കെഎസ്ഇബി ഓഫീസ് അതിക്രമത്തിന്‍റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കും; മന്ത്രി

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫീസിൽ ആക്രമണം നടത്തിയതിന്റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള നിർദേശം ചെയർമാനും മറ്റ് ഉദ്യോഗസ്ഥർക്കും നൽകി. വൈദ്യുതി പുനസ്ഥാപിക്കാനെത്തുമ്പോൾ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ ഉറപ്പ് കിട്ടിയാൽ ഇന്ന് തന്നെ വൈദ്യുതി പുനസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മക്കൾ ചെയ്തതിനുള്ള പ്രതികാരമായല്ല വീട്ടുകാരുടെ വൈദ്യുതി വിച്ഛേദിച്ചതെന്നാണ് മന്ത്രി നേരത്തെ പ്രതികരിച്ചത്. വൈദ്യുത കണക്ഷൻ ഉടമയും ജീവനക്കാരോട് മോശമായി പെരുമാറി. പോലീസ് നടപടി പോലെ അല്ല എംഡിയുടെ നടപടിയെന്നും മന്ത്രി വിശദമാക്കി.

കെഎസ്ഇബിയെ ന്യായീകരിച്ച മന്ത്രി ഇപ്പോൾ നിലപാട് തിരുത്തിയിരിക്കുകയാണ്. കെഎസ്ഇബി എംഡിയെ ന്യായീകരിച്ചും പിന്തുണച്ചുമാണ് നേരത്തെ വൈദ്യുതി മന്ത്രി രംഗത്തെത്തിയത്. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് എംഡിയുടെ നടപടിയെന്നും യുപി മോഡൽ പ്രതികാരമൊന്നുമല്ലെന്നുമാണ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞത്.