ഐഎസ്ആർഒ ദൗത്യങ്ങളിലെ വനിതാ ശാസ്ത്രജ്ഞരുടെ പങ്കാളിത്തം ഉയർന്നു വരുന്നത് സ്ത്രീശാക്തീകരണത്തിന്റെ തെളിവ്; രാഷ്ട്രപതി

ന്യൂഡൽഹി: ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനത്ത് എത്തിയതിലാണ് രാഷ്ട്രപതി ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്.

ഐഎസ്ആർഒ ദൗത്യങ്ങളിലെ വനിതാ ശാസ്ത്രജ്ഞരുടെ പങ്കാളിത്തം ഉയർന്നു വരുന്നത് സ്ത്രീശാക്തീകരണത്തിന്റെ തെളിവാണെന്ന് രാഷ്ട്രപതി പറഞ്ഞു. സാമൂഹ്യ മാദ്ധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു രാഷ്ട്രപതിയുടെ പരാമർശം.

ഐഎസ്ആർഒയുടെ മറ്റൊരു മഹത്തായ നേട്ടം! ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ 1 ലഗ്രാഞ്ച് പോയിന്റ് 1-ൽ നിന്നും ലക്ഷ്യസ്ഥാനത്തിൽ എത്തി. ഈ മഹത്തായ നേട്ടത്തിന് നേതൃത്വം വഹിച്ച എല്ലാ ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ ദൗത്യം സൂര്യ- ഭൗമ വ്യവസ്ഥയെ കുറിച്ചുള്ള നമ്മുടെ അറിവുകൾ വർദ്ധിപ്പിക്കുകയും മാനവരാശിക്ക് കൂടുതൽ പ്രയോജനപ്പെടുകയും ചെയ്യുമെന്ന് ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.

ശനിയാഴ്ച്ചയാണ് ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനത്തെത്തിയത്. വൈകിട്ട് 4:30- ഓടെയാണ് ആദിത്യ ഹാലോ ഓർബിറ്റിൽ എത്തിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയായി മാറിയെന്ന നേട്ടവും ഐഎസ്ആർഒയ്ക്ക് സ്വന്തമായി.