ, അല്ലെങ്കിൽ ഡൽഹി എന്നിവിടങ്ങളിൽ പോകേണ്ടിവരാത്ത ഒരു കാലം വിദൂരമല്ലെന്ന് അദ്ദേഹം അറിയിച്ചു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ രണ്ട് കോടി പേരാണ് കഴിഞ്ഞ വർഷം ജമ്മു കശ്മീർ സന്ദർശിച്ചത്. കശ്മീർ താഴ്വരയിൽ അടിക്കടിയുള്ള ബന്ദുകളും പണിമുടക്കുകളും പ്രക്ഷോഭങ്ങളും ചരിത്രമായി മാറി. യുപിഎ സർക്കാരിന്റെ കാലത്ത് വ്യാപകമായി അഴിമതി കാരണം രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കി. നേരത്തെ അതിർത്തിക്കപ്പുറത്തേക്ക് പ്രതിരോധിക്കാനും തിരിച്ച് വെടിവയ്ക്കാനുമായി പ്രത്യേക അനുമതി ആവശ്യമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിഗതികൾ മാറിയെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾ ഇപ്പോൾ സമാധാനപരമായ ജീവിതം നയിക്കുന്നു. ഇതാണ് മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ കഴിയുന്ന ഏതൊരു ഭീകരനെയും ഒരാഴ്ചയ്ക്കുള്ളിൽ നിർവീര്യമാക്കുമെന്നും ജെ പി നദ്ദ പറഞ്ഞു.

മുംബൈ: സെൻട്രൽ ജയിലിൽ സ്‌ഫോടനം. മഹാരാഷ്ട്രയിലെ അമരാവതി സെൻട്രൽ ജയിലിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നാടൻ ബോംബ് ആണ് ഉപയോഗിച്ചാണ് സ്‌ഫോടനം നടന്നത്. ബോംബ് സ്‌ക്വാഡ് ജയിലിൽ പരിശോധന നടത്തി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

ജയിലിലെ 6, 7 ബാരക്കുകൾക്ക് സമീപമാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. എവിടെ നിന്നാണ് ബോംബ് ജയിലിനുള്ളിൽ എത്തിയതെന്നോ ആരാണ് എറിഞ്ഞതെന്നോ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്ലാസ്റ്റിക് ബോളിന്റെ വലിപ്പത്തിലുള്ള ബോംബാണ് പൊട്ടിയതെന്ന് കമ്മീഷണർ നവീൻചന്ദ്ര റെഡ്ഡി അറിയിച്ചു.

തിരുവനന്തപുരം: ടൂറിസം മേഖലയെ രാഷ്ട്രീയ, ജാതി-മത ചിന്തകൾക്ക് അതീതമായി വിപുലീകരിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസനത്തിൽ ആരും രാഷ്ട്രീയം കലർത്തരുതെന്ന് അദ്ദേഹം പറഞ്ഞു. കേരള ടൂറിസം ഡെവലപ്‌മെന്റ് അസോസിയേഷൻ ഭാരവാഹികളുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിന് ടൂറിസം വികസനത്തിൽ വളരെ വലിയ സാധ്യതകളാണുള്ളത്. അത് ശരിയായി ഉപയോഗിക്കാൻ ഇത്രയും നാളായിട്ടും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ സ്പിരിച്വൽ ടൂറിസം മേഖലയ്ക്ക് വളരെ വലിയ സാധ്യതകളാണുള്ളത്. പുതിയ സ്പിരിച്വൽ ടൂറിസം സർക്യൂട്ടുകൾ കേരളത്തിലും ദക്ഷിണേന്ത്യയിലും രേഖപ്പെടുത്തി അന്തർദേശീയ തലത്തിൽ മാർക്കറ്റ് ചെയ്യാൻ ടൂർ ഓപ്പറേറ്റർമാർ തയ്യാറാകണം. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: ബഹിരാകാശ വ്യവസായ പാർക്ക് നിർമ്മിക്കുന്നതിൽ പരസ്പര സഹകരണം സാധ്യമാക്കുന്നതിന് വിക്രം സാരാഭായ് സ്പേസ് സെന്ററുമായി കേരള സ്പേസ് പാർക്ക് (KSPACE) ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ബഹിരാകാശ, പ്രതിരോധ, വ്യോമയാന മേഖലകളിലെ സംരംഭങ്ങൾക്കു വേണ്ടി ഒരു സംസ്ഥാന സർക്കാർ രാജ്യത്താദ്യമായി ആരംഭിച്ച സ്‌പേസ് സിസ്റ്റം പാർക്കാണ് തിരുവനന്തപുരത്തെ കേരള സ്പേസ് പാർക്ക്. ഐഎസ്ആർഒ ചെയർമാനും കേന്ദ്ര ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. എസ് സോമനാഥിന്റെ സാന്നിധ്യത്തിലാണ് കേരള സ്പേസ് പാർക്ക് ഇന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററുമായി ധാരണാപാത്രം ഒപ്പിട്ടത്.

