തിരുവനന്തപുരം: ബഹിരാകാശ വ്യവസായ പാർക്ക് നിർമ്മിക്കുന്നതിൽ പരസ്പര സഹകരണം സാധ്യമാക്കുന്നതിന് വിക്രം സാരാഭായ് സ്പേസ് സെന്ററുമായി കേരള സ്പേസ് പാർക്ക് (KSPACE) ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ബഹിരാകാശ, പ്രതിരോധ, വ്യോമയാന മേഖലകളിലെ സംരംഭങ്ങൾക്കു വേണ്ടി ഒരു സംസ്ഥാന സർക്കാർ രാജ്യത്താദ്യമായി ആരംഭിച്ച സ്‌പേസ് സിസ്റ്റം പാർക്കാണ് തിരുവനന്തപുരത്തെ കേരള സ്പേസ് പാർക്ക്. ഐഎസ്ആർഒ ചെയർമാനും കേന്ദ്ര ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. എസ് സോമനാഥിന്റെ സാന്നിധ്യത്തിലാണ് കേരള സ്പേസ് പാർക്ക് ഇന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററുമായി ധാരണാപാത്രം ഒപ്പിട്ടത്.
ധാരണാപത്ര പ്രകാരം സ്‌പേസ് പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് വിക്രം സാരാഭായ് സ്പേസ് സെന്റർ നിർണായക സഹായങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകും. സ്‌പേസ് പാർക്കിൽ പ്രവർത്തിക്കുന്ന വ്യവസായ സംരഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും എസ്എംഇകൾക്കും വിഎസ്എസ്സി സാങ്കേതിക പിന്തുണ നൽകും. പകരം രാജ്യത്താകെയുള്ള ബഹിരാകാശ പര്യവേഷണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ശക്തമായ ഒരു വ്യവസായ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ സ്പേസ് പാർക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ദേശീയ ബഹിരാകാശ രംഗത്തെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ഉൽപ്പാദിപ്പിക്കുന്നതിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ സ്പേസ് പാർക്ക് പ്രതിജ്ഞാബദ്ധമായിരിക്കും. വിഎസ്എസ്സിയും സ്പേസ് പാർക്കുമായുള്ള സഹകരണം ബഹിരാകാശ സാങ്കേതികവിദ്യയിലും വ്യവസായത്തിലും ഇന്ത്യയുടെ കുതിപ്പിന് ഊർജ്ജം പകരുമെന്നുറപ്പാണ്.

