ആലപ്പുഴ തീരദേശഹൈവെയ്ക്ക് സർക്കാർ പണം അനുവദിച്ചു: മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ജില്ലയിൽ ആറാട്ടുപുഴ മുതൽ ചെല്ലാനം വരെ തീരദേശഹൈവെയ്ക്കുള്ള പണം സംസ്ഥാന സർക്കാർ അനുവദിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതോടെ തീരദേശത്ത് വലിയ വികസനമാണ് വരാൻ പോകുന്നത്. ഭൂമിക്ക് നല്ല വില ലഭിക്കും. ഒരു തീരദേശവാസിയും അനാഥമാകില്ല. ഓരോ തീരദേശവാസിയെയും സംരക്ഷിച്ചുകൊണ്ടുള്ള പാക്കേജാണ് സർക്കാർ മുന്നോട്ടുവെയ്ക്കുകയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസനം ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയാണ്. പി.എസ്.സി. മുഖാന്തരം ഏറ്റവും കൂടുതൽ നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണ്. മലയോര ഹൈവെ, ഗ്യാസ് പൈപ്പ്ലൈൻ, തീരദേശഹൈവെ ഇങ്ങനെ തുടങ്ങിവെച്ച വികസന പദ്ധതികൾ ഓരോന്നായി സർക്കാർ പൂർത്തിയാക്കി വരികയാണ്. വികസനമാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്ന കാഴ്ച്ചപ്പാടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ജില്ല പഞ്ചായത്തംഗം ഗീതാ ബാബു, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, വൈസ് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ഷീജ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എൻ.കെ. ബിജുമോൻ, പി.പി. ആന്റണി, സുലഭ ഷാജി, ആലപ്പുഴ കെട്ടിടവിഭാഗം ഇ.ഇ. ഐ. റംലാബീവി, അമ്പലപ്പുഴ എ.എം.ഒ. ഡോ. രമ്യ, മെഡിക്കൽ ഓഫീസർ ഡോ.ടി.എ. പൂർണിമ, സെന്റ് ജോൺ മരിയവിയാനി പള്ളി വികാരി ഫാ. ക്ലീറ്റസ് കാരക്കാട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ. ഓമനക്കുട്ടൻ, വി. ബാബുരാജ്, ജമാൽ പള്ളാത്തുരുത്തി, സെക്രട്ടറിയും ചാർജ് ആർ. ബിനു തുടങ്ങിയവർ പങ്കെടുത്തു.

എച്ച്. സലാം എം.എൽ.എ.യുടെ 2021 -22 ലെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിർമ്മിച്ചത്. 1550 സ്‌ക്വയർഫീറ്റുള്ള കെട്ടിടത്തിന്റെ ഫൗണ്ടേഷൻ ഐസൊലേറ്റഡ് ഫൂട്ടിങ് ആണ്. നിലവിൽ കെട്ടിടത്തിന്റെ എക്സ്റ്റൻഷനായിട്ടാണ് പുതിയ കെട്ടിടം നിർമിച്ചത്. 53 ലക്ഷം രൂപയുടെ സിവിൽ പ്രവർത്തികളും മൂന്ന് ലക്ഷം രൂപയുടെ വൈദ്യുതികരണവും ഉൾപ്പെടെ ആകെ 56 ലക്ഷം രൂപ ചെലവഴിച്ചാണ് പാർട്ടീഷൻ പ്രവർത്തികൾ, കബോർഡ്, ഫർണിച്ചറുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, നിലവിലുള്ള കെട്ടിടത്തിന്റെ പുന-ക്രമീകരണ പ്രവർത്തികൾ എന്നിവയും അധികമായി ഉൾപ്പെടുത്തി.