General (Page 159)

തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 22) പുറത്തു വന്ന ഒമ്പതു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ വൈകീട്ട് ചേർന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പാലക്കാട് സ്വദേശികളായ രണ്ടു പേരുടെയും പരിശോധനാ ഫലം ഇതിൽ ഉൾപ്പെടും. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് സാംപിൾ ശേഖരിച്ച തിരുവനന്തപുരത്തു നിന്നുള്ള രണ്ടു പേരുടെ പരിശോധനാ ഫലം നാളെ (ജൂലൈ 23) പുലർച്ചെയോടെ ലഭിക്കും.

നിലവിൽ 406 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 194 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെട്ടവരിൽ 139 പേർ ആരോഗ്യ പ്രവർത്തകരാണ്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 15 പേരാണ് വിവിധ ആശുപത്രികളിലായി അഡ്മിറ്റായി ചികിത്സ തേടുന്നത്. ഫലം നെഗറ്റീവാവുകയും പനി അടക്കമുള്ള ലക്ഷണങ്ങൾ സുഖപ്പെടുകയും ചെയ്തവരെ ഡിസ്ചാർജ് ചെയ്യും. ഇവർ പ്രോട്ടോകോൾ പ്രകാരമുള്ള ഐസൊലേഷനിൽ തുടരണം.

2023 കണ്ടെത്തിയ നിപ വൈറസിന്റെ വകഭേദം തന്നെയാണ് ഇവിടെ നിന്നും കണ്ടെത്തിയ വൈറസും എന്ന കാര്യം തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് തലത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് (ജൂലൈ 22) 6642 വീടുകൾ സന്ദർശിച്ചു. പാണ്ടിക്കാട് 3702 വീടുകളും ആനക്കയത്ത് 2940 വീടുകളും സന്ദർശിച്ചു. പാണ്ടിക്കാട് 331 പനി കേസുകളും ആനക്കയത്ത് 108 പനിക്കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പാണ്ടിക്കാട്ടെ നാലു കേസുകൾ മാത്രമാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആകെ 7239 വീടുകളിലാണ് ആരോഗ്യ വകുപ്പ് സന്ദർശനം നടത്തിയത്. മരണപ്പെട്ട കുട്ടിയുടെ കുട്ടിയുടെ ക്ലാസ് പി.ടി.എ ചേർന്നിരുന്നു. കുട്ടികൾക്ക് കൗൺസലിങ് ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായത്തോടെ നൽകും. അധ്യാപകർക്കും സംശയ നിവാരണം നൽകും.

വവ്വാലുകളിൽ നിന്നും സാംപിൾ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് (ജൂലൈ 22) ജില്ലയിൽ എത്തിയിട്ടുണ്ട്. നിപ ബാധിത മേഖലകൾ സന്ദർശിച്ച് ഇവർ വൈറസിന്റെ ജീനോമിക് സർവ്വേ നടത്തും. സാംപിൾ ശേഖരിച്ച് പഠനം നടത്തുന്നതിനായി ഭോപ്പാലിൽ നിന്നുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘവും ഇവിടെയെത്തും. വനം വകുപ്പിന്റെ സഹകരണത്തോടെ ഇവർ വവ്വാലുകൾക്കായി മാപ്പിങ് നടത്തും.

നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ് പോവുന്നത് എന്ന് മന്ത്രി പറഞ്ഞു. ഐസൊലേഷൻ കൃത്യമായി നടക്കുന്നു എന്നുറപ്പാക്കും. രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് എം.പി, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് ചേർന്നിരുന്നു. നിപയെ ഒറ്റക്കെട്ടായി നേരിടാനുള്ള സഹകരണവും പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്.

നിപ സ്രവ പരിശോധയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈൽ ലബോറട്ടറി നാളെ (ജൂലൈ 23) പ്രവർത്തനം തുടങ്ങും. ലബോറട്ടറി സ്ഥാപിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിദഗ്ധർ ജില്ലയിലെത്തി മഞ്ചേരി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയിട്ടുണ്ട്. മൊബൈൽ ലബോറട്ടറി വരുന്നതോടെ കൂടുതൽ സാംപിളുകൾ പരിശോധിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് നിപ പ്രോട്ടോകോൾ പാലിച്ച് ഇന്ന് (ജൂലൈ 22) ജില്ലയിൽ നടത്തി. ഇതേ നിയന്ത്രണങ്ങളോടെ അടുത്ത ദിവസവും അലോട്ട്‌മെന്റ് തുടരും. മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയവ കർശനമായി പാലിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. പോളിടെക്‌നിക് അലോട്ട്‌മെന്റും ഇപ്രകാരം നടത്തും. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിൽ പെൻഷൻ മസ്റ്ററിങ് നടത്താൻ പാടില്ല. ഇവിടങ്ങളിൽ മസ്റ്ററിങിന് സമയം നീട്ടി നൽകും. ജില്ലയിലെ മറ്റിടങ്ങളിൽ കർശനമായ നിപ പ്രോട്ടോകോൾ പാലിച്ച് മസ്റ്ററിങ് നടക്കുമെന്നും മന്ത്രി അറിയിച്ചു.