ധാരണാപത്ര പ്രകാരം സ്‌പേസ് പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് വിക്രം സാരാഭായ് സ്പേസ് സെന്റർ നിർണായക സഹായങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകും. സ്‌പേസ് പാർക്കിൽ പ്രവർത്തിക്കുന്ന വ്യവസായ സംരഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും എസ്എംഇകൾക്കും വിഎസ്എസ്സി സാങ്കേതിക പിന്തുണ നൽകും. പകരം രാജ്യത്താകെയുള്ള ബഹിരാകാശ പര്യവേഷണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ശക്തമായ ഒരു വ്യവസായ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ സ്പേസ് പാർക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ദേശീയ ബഹിരാകാശ രംഗത്തെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ഉൽപ്പാദിപ്പിക്കുന്നതിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ സ്പേസ് പാർക്ക് പ്രതിജ്ഞാബദ്ധമായിരിക്കും. വിഎസ്എസ്സിയും സ്പേസ് പാർക്കുമായുള്ള സഹകരണം ബഹിരാകാശ സാങ്കേതികവിദ്യയിലും വ്യവസായത്തിലും ഇന്ത്യയുടെ കുതിപ്പിന് ഊർജ്ജം പകരുമെന്നുറപ്പാണ്.

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫീസിൽ ആക്രമണം നടത്തിയതിന്റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള നിർദേശം ചെയർമാനും മറ്റ് ഉദ്യോഗസ്ഥർക്കും നൽകി. വൈദ്യുതി പുനസ്ഥാപിക്കാനെത്തുമ്പോൾ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ ഉറപ്പ് കിട്ടിയാൽ ഇന്ന് തന്നെ വൈദ്യുതി പുനസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മക്കൾ ചെയ്തതിനുള്ള പ്രതികാരമായല്ല വീട്ടുകാരുടെ വൈദ്യുതി വിച്ഛേദിച്ചതെന്നാണ് മന്ത്രി നേരത്തെ പ്രതികരിച്ചത്. വൈദ്യുത കണക്ഷൻ ഉടമയും ജീവനക്കാരോട് മോശമായി പെരുമാറി. പോലീസ് നടപടി പോലെ അല്ല എംഡിയുടെ നടപടിയെന്നും മന്ത്രി വിശദമാക്കി.

കെഎസ്ഇബിയെ ന്യായീകരിച്ച മന്ത്രി ഇപ്പോൾ നിലപാട് തിരുത്തിയിരിക്കുകയാണ്. കെഎസ്ഇബി എംഡിയെ ന്യായീകരിച്ചും പിന്തുണച്ചുമാണ് നേരത്തെ വൈദ്യുതി മന്ത്രി രംഗത്തെത്തിയത്. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് എംഡിയുടെ നടപടിയെന്നും യുപി മോഡൽ പ്രതികാരമൊന്നുമല്ലെന്നുമാണ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞത്.

ആലപ്പുഴ: ജില്ലയിൽ ആറാട്ടുപുഴ മുതൽ ചെല്ലാനം വരെ തീരദേശഹൈവെയ്ക്കുള്ള പണം സംസ്ഥാന സർക്കാർ അനുവദിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതോടെ തീരദേശത്ത് വലിയ വികസനമാണ് വരാൻ പോകുന്നത്. ഭൂമിക്ക് നല്ല വില ലഭിക്കും. ഒരു തീരദേശവാസിയും അനാഥമാകില്ല. ഓരോ തീരദേശവാസിയെയും സംരക്ഷിച്ചുകൊണ്ടുള്ള പാക്കേജാണ് സർക്കാർ മുന്നോട്ടുവെയ്ക്കുകയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസനം ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയാണ്. പി.എസ്.സി. മുഖാന്തരം ഏറ്റവും കൂടുതൽ നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണ്. മലയോര ഹൈവെ, ഗ്യാസ് പൈപ്പ്ലൈൻ, തീരദേശഹൈവെ ഇങ്ങനെ തുടങ്ങിവെച്ച വികസന പദ്ധതികൾ ഓരോന്നായി സർക്കാർ പൂർത്തിയാക്കി വരികയാണ്. വികസനമാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്ന കാഴ്ച്ചപ്പാടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ജില്ല പഞ്ചായത്തംഗം ഗീതാ ബാബു, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, വൈസ് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ഷീജ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എൻ.കെ. ബിജുമോൻ, പി.പി. ആന്റണി, സുലഭ ഷാജി, ആലപ്പുഴ കെട്ടിടവിഭാഗം ഇ.ഇ. ഐ. റംലാബീവി, അമ്പലപ്പുഴ എ.എം.ഒ. ഡോ. രമ്യ, മെഡിക്കൽ ഓഫീസർ ഡോ.ടി.എ. പൂർണിമ, സെന്റ് ജോൺ മരിയവിയാനി പള്ളി വികാരി ഫാ. ക്ലീറ്റസ് കാരക്കാട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ. ഓമനക്കുട്ടൻ, വി. ബാബുരാജ്, ജമാൽ പള്ളാത്തുരുത്തി, സെക്രട്ടറിയും ചാർജ് ആർ. ബിനു തുടങ്ങിയവർ പങ്കെടുത്തു.

