General (Page 170)

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. മോദിക്ക് ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനായെന്ന് പുടിൻ പറഞ്ഞു. മൂന്നാം തവണയും അധികാരത്തിൽ എത്തിയത് വലിയ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ-റഷ്യ 22-ാം വാർഷികസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻറ് വ്‌ളാദിമിർ പുടിനും നേതൃത്വം നൽകുന്ന ഉച്ചകോടിക്ക് ശേഷം സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം, റഷ്യയുടെ പരമോന്നത ദേശീയ പുരസ്‌ക്കാരമായ ഓഡർ ഓഫ് സെൻറ് ആൻഡ്രു മോദിക്ക് ഇന്ന് സമ്മാനിക്കും. 2019 ലാണ് ഈ ബഹുമതി പ്രഖ്യാപിച്ചത്. മോസ്‌കോവിലെ ഇന്ത്യൻ സമൂഹത്തെയും മോദി ഇന്ന് കാണും. വൈകിട്ട് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ മോദി എത്തും.

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം 15 ശതമാനത്തിൽ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേനയിൽ ആറ് ശതമാനമായിരുന്ന വനിതാ പ്രാതിനിധ്യം ഇപ്പോൾ 11.37 ശതമാനമായി ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസ് സേനയിൽ സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാവശ്യമായ ബോധപൂർവ്വമായ ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്. പൊലീസ് സേനയുടെ ശോഭ കെടുത്തുന്ന വിധത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 108 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ചലച്ചിത്രങ്ങളിലും, ഡോകുമെൻററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശിച്ച് സുപ്രീം കോടതി. ഭിന്നശേഷിക്കാരുടെ നേട്ടങ്ങൾ ആണ് ചിത്രങ്ങളിലും ഡോകുമെന്ററികളിലും കാണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

വൈകല്യത്തെ അവഹേളിക്കുന്നതിനായി ചീത്രീകരിക്കരുത്. ഇക്കാര്യത്തിൽ സിനിമയടക്കം ദൃശ്യമാധ്യമങ്ങൾക്ക് സുപ്രീംകോടതി മാർഗ്ഗ രേഖ പുറത്തിറക്കി. ഏഴ് മാർഗനിർദ്ദേശങ്ങളാണ് സുപ്രീംകോടതി പുറത്തിറക്കിയത്. സിനിമകൾക്ക് പ്രദർശനം അനുവദിക്കുന്നതിന് മുൻപ് ഈക്കാര്യങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സെൻസർബോർഡ് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂലൈ 08, 11, 12 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും ജൂലൈ 08, 09,10,11 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിഎസ്സി കോഴ വിവാദം സംസ്ഥാന സർക്കാർ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കോഴ ആരോപണം ഉയർന്ന് വന്നത് സാധാരണ നേതാവിലേക്കല്ലെന്നും സംസ്ഥാന ഭരണ സിരാ കേന്ദ്രത്തിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് തന്നെ ഇത് ഒരു സാധാരണ അഴിമതി ആരോപണല്ല. വിഷയത്തിൽ ഗൗരവമായ അന്വേഷണം വേണമെന്ന ആവശ്യവും കെ സുരേന്ദ്രൻ മുന്നോട്ടുവെച്ചു.

അതേസമയം, പിഎസ്സി അംഗ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രതികരണം നടത്തിയിരുന്നു. പി എസ് സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴി വിട്ട രീതിയിൽ ഒന്നും നടക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു.

നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. തട്ടിപ്പ് നടന്നാൽ അതിന് തക്ക നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന എൻ ഷംസുദ്ദീന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്

തിരുവനന്തപുരം: ആർസിസിയിലെ മേജർ കമ്പ്യൂട്ടർ സിസ്റ്റത്തെ സൈബർ ആക്രമണം ബാധിച്ചിട്ടില്ലെന്നും ആരോഗ്യ ഡാറ്റ സുരക്ഷിതമാണെന്നും മന്ത്രി വീണാ ജോർജ്. രോഗികളുടെ റേഡിയേഷൻ വിവരങ്ങളുൾപ്പെടെ സുരക്ഷിതമാണെന്ന് മന്ത്രി വ്യക്തമാക്കി. നിയമസഭയിലാണ് വീണാ ജോർജ് ഇക്കാര്യം അറിയിച്ചത്.