വൈകീട്ട് ചേർന്ന അവലോകന യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായും ജില്ലാ കളക്ടർ വി.ആർ. വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ റീന, ജില്ലാ വികസന കമ്മീഷണർ സച്ചിൻകുമാർ യാദവ്, പെരിന്തൽമണ്ണ സബ് കളക്ടർ അപുർവ തൃപാദി, അസി. കളക്ടർ വി.എം ആര്യ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ ഓഫ്ലൈനായും പങ്കെടുത്തു.

തിരുവനന്തപുരം: അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ രോഗ ലക്ഷണങ്ങൾ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയും അപകട സാധ്യതകൾ അറിയിക്കുകയും ചെയ്തു. അന്നേ ദിവസം തന്നെ കുട്ടിയ്ക്ക് അപസ്മാരം ഉണ്ടാകുകയും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയുമുണ്ടായി. കുട്ടിയ്ക്ക് വേണ്ടി ആരോഗ്യവകുപ്പ് Miltefosine മരുന്ന് പ്രത്യേകമായി എത്തിച്ച് നൽകുകയും ചെയ്തു. മൂന്നാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലാണ് രോഗമുക്തി നേടിയത്. നേരത്തെ തന്നെ രോഗം കണ്ടെത്താൻ സാധിച്ചതും, ലഭ്യമായ ചികിത്സകൾ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താൻ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാൻ കഴിഞ്ഞത്.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. ജൂലൈ അഞ്ചാം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം കൂടുകയും, അപൂർവ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി ചേർന്ന് പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം സ്ഥിരീകരിക്കാനുള്ള മോളിക്യുലർ പരിശോധനാ സംവിധാനങ്ങൾ ഒരുക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. മേയ് 28ന് ആരോഗ്യവകുപ്പ് മന്ത്രി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ചികിത്സാ മാർഗനിർദേശങ്ങൾ തയാറാക്കുന്നതിന് തീരുമാനിക്കുകയും ഇതനുസരിച്ച് ജൂലൈ 20ന് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സാ മാർഗരേഖ പുറത്തിറക്കുകയും ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സമഗ്ര മാർഗരേഖ പുറത്തിറക്കിയത്.

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ബജറ്റായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമൃതകാലത്തെ സുപ്രധാന ബജറ്റായിരിക്കുമിതെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാൻ എല്ലാ ജനപ്രതിനിധികളും സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റ് സമ്മേളനം സർഗാത്മകമായിരിക്കും. ജനങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തികരണത്തിന് ഒന്നിച്ച് നീങ്ങണം. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് നാളെയാണ് അവതരിപ്പിക്കുക. മൂന്നാമത് അധികാരത്തിലെത്താനും ബജറ്റ് അവതരിപ്പിക്കാനുമുള്ള ഭാഗം ലഭിച്ചുവെന്നും ജനകീയ ബജറ്റായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2047 ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റ്. വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണം. പഴയകാല വൈരാഗ്യങ്ങൾ മറക്കണം. രാജ്യത്തിന്റെ വികസനം കൂട്ടുത്തരവാദിത്തമാണ്. ചില കക്ഷികൾ പ്രതിലോമരാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

തിരുവനന്തപുരം: എറണാകുളത്ത് അതിഥി തൊഴിലാളിയെ പട്ടിക്കൂട്ടിൽ താമസിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്. സഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി. മന്ത്രി വി ശിവൻകുട്ടിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

ബംഗാൾ സ്വദേശിയായ ശ്യാം സുന്ദറാണ് പ്രതിമാസവാടക നൽകി പട്ടിക്കൂട്ടിൽ താമസിച്ചിരുന്നത്. പിറവത്ത് കുരിയിൽ ജോയിയുടെ വീട്ടിലെ പട്ടിക്കൂടാണ് തൊഴിലാളിക്ക് വാടകയ്ക്ക് നൽകിയത്.

