പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയ സംഭവം; കൂടുതൽ നേതാക്കൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്

കോഴിക്കോട്: പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഐഎം നേതാവ് കോഴ വാങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ കൂടുതൽ നേതാക്കൾക്ക് പങ്കുണ്ടെന്നാണ് വിവരം. ഏരിയാ തലത്തിൽ പ്രവർത്തിക്കുന്ന രണ്ട് പേർക്ക് ഇടപാടിൽ പങ്കുണ്ടെന്നാണ് സിപിഐഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയത്. ഇവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

സിപിഐഎം ഏരിയാ തലത്തിൽ പ്രവർത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പരാതി ഉയർന്നത്. പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഐഎം നേതാവ് പാർട്ടിയുമായി ബന്ധമുള്ള ഒരു ഡോക്ടറിൽ നിന്നാണ് യുവ നേതാവ് കോഴവാങ്ങിയത്. കോഴിക്കോട് നഗരത്തിലെ യുവജന നേതാവും ഏരിയാ സെന്റർ അംഗവുമായ നേതാവിനെതിരെയാണ് പരാതി.

60 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടതെന്നും ആദ്യഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്. പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ പണം നൽകിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പിൽ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിർത്തി. എന്നാൽ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആൾ പാർട്ടിക്ക് പരാതി നൽകിയത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.