സൈബർ ആക്രമണം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ നടപടികൾ സ്വീകരിച്ചു. രണ്ട് കമ്പനിയുടെ സെർവറുകൾക്കു നേരെയാണ് ഏപ്രിൽ 28-ന് സൈബർ ആക്രമണം ഉണ്ടായത്. ആർസിസിയുടെ വെബ്‌സൈറ്റ് സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.

ക്രിട്ടിക്കൽ സിസ്റ്റത്തിലേക്ക് ബാധിക്കുന്നതിനു മുമ്പുതന്നെ ഇത് കണ്ടെത്തുകയും പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു. ആർസിസിയുടെ മേജറായ സിസ്റ്റത്തിനോ സെർവറിനോ നേരേ ആക്രമണമുണ്ടായിട്ടില്ല. ആ തരത്തിലുള്ള സുരക്ഷ അവയ്ക്കുണ്ടായിരുന്നതിനാലാണതെന്ന് വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പക്ഷിപ്പനി സംബന്ധിച്ചു പഠനം നടത്തുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച സംഘം റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിലെ നിർദേശങ്ങളുടെ പ്രായോഗിക വശങ്ങൾ വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരെയും വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തിയായിരുന്നു സർക്കാർ വിദഗ്ധ സംഘം രൂപീകരിച്ചത്.

ദേശാടന പക്ഷികളിൽ നിന്നും അസുഖം ബാധിച്ച പക്ഷികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയതിലൂടെയും ഇവയുടെ വിൽപനയിലൂടെയും അസുഖം പടർന്നിരിക്കാമെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. പക്ഷിപ്പനി ബാധിച്ചു മരിച്ച പക്ഷികളുടെ അവശിഷ്ടങ്ങളും തീറ്റയും കാഷ്ടവുമുൾപ്പെടെയുള്ള മറ്റു വസ്തുക്കളും ശാസ്ത്രീയമായി സംസ്‌കരിക്കാത്തത് മൂലം അവയിൽ നിന്ന് മറ്റ് പറവകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചേർത്തല, തണ്ണീർമുക്കം ഇന്റഗ്രേഷൻ ഫാമുകളിലെ സൂപ്പർവൈസർമാരുടെ ഒരു ഫാമിൽ നിന്ന് മറ്റൊന്നിലേക്കുള്ള അനിയന്ത്രിതമായ സഞ്ചാരവും അസുഖം പടരുന്നതിന് കാരണമായിട്ടുണ്ട്. രോഗം ബാധിച്ച കാക്കകൾ മുഖേനയും പക്ഷിപ്പനി പടർന്നിരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് രോഗബാധ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വനങ്ങളിൽ നിന്നുള്ള വൈറസ് സാന്നിധ്യമുള്ള പക്ഷികളിൽ നിന്നും നാട്ടിലെ താറാവുകളിലേക്കും മറ്റു കോഴി വളർത്തൽ കേന്ദ്രങ്ങളിലേക്കും രോഗം പടർന്നിരിക്കാൻ സാധ്യതയുണ്ട്. ഇറച്ചി ആവശ്യത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ബ്രോയിലർ കോഴികളിലും താറാവുകളിലും വിശദമായ പഠനം നടത്തേണ്ടതുണ്ടെന്ന് സംഘം വിലയിരുത്തി. വൈറസിന്റെ വിശദമായ ജനിതക പഠനം നടത്തണമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