ജോയി സമീപത്ത് തന്നെ പുതിയ വീട് പണിത് താമസം മാറിയപ്പോൾ പഴയ വീട് ഇതര സംസ്ഥാന ത്തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെ ഒരാൾക്ക് 2000 രൂപയാണ് വാടക വാങ്ങിയിരുന്നത്. കൈയിൽ പണമില്ലാതെ വന്നപ്പോൾ ഉടമയിൽനിന്ന് 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്ന് ശ്യാം സുന്ദർ വ്യക്തമാക്കുന്നത്.

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 54,160 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6770 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 53,000 രൂപയായിരുന്നു സ്വർണ്ണവില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ്ണവില 2000 രൂപയോളം വർധിച്ച് 55,000 രൂപയിലെത്തി. പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില ഇടിഞ്ഞു. കഴിഞ്ഞ 5 ദിവസത്തിനിടെ 840 രൂപയാണ് സ്വർണ്ണവിലയിലുണ്ടായ ഇടിവ്.

ആലപ്പുഴ: ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച ചില സ്‌കൂൾ കുട്ടികൾക്കിടയിൽ ശാരീരിക അസ്വസ്ഥതയുണ്ടായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജൂലൈ 19-ന് സ്‌കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികളിൽ വൈകുന്നേരത്തോടെ ഛർദ്ദി, വയറു വേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുമായി ചികിത്സ തേടുകയും ചെയ്തു. കൂടുതലായും എൽ.പി. വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളിലാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.

എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് മിഡ് ഡേ മീൽ സ്‌കീമിന്റെ ഭാഗമായി ചോറും കറികളുമുൾപ്പടെ വെജിറ്റേറിയൻ ഭക്ഷണമായിരുന്നു നൽകിയത്. ഏകദേശം തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ അറുന്നൂറ്റി ഇരുപതോളം വിദ്യാർഥികൾ ആണ് ഉച്ചഭക്ഷണം കഴിച്ചത്. തുടർന്ന് മുപ്പത്തിനാല് വിദ്യാർഥികൾക്ക് അസ്വസ്ഥത ഉണ്ടായി. ഇവർ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി. ഇതിർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ 21 കുട്ടികൾ അന്നു രാത്രി പതിനൊന്ന് മണിയോടെ ആശുപത്രി വിട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് കുട്ടികളെ പ്രാഥമിക പരിശോധനകൾക്ക് ശേഷം വിട്ടയച്ചു. എട്ട് കുട്ടികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.

ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ജൂലൈ 20 ന് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ്.ആർ. ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്തു നടത്തി. സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാർ, പാചകമുറി, ഇവിടേക്ക് വെള്ളം സംഭരിക്കുന്ന ജലസ്രോതസ്സുകൾ, കുട്ടികൾക്ക് കൈകഴുകാനും കുടിക്കാനും വെള്ളം സംഭരിച്ചു ലഭ്യമാക്കുന്ന സ്രോതസ്സുകൾ, പച്ചക്കറിയും മറ്റ് ഭക്ഷ്യ വസ്തുക്കളും സംഭരിച്ചു വച്ചിരിക്കുന്ന രീതി, അടിസ്ഥാന സൗകര്യങ്ങൾ, കുട്ടികളുടെ ടോയ്ലറ്റ് സംവിധാനം, സുരക്ഷിതമായ ശുചിമുറികളുടെ ലഭ്യത എന്നിവയെല്ലാം ആര്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഹെൽത്ത് ടീമിൻറെയും ആര്യാട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടേയും സ്‌കൂൾ അധികൃതരുടെയും സാന്നിധ്യത്തിൽ പരിശോധിച്ചു.

ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്ക് ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, വിവിധ ജലസ്രോതസ്സുകൾ, പാചകത്തിനും കുട്ടികൾ വായ കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്ന വെള്ളം പരിശോധനയ്ക്കായി അയച്ചു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് തയ്യാറാക്കുന്ന ഉച്ചഭക്ഷണത്തിന്റെ ചെറിയ ഒരു അംശം വിദ്യാലയങ്ങളിൽ പിറ്റേ ദിവസത്തെ ഭക്ഷണം തയ്യാറാക്കുന്നതുവരെ ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കുന്നതിനുള്ള സംവിധാനം വേണ്ടതിന്റെ ആവശ്യകതയും ജില്ല ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് അടിയന്തിര സാഹചര്യത്തിൽ ഭക്ഷണം പരിശോധനക്ക് വിധേയമാക്കുന്നതിന് ഉപകാരപ്പെടും.

പാചകശാലകളിൽ ശുചിത്വം പ്രധാനം

വിദ്യാലയങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുന്നതിനും കുടിവെള്ളത്തിൻറെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധന നടത്തുകയും വേണം.

