General (Page 172)

തിരുവനന്തപുരം: ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാടാണെന്നും ലോകം അതംഗീകരിക്കുന്നുവെന്നും ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ 12-ാമത് ബിരുദദാനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഉപരാഷ്ട്രപതി.

ആഗോള രാജ്യങ്ങൾ ഇന്ത്യയുടെ ബഹിരാകാശ വിജയങ്ങളെ അംഗീകരിച്ചു. കഴിഞ്ഞ ഒരു വർഷത്തെ ബഹിരാകാശ ദൗത്യങ്ങൾ പ്രശംസ അർഹിക്കുന്നു. ചന്ദ്രയാൻ, ആദിത്യ എൽ 1 ദൗത്യങ്ങൾ സാധ്യമായത് ഐ.എസ്.ആർ.ഒ കാരണമാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമെന്ന ബഹുമതിയിൽ നമ്മൾ അഭിമാനിക്കണം.

ഈ നൂറ്റാണ്ട് ഭാരതത്തിന്റേതാണ്. ഭാരതം കുതിച്ചുയരുകയാണ്. ആ വളർച്ച യുവാക്കളാണ് നയിക്കുന്നത്. അത് 2047-ൽ പാരമ്യത്തിലെത്തും. എന്നാൽ 2047ന് മുമ്പ് നമ്മൾ വികസിത ഭാരതം ആകുമെന്ന് വിശ്വസിക്കുന്നു. മൂന്നാമത്തെ വലിയ ആഗോള സമ്പദ് വ്യവസ്ഥയാകാനുള്ള പാതയിലാണ് രാജ്യം. യുവാക്കൾക്ക് വളരാനുള്ള മികച്ച അന്തരീക്ഷം രാജ്യത്തുണ്ടെന്നും അവരുടെ താല്പര്യം, കഴിവ്, എന്നിവ വളർത്തിയെടുക്കാൻ ഇന്ത്യയിൽ സാധിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

അധ്യാപകരുൾപ്പെടുന്ന അക്കാദമിക വിഭവശേഷിയിലും വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങളിലും മാതൃക തീർക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി. ഐ എസ് ആർ ഒ യിലടക്കം പ്രവർത്തിച്ച് രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ ഭാഗമാകാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നുവെന്നത് അഭിമാനകരമാണ്. ഓരോ നിമിഷവും ലോകത്തിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ബിരുദം ഏറ്റു വാങ്ങിയ എല്ലാവർക്കും കഴിയുന്നു. ലിഥിയം, സോഡിയം അടക്കമുള്ള മൂലകങ്ങളുടെ വരും സാധ്യതകളിലാണ് ഇന്ന് ലോകത്തിന്റെ ശ്രദ്ധ. ഹൈഡ്രജൻ ഇന്ധനമാക്കി ഹരിത ഊർജ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യ കർമ പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ആട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേണിങ്, ബ്ലോക്ക് ചെയിൻ മാനേജ്മെന്റടക്കമുള്ള നവീന വിഷയങ്ങൾക്ക് സാധ്യതയേറുന്നു. ഇവയുടെ എല്ലാം സാധ്യതകൾ അറിയുകയും പഠിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിവേഗം രൂപാന്തരത്വം പ്രാപിക്കുന്ന ശാഖയെന്ന രീതിയിൽ സ്പേസ് ടെക്നോളജിയിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനും വിദ്യാർത്ഥി സമൂഹത്തിന് ബാധ്യതയുണ്ട്. പ്രസ്തുത മേഖലകളിൽ ഗവേഷണ ഫലങ്ങൾ കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ജനതക്ക് പ്രയോജനപ്പെടും വിധം ഉപയോഗിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

പരാജയങ്ങളിൽ ഭയപ്പെടേണ്ടതില്ല. അത് വരും വിജയങ്ങളുടെ മുന്നോടിയായി കണ്ടാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ഐ ഐ എസ് ടി ബിരുദ ദാനം ഉപരാഷ്ട്രപതി നിർവഹിച്ചു. ഉപരാഷ്ട്രപതിയുടെ പത്‌നി സുധേഷ് ധൻകർ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കുള്ള പ്രശസ്തി പത്രവും ക്യാഷ് അവാർഡും സമ്മാനിച്ചു.

