അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ഭോപ്പാൽ: അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഗുജറാത്ത്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 പെൺകുട്ടികളെയാണ് കാണാതായത്. പെൺകുട്ടികളെ കാണാതായ അനാഥാലയത്തിന് രജിസ്‌ട്രേഷനില്ല. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ മാനേജരായ അനിൽ മാത്യുവിനെതിരെയും അനാഥാലയം നടത്തിപ്പുകാർക്കെതിരെയും പൊലീസ് കേസെടുത്തു.

കാണാതായ പെൺകുട്ടികൾ ഇപ്പോൾ എവിടെയാണെന്ന വിവരം അജ്ഞാതമാണ്. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനാഥാലയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രേഖകളിൽ 68 പെൺകുട്ടികളുടെ പേര് സൂചിപ്പിച്ചിരുന്നുവെങ്കിലും അതിൽ 26 പേരെ കാണാതായെന്ന് കണ്ടെത്തി.

ആറു വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അനാഥാലയത്തിൽ ഉണ്ടായിരുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചല്ല ചിൽഡ്രൻസ് ഹോം പ്രവർത്തിക്കുന്നതെന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വിഷയത്തിൽ ഇടപെട്ടു.