എച്ച്. സലാം എം.എൽ.എ.യുടെ 2021 -22 ലെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമ്മിച്ചത്. 1550 സ്‌ക്വയർഫീറ്റുള്ള കെട്ടിടത്തിന്റെ ഫൗണ്ടേഷൻ ഐസൊലേറ്റഡ് ഫൂട്ടിങ് ആണ്. നിലവിൽ കെട്ടിടത്തിന്റെ എക്സ്റ്റൻഷനായിട്ടാണ് പുതിയ കെട്ടിടം നിർമിച്ചത്. 53 ലക്ഷം രൂപയുടെ സിവിൽ പ്രവർത്തികളും മൂന്ന് ലക്ഷം രൂപയുടെ വൈദ്യുതികരണവും ഉൾപ്പെടെ ആകെ 56 ലക്ഷം രൂപ ചെലവഴിച്ചാണ് പാർട്ടീഷൻ പ്രവർത്തികൾ, കബോർഡ്, ഫർണിച്ചറുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, നിലവിലുള്ള കെട്ടിടത്തിന്റെ പുന-ക്രമീകരണ പ്രവർത്തികൾ എന്നിവയും അധികമായി ഉൾപ്പെടുത്തി.

തിരുവനന്തപുരം: നിർമിത ബുദ്ധിയുടെ നേട്ടങ്ങൾ തിരിച്ചറിഞ്ഞ് അവയെ പുരോഗമനോൻമുഖമായി ഉപയോഗിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ജില്ലാ അവാർഡുകളുടെ വിതരണവും യുനിസെഫ് തയ്യാറാക്കിയ പഠന റിപ്പോർട്ടിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വരും കാലം നിർമിത ബുദ്ധിയുടെ കാലഘട്ടമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അവയുടെ കോട്ടങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ വരും തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്. ഗുണകരമായവയെ പരിചയപ്പെടുത്തുക, ദോഷകരമായവയെ തിരസ്‌ക്കരിക്കുക എന്ന കാഴ്ചപ്പാടിലൂന്നിയാണ് നൂതന സാങ്കേതിക വിദ്യയുടെ പഠനവും പ്രയോഗവും സ്‌കൂളുകളിൽ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർമിത ബുദ്ധി എങ്ങനെ പ്രവർത്തിക്കുന്നുവെന്നല്ല കുട്ടികൾ പഠിക്കുന്നത്. എ ഐയുടെ അടിസ്ഥാന കോഡിംഗ് അവർ പഠിക്കുന്നു. അതുപോലെ സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങൾ അവർ മനസിലാക്കുന്നു. നൂതന സാങ്കേതിക വിദ്യയുടെ ഈ യുഗത്തിൽ കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ലഭ്യമാക്കിയാൽ മാത്രം പോര. അത് വിവേചന ബുദ്ധിയോടെ ഉപയോഗിക്കുന്നതിനുള്ള അറിവുകൾ പകർന്നു നൽകുകയും വേണം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രൈമറി തലത്തിലുള്ള വിവര സാങ്കേതിക വിദ്യ പാഠപുസ്തകങ്ങളിൽ പ്രോഗ്രാമിങ് അഭിരുചി വളർത്തൽ, യുക്തിചിന്ത എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.

സാങ്കേതിക വിദ്യയിൽ വരുന്ന മാറ്റം ആദ്യം ഉൾക്കൊള്ളുക കുട്ടികളാണ്. കുട്ടികൾക്ക് രസകരമായ പഠനത്തിനുള്ള അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സ്‌കൂളുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെ 80,000 അധ്യാപകർക്ക് എ ഐ പരിശീലനം ആരംഭിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 2025 ഓടെ മുഴുവൻ അധ്യാപകർക്കും എ. ഐ പരിശീലനം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. യൂണിസെഫ് ഇന്ത്യ എഡ്യൂക്കേഷണൽ സ്‌പെഷ്യലിസ്റ്റ് പ്രമീള മനോഹരൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, യുണിസെഫ് സോഷ്യൽ പോളിസി സ്‌പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, ഐടി ഫോർ ചെയ്ഞ്ച് ഡയറക്ടർ ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സംബന്ധിച്ചു.