ഐ എസ് ആർ ഒ ചെയർമാൻ എസ് സോമ്നാഥ്, ചാൻസർ ഡോ. ബി എൻ സുരേഷ്, ഐ ഐ എസ് ടി ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ നായർ , എൽ പി എസ് സി ഡയറക്ടർ ഡോ.വി നാരായണൻ, രജിസ്ട്രാർ പ്രൊഫ.കുരുവിള ജോസഫ് എന്നിവർ സംബന്ധിച്ചു.

ഐ ഐ എസ് ടി ക്യാമ്പസിലെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമ്നാഥ്, ഐ ഐ എസ് ടി ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ക്യാമ്പസ്സിൽ ഉപരാഷ്ട്രപതിയും പത്നി സുധേഷ് ധൻകറും ചേർന്ന് വൃക്ഷത്തൈ നട്ടു.

കോട്ടയം: സഹകരണ സംഘങ്ങളിലെ ഇടപാടുകൾക്കായി ഏകീകൃത സോഫ്റ്റ് വെയർ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അടുത്തമാസം ആരംഭിക്കുമെന്ന് സഹകരണ- തുറമുഖ – ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ. 10 ലക്ഷത്തിനു മുകളിലുള്ള വായ്പയുടെ ജാമ്യവസ്തു വാല്യുവേഷന് അഞ്ചംഗ സംഘത്തെ നിയോഗിക്കുമെന്നും 102-ാം അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നിർവഹിച്ചു പ്രസംഗിക്കവേ മന്ത്രി പറഞ്ഞു.

ഏകീകൃത സോഫ്റ്റ്വേർ സർക്കാർ ചെലവിലായിരിക്കും നടപ്പാക്കുക. ടാറ്റാ കൺസൾട്ടൻസി സർവീസുമായാണ് കരാറിലേർപ്പെടുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് പൂർണ ചുമതല. സഹകരണ സംഘങ്ങളിൽ നിലവിലുള്ള സോഫ്റ്റ്വേർ നിലനിർത്തിക്കൊണ്ടാവും ഏകീകൃത സോഫ്്റ്റവേറിന്റെ പ്രവർത്തനമെന്നും അദ്ദേഹം അറിയിച്ചു.

സഹകരണമേഖലയിലെ ഒറ്റപ്പെട്ട ക്രമക്കേടുകൾക്കെതിരേയുള്ള നടപടികൾ ഫലം കാണുകയാണ്. കരുവന്നൂർ സഹകരണബാങ്കിലെ നിക്ഷേപകർക്ക് 124.94 കോടി രൂപ ഇതിനോടകം തിരികെ നൽകി. ശേഷിക്കുന്നവർക്കു നിക്ഷേപത്തുക മടക്കിക്കൊടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 12 കോടി രൂപയുടെ പുതിയ നിക്ഷേപവും ബാങ്കിലെത്തി. സ്വർണപണയടക്കമുള്ള നടപടികൾ കരുവന്നൂർ ബാങ്കിൽ വീണ്ടും തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്‌കാരം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനും പ്രമുഖ സഹകാരിയുമായ കോലിയക്കോട് കൃഷ്ണൻനായർക്കു മന്ത്രി സമ്മാനിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയതിന് സഹകരണ വകുപ്പ് മന്ത്രിയുടെ കോ-ഓപ്പറേറ്റീവ് ഡേ പുരസ്‌കാരം ഊരാളുങ്കൽ ലേബർ കേൺട്രാക്ട് സൊസൈറ്റിക്കും സമ്മാനിച്ചു. അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നൽകുന്ന സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാനതല പുരസ്‌കാരവും കോട്ടയം ജില്ലയിലെ മികച്ച സഹകരണ സഹകരണഘങ്ങൾക്കുള്ള പുരസ്‌കാരവും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. സംസ്ഥാന തലത്തിൽ 10 വിഭാഗങ്ങളിലും ജില്ലാതലത്തിൽ എട്ടു വിഭാഗങ്ങളിലുമാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. പ്രവർത്തനത്തിൽ 100 വർഷം പിന്നിട്ട കോട്ടയം ജില്ലയിലെ 16 സഹകരണസ്ഥാപനങ്ങളെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.