വിദ്യാലയങ്ങളിലെ ആഹാര പാനീയ ശുചിത്വ കാര്യങ്ങളിൽ പ്രത്യേകശ്രദ്ധ പുലർത്തണം. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധീകരിച്ച ജലം ഉപയോഗിക്കണം.

ഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ പലചരക്ക് സാധനങ്ങളും പച്ചക്കറികളും എലികളും മറ്റ് പ്രാണികളും കടക്കാതിരിക്കാൻ അടച്ച പാത്രങ്ങളിൽ സൂക്ഷിക്കുക. കാലാവധി കഴിഞ്ഞതോ പൂപ്പലും മറ്റ് കീടങ്ങളുടെയും സാന്നിധ്യമുള്ളതോ ആയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുത്

ധാന്യങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകുക.
ഭക്ഷണം നന്നായി പാകം ചെയ്ത് ഉപയോഗിക്കുക. കുട്ടികൾക്ക് നൽകുന്ന പാൽ നന്നായി തിളപ്പിക്കുക. മുട്ട പുഴുങ്ങുന്നതിനു മുമ്പ് കഴുകി വൃത്തിയാക്കുക. മുട്ടത്തോട് നീക്കം ചെയ്യുന്നതിന് മുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക .

ആഹാരം തയ്യാറാക്കുന്നവർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം. നഖങ്ങൾ വെട്ടി സൂക്ഷിക്കുന്നതടക്കമുള്ള ശുചിത്വ ശീലങ്ങൾ പാചക ജോലികൾ ചെയ്യുന്നവർ പാലിക്കണം.

സ്‌കൂളിൽ കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം വൃത്തിയുള്ള കുപ്പിയിൽ കൊണ്ടുവരുന്നുണ്ടെന്ന് ഉറപ്പാക്കുക. പൈപ്പിലെ വെള്ളവും മറ്റും കുടിക്കരുത് എന്ന് കുട്ടികൾക്ക് നിർദ്ദേശം നൽകുക.

സ്‌കൂളുകളിൽ കുട്ടികൾക്ക് നൽകാനായി തിളപ്പിച്ചാറിയ വെള്ളം കരുതുന്ന പക്ഷം എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന കലം പോലെയുള്ളവയിൽ സൂക്ഷിക്കുക. പാത്രം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകിയതിനുശേഷം മാത്രം വെള്ളം ശേഖരിക്കുക. വെള്ളം മുക്കിയെടുക്കുമ്പോൾ കൈകളിലെയും ഗ്ലാസിലെയും അഴുക്ക് വെള്ളത്തിൽ കലരാൻ ഇടയുണ്ട്. അതുകൊണ്ട് പിടിയുള്ള ജഗ് പോലെയുള്ള പാത്രങ്ങൾ ഉപയോഗിച്ച് പിടി വെള്ളത്തിൽ സ്പർശിക്കാത്ത രീതിയിൽ വെള്ളം പകർന്നെടുക്കാൻ ശ്രദ്ധിക്കുക. വൃത്തിയുള്ള അടപ്പിന് മുകളിൽ ഈച്ച തൊടാത്ത വിധം മഗ് വൃത്തിയായി സൂക്ഷിക്കുക.

സ്‌കൂളുകളിലെ ശുചിമുറികളിൽ സോപ്പ് സൂക്ഷിക്കുക. ശുചിമുറി ഉപയോഗിച്ച ശേഷം കൈകൾ കഴുകേണ്ടതാണെന്ന നിർദ്ദേശം കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുക. ആഹാരം കഴിക്കുന്നതിനുമുമ്പും കുട്ടികൾ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നുവെന്ന് ഉറപ്പാക്കുക.

ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർ ആർഎസ്എസിൽ പ്രവർത്തിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി കേന്ദ്ര സർക്കാർ. 1966 മുതൽ ഏർപ്പെടുത്തിയിരുന്ന വിലക്കാണ് കേന്ദ്രസർക്കാർ നീക്കിയത്. സർക്കാർ ഉത്തരവിന്റെ പകർപ്പ് ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യയും എക്സിലൂടെ ങ്കുവെച്ചിട്ടുണ്ട്. 58 വർഷങ്ങൾക്ക് മുൻപ്, 1966ൽ പുറത്തിങ്ങിയ ഒരു ഭരണഘടനാ വിരുദ്ധമായ ഉത്തരവ് നരേന്ദ്രമോദി സർക്കാർ പിൻവലിച്ചതായി അദ്ദേഹം എക്‌സ് പോസ്റ്റിൽ കുറിച്ചു.

നിരോധനത്തിൽ കോൺഗ്രസിന്റേയും ഇന്ദിരയുടേയും പങ്കിനെ കുറിച്ചും അദ്ദേഹം പോസ്റ്റിൽ പരാമർശിക്കുന്നു.’ 1966 നവംബർ 7 ന് പാർലമെന്റിൽ ഗോഹത്യക്കെതിരെ വൻ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് ആദ്യം നിരോധനം ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ ആർഎസ്എസിനും ജനസംഘത്തിനും വേണ്ടി ലക്ഷങ്ങൾ ഒത്തുകൂടി. പൊലീസ് വെടിവെപ്പിൽ പലരും മരിച്ചു. ആർഎസ്എസിന്റെയും ജനസംഘത്തിന്റെയും സ്വാധീനം കണ്ട് നടുങ്ങിയ ഇന്ദിരാഗാന്ധി സർക്കാർ, 1966 നവംബർ 30-ന്, ജീവനക്കാരെ ആർഎസ്എസിൽ ചേരുന്നത് വിലക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: വർക്കല അയിരൂരിൽ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കിയെന്ന പരാതിയിൽ നടപടിയുമായി കെഎസ്ഇബി എംഡി ബിജു പ്രഭാകർ. മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നാണ് ആരോപണം. അയിരൂർ സ്വദേശി രാജീവിന്റെ കുടുംബത്തെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ പ്രതികാര നടപടിയുടെ ഭാഗമായി ഇരുട്ടിലാക്കിയത്. സംഭവം വിവാദമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

സംഭവത്തിൽ കെഎസ്ഇബി വിജിലൻസ് അന്വേഷണത്തിനാണ് ബിജു പ്രഭാകർ ഉത്തരവിട്ടത്. വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. വിജിലൻസ് റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ പറഞ്ഞു. വൈദ്യുതി മന്ത്രി ഉൾപ്പെടെ പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു.

മലപ്പുറം: നിപ ബാധിച്ച് 14 കാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. നേരത്തെ പ്രാഥമിക റൂട്ട് മാപ്പ് തയാറാക്കിയിരുന്നെങ്കിലും രോഗിയുടെ മരണത്തെ തുടർന്ന് വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കുകയായിരുന്നു. റൂട്ട് മാപ്പിൽ പ്രതിപാദിച്ച സ്ഥലങ്ങളിൽ സന്ദർശിച്ചിട്ടുള്ളവർ എത്രയും വേഗം കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.

അതേസമയം,നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വൺഹെൽത്ത് മിഷനിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന കേന്ദ്രസംഘത്തെയാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തിനായി വിന്യസിച്ചിരിക്കുന്നത്. സ്രവ പരിശോധന ത്വരിതപ്പെടുത്താൻ ഒരു മൊബൈൽ ബയോസേഫ്റ്റി ലെവൽ-3 ലബോറട്ടറിയും കോഴിക്കോട് എത്തിച്ചേർന്നിട്ടുണ്ട്.

14 കാരനുമായി സമ്പർക്കത്തിലുള്ള ആറ് പേരടക്കം ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് ആശ്വാസമാണെങ്കിലും നിലവിൽ 330 പേർ നിപ സമ്പർക്കപ്പട്ടികയിലുണ്ട്. ഇതിൽ തന്നെ 101 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. പാണ്ടിക്കാട്, ആനക്കയത്തും നിയന്ത്രണങ്ങൾ തുടരും.

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങും. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.

അതാത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം പെൻഷൻ നൽകി വരുന്നു.

അതേസമയം, കേന്ദ്രം സാമ്പത്തികമായി ശ്വാസംമുട്ടിക്കുമ്പോഴും സംസ്ഥാനത്തിന്റെ ചെലവിൽ വൻ വർധനയാണ് ഉണ്ടായതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. രണ്ടാം പിണറായി വിജയൻ സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കുന്നെന്ന് വിമർശിക്കുന്നവർക്കുള്ള മറുപടികൂടിയാണിത്. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ പ്രതിവർഷ ശരാശരി ചെലവ് 1.20 ലക്ഷം കോടിയായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നുവർഷത്തേത് 1.60 ലക്ഷം കോടിയാണ്. കേന്ദ്രവിഹിതത്തിൽ പ്രതിവർഷം 57,000 കോടി കുറവുവരുമ്പോഴാണിത്.

കോവിഡ് കാലത്ത് ശമ്പളവും- പെൻഷനും പരിഷ്‌കരിച്ച ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് പ്രഖ്യാപിച്ച ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യം നൽകിത്തുടങ്ങിയത് ഈ സർക്കാരാണ്. യുഡിഎഫായിരുന്നു അധികാരത്തിലെങ്