പക്ഷിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനും 2021 ലെ ദേശീയ കർമ്മ പദ്ധതി കർശനമായി പാലിക്കണമെന്ന് വിദഗ്ധ സമിതി നിർദ്ദേശിച്ചു. പക്ഷിപ്പനി ബാധിച്ച എല്ലാ ജില്ലകളിലെയും നിരീക്ഷണ മേഖലകളിൽ പക്ഷികളുടെ വിൽപ്പനയും കടത്തും (അകത്തോട്ടും പുറത്തോട്ടും) 2025 മാർച്ച് അവസാനം വരെ നിരോധിക്കണം. നിരീക്ഷണ മേഖലയിലുള്ള സർക്കാർ ഫാമുകളിൽ ഉൾപ്പെടെയുള്ള ഹാച്ചറികൾ 2025 മാർച്ച് അവസാനം വരെ അടച്ചിടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മരണപ്പെട്ട പക്ഷികളുടെ അവശിഷ്ടങ്ങൾ ശരിയായ രീതിയിലും ശാസ്ത്രീയമായും സംസ്‌കരിക്കണം. 2025 മാർച്ച് അവസാനം വരെ കുട്ടനാട് മേഖലയിൽ എല്ലാ മാസവും സാമ്പിൾ ശേഖരിച്ച് പരിശോധിക്കണം. സ്വകാര്യ കോഴി, താറാവ് ഫാമുകളുടെ രജിസ്‌ട്രേഷൻ സർക്കാർ മൃഗാശുപത്രികളിൽ നിർബന്ധമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സ്വകാര്യ കോഴി/താറാവ് ഫാമുകളുടെ ലൈസൻസ് നിർബന്ധമാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മുട്ടകളിലും പക്ഷി കുഞ്ഞുങ്ങളിലും പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള സ്‌ക്രീനിങ് നടത്തണം. പന്നിഫാമുകളിൽ കർശന നിരീക്ഷണവും പരിശോധനയും ഉണ്ടാവണം. ഓരോ നാലുമാസം കൂടുമ്പോഴും സർക്കാർ സ്വകാര്യ കോഴി വളർത്തൽ കേന്ദ്രങ്ങളിൽ കർശന നിർബന്ധിത ബയോ സെക്യൂരിറ്റി ഓഡിറ്റിംഗ് നടത്തണം. ഒരു താറാവു വളർത്തൽ കേന്ദ്രത്തിൽ 3000 മുതൽ 5000 വരെ എണ്ണത്തിനെ മാത്രം വളർത്താൻ അനുമതി നൽകുക. ഒരു പഞ്ചായത്തിലെ ഭൂവിസ്തൃതിക്ക് അനുസൃതമായി ആ പ്രദേശത്തു ഉൾക്കൊള്ളാൻ കഴിയുന്ന താറാവുകളുടെ എണ്ണവും നിജപ്പെടുത്തണം. അംഗീകൃത അറവുശാലകൾക്ക് മാത്രം കോഴി, താറാവ് ഇറച്ചി സംസ്‌കരണത്തിന് ലൈസൻസ് നൽകണം. കോഴി / താറാവ് ഫാമുകളുടെ അവശിഷ്ടങ്ങളും മറ്റും തോടുകളിലേക്കും കായലിലേക്കും തള്ളുന്നത് നിരോധിക്കണം. പക്ഷിപ്പനി തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വകാല, ദീർഘകാല പദ്ധതികളാണ് റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ളത്.

കൊല്ലം: സാധാരണക്കാർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ ക്ലിനിക് ആരംഭിച്ച് കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദനാ ദാസിന്റെ മാതാപിതാക്കൾ. വന്ദന കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് മാതാപിതാക്കൾ മകളുടെ ഓർമ്മയ്ക്കായി ക്ലിനിക്ക് നിർമ്മിച്ചിരിക്കുന്നത്. മകളുടെ ആഗ്രഹം പോലെയാണ് മോഹൻദാസും വസന്തകുമാരിയും ചേർന്ന് ക്ലിനിക്ക് നിർമിച്ചത്. മകളുടെ വിവാഹത്തിനായി കരുതിവെച്ച പണമാണ് ഇതിന് ഉപയോഗിച്ചത്.

തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്ക് കുടുംബ ഓഹരിയായി ലഭിച്ച ഭൂമിയിലണ് ക്ലിനിക്ക് ഉയരുന്നത്. മുമ്പുണ്ടായിരുന്ന കെട്ടിടം ഡോ. വന്ദനദാസ് മെമ്മൊറിയിൽ ക്ലിനിക്ക് എന്ന പേരിൽ പുതുക്കി പണിയുകയായിരുന്നു. ക്ലിനിക്കിന്റെ രജിസ്‌ട്രേഷനും ലൈസൻസും ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളാണ് ഇനി പൂർത്തിയാകാനുള്ളത്.

തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്കായി ക്ലിനിക്ക് എന്ന ആഗ്രഹം വന്ദന തന്റെ മാതാപിതാക്കളോട് പങ്കുവെച്ചിരുന്നു. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും സൗജന്യ സേവനം നടത്താനായിരുന്നു വന്ദന ആഗ്രഹിച്ചത്. മകൾ മരണപ്പെട്ടെങ്കിലും മകളുടെ ആഗ്രഹം നിറവേറ്റാനുള്ള പരിശ്രമത്തിലാണ് മാതാപിതാക്കൾ.

തിരുവനന്തപുരം: കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനം ആഗോള മാതൃകയെന്ന് യുനിസെഫ് പഠനം. കേരളത്തിൽ നടപ്പാക്കുന്ന ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ (എഡ്‌ടെക്) ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാത്രമല്ല, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കും വികസിത രാജ്യങ്ങൾക്കും ഒരുപോലെ മാതൃകയാക്കാൻ പര്യാപ്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ യുനിസെഫ് ഇന്ത്യ എഡ്യൂക്കേഷണൽ സ്‌പെഷ്യലിറ്റ് പ്രമീള മനോഹരനിൽനിന്ന് പഠന റിപ്പോർട്ട് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സ. വി ശിവൻകുട്ടി പങ്കെടുത്തു.

റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ

*കുട്ടികൾ സാങ്കേതിക വിദ്യയുടെ ഉപയോക്താക്കൾ എന്ന നിലയിൽനിന്ന് നിർമാതാക്കൾ എന്ന നിലയിലേക്ക് മാറി

*പൊതുവിദ്യാലയങ്ങളിൽ കൂടുതൽ കുട്ടികളെത്താനും ലിറ്റിൽ കൈറ്റ്‌സ് അവസരമൊരുക്കി

*കൗമാരക്കാരെ ശാക്തീകരിക്കാൻ ലിറ്റിൽ കൈറ്റ്‌സ് പദ്ധതികൾ രാജ്യമാകെ നടപ്പാക്കണം

*പദ്ധതി മുഴുവൻ ഹൈസ്‌കൂളിലും നടപ്പാക്കണം, ഹയർ സെക്കൻഡറിതലത്തിലേക്കും വ്യാപിപ്പിക്കണം

*തദ്ദേശ സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും പങ്കാളിത്തത്തിലൂടെ പൊതു വിദ്യാഭ്യാസത്തിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരണം

*കോവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ കേരളം മികച്ച മാതൃകയായി

തിരുവനന്തപുരം; പിഎസ്‌സി അംഗ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. പി എസ് സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴി വിട്ട രീതിയിൽ ഒന്നും നടക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു.

നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. തട്ടിപ്പ് നടന്നാൽ അതിന് തക്ക നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന എൻ ഷംസുദ്ദീന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. ഭരണകക്ഷി നേതാവ് 60 ലക്ഷം കോഴ വാങ്ങിയെന്നാണ് ആരോപണം. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് ഷംസുദ്ദീൻ ചോദിച്ചു. പിഎസ്സിയെ അപകീർത്തിപ്പെടുത്താൻ ഒട്ടേറെ ശ്രമങ്ങൾ നേരത്തെ നടക്കുന്നുണ്ട്. പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.