കാസർഗോഡ്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർകോട് പള്ളിക്കരയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. മുന്നിൽ സഞ്ചരിച്ചിരുന്ന എസ്‌കോട്ട് വാഹനത്തിലാണ് വി ഡി സതീശന്റെ വാഹനം ഇടിച്ചത്. മംഗലാപുരത്തേക്ക് പോവുകയായിരുന്നു വി ഡി സതീശൻ. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല.

വി ഡി സതീശൻ കൊല്ലൂരിലേക്കാണ് പോയതെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്.

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പൊതു ബജറ്റ് അവതരണം ജൂലൈ 23ന്. ജൂലൈ 22 മുതൽ പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കും. ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സർക്കാരിൻറെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ആയിരിക്കും. ആഗസ്റ്റ് 12 വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും. ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടർ ദിവസങ്ങളിൽ ചർച്ച നടക്കും.

തിരുവനന്തപുരം: തിരുവമ്പാടി കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി അസിസ്റ്റന്റ് എഞ്ചിനീയറുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസ് തച്ചുതകർക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത വ്യക്തികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ എ എസ് ഉത്തരവു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് തിരുവമ്പാടി ഉള്ളാറ്റിൽ ഹൗസിലെ റസാക് എന്നയാളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിന്റെ പ്രതികാരമായി മകൻ അജ്മൽ എന്നയാളും കൂട്ടാളിയും ചേർന്ന് വെള്ളിയാഴ്ച കെ എസ് ഇ ബി ലൈൻമാൻ പ്രശാന്ത് പി. സഹായി അനന്തു എം. കെ. എന്നിവരെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ പ്രശാന്ത് പി എസ് തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിലുള്ള പ്രതികാരമായാണ് അജ്മൽ കൂട്ടാളി ഷഹദാദുമൊത്ത് ശനിയാഴ്ച രാവിലെ സെക്ഷൻ ഓഫീസിലെത്തി അതിക്രമം കാട്ടിയത്.

രാവിലെ സൺറൈസ് മീറ്റിംഗ് സമയത്ത് സെക്ഷൻ ഓഫീസിൽ കടന്നുകയറിയ അക്രമികൾ അസിസ്റ്റന്റ് എഞ്ചിനീയറുടെ ശരീരത്ത് ഭക്ഷണാവശിഷ്ടങ്ങളുള്ള മലിന ജലം ഒഴിക്കുകയും സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയുമുണ്ടായി. പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന ഭീഷണി മുഴക്കിയ അക്രമികൾ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഓഫീസ് ഉപകരണങ്ങൾ തച്ചുതകർത്ത് വലിയ തോതിൽ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.

മർദ്ദനമേറ്റ അസി. എഞ്ചിനീയറും നാല് ജീവനക്കാരും ഇപ്പോൾ മുക്കം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾക്കെതിരെ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഹോണറേറിയം വിതരണത്തിനായി 10.88 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം 144.81 കോടി രൂപയാണ് ഇവരുടെ ഹോണറേറിയം വിതരണത്തിന് സംസ്ഥാന വിഹിതമായി ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 46 കോടി രൂപ മൂന്നു മാസത്തിനുള്ളിൽ നൽകിയതായും ധനമന്ത്രി വ്യക്തമാക്കി.

33,115 അങ്കണവാടികളിലായി 66,000 ൽപരം വർക്കർമാരും ഹെൽപ്പർമാരുമായി പ്രവർത്തിക്കുന്നത്. ഇവരുടെ പ്രതിഫലത്തിൽ 60 ശതമാനവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്നു. കഴിഞ്ഞവർഷം കേന്ദ്ര വിഹിതം അംഗീകരിച്ചതിൽ 21 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല. ഈ വർഷം 209 കോടി രൂപയാണ് കേന്ദ്ര വിഹിതമായി അംഗീകരിച്ചിട്ടുള്ളത്. എന്നാൽ, മൂന്നുമാസം കഴിഞ്ഞിട്ടും ഒരു രൂപയും അനുവദിച്ചിട്ടില്ലെന്നും കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരകണക്കിന് ഭക്തജനങ്ങൾ ദർശനത്തിനെത്തുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ തിരുവനന്തപുരം നിവാസികൾക്ക് വേണ്ടി പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി.

ഗുരുവായൂർ ക്ഷേത്രത്തിലും തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും തദ്ദേശീയരായ ഭക്ത ജനങ്ങൾക്ക് നിലവിലുള്ള സംവിധാനം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും നടപ്പാക്കണമെന്നാണ് ആവശ്യം. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രത്തിൽ തിരുവനന്തപുരത്തുകാരായ സാധാരണകാർക്ക് ദർശനം നടത്താൻ കഴിയുന്നില്ലെന്നാണ് പരാതി. പ്രത്യേക ക്യൂ സംവിധാനം നിലവിൽ വന്നാൽ ഭരണ ഘടന ഉറപ്പു നൽകുന്ന ആരാധനാ സ്വതന്ത്ര്യം ഉറപ്പാക്കാമെന്ന് പരാതിക്കാരായ കവടിയാർ ഹരികുമാർ, അഡ്വ. വിജയകുമാർ എന്നിവർ പരാതിയിൽ പറഞ്ഞു.

തിരുവനന്തപുരം: കേരളത്തെ പ്രാകൃത യുഗത്തിലേക്ക് നയിക്കുന്ന ദുഷ്‌കർമ്മികളായ രാഷ്ട്രീയ-മത നേതാക്കളെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കേരള നവോത്ഥാനത്തെ അധോലോക സംസ്‌ക്കാരമാക്കി മാറ്റാൻ ശ്രമിക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ പുരോഗമന യുവജനപ്രസ്ഥാനങ്ങൾ ആശയ പ്രചാരണം സംഘടിപ്പിക്കണം. ഹിന്ദുക്കൾക്കിടയിൽ കൂടോത്രം , ക്രിസ്ത്യാനികൾക്കിടയിൽ അത്ഭുത രോഗശാന്തി, മുസ്ലീംങ്ങൾക്കിടയിൽ സിഹ്ർ തുടങ്ങിയ ദുരാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ശത്രു സംഹാരത്തിനു വേണ്ടി അന്യരുടെ വീട്ടുവളപ്പിലും അഭിലഷിക്കുന്ന ഉയർച്ചയ്ക്കുവേണ്ടി സ്വന്തം വീട്ടിലും ‘ ചെമ്പുതകിടുകൾ ഉൾപ്പെടെയുള്ള പരിഹാര യന്ത്രങ്ങൾ ദുർമന്ത്രവാദികളെ കൊണ്ട് കുഴിച്ചിടുന്നവർ നിരവധിയാണ്. കുറ്റവാസനയുള്ള ഭീരുക്കളാണ് ഈ ആഭിചാരക്രിയകൾ നടത്തുന്നത്. അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട് ആധുനിക ചികിത്സ നിഷേധിക്കുന്ന വിദ്യാസമ്പന്നരും കുറവല്ല. ചില വ്യാജ പുരോഹിതരുടെ തട്ടിപ്പുകൾക്ക് ഇവർ വിധേയരാകുന്നു. ഹിംസാത്മകമായ ക്രൂരത കാട്ടുന്നവരെ ജനങ്ങൾ സാമൂഹ്യമായി ബഹിഷ്‌ക്കരിക്കണമെന്നും ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചg. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നൽകിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാൻ കൂടിയാണ് സർക്കാർ സഹായം ലഭ്യമാക്കുന്നത്.

ഇപ്പോൾ പ്രതിമാസം 50 കോടി രൂപയെങ്കിലും കോർപ്പറേഷന് സർക്കാർ സഹായമായി നൽകുന്നുണ്ട്. ഈ സർക്കാർ ഇതുവരെ 5747 കോടി രൂപ കോർപറേഷന് സഹായമായി കൈമാറിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഉത്തരവ്. വിവരാവകാശ കമ്മീഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

വിലക്കപ്പെട്ട വിവരം ഒഴിച്ച് മറ്റൊന്നും മറച്ചുവയ്ക്കരുതെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. 2019 ലാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്.

2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സമഗ്രമായി പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്.

നൽകാനാവാത്ത വിവരങ്ങൾ സെക്ഷൻ 10 A പ്രകാരം വേർതിരിച്ച് ബാക്കി മുഴുവൻ വിവരങ്ങളും നൽകണമെന്നാണ് നിർദേശം. ജൂലൈ 25 നകം റിപ്പോർട്ട് അപേക്ഷകർക്ക് നൽകണമെന്ന സമയപരിധിയും വിവരാവകാശ കമ്മീഷൻ നൽകുന്നുണ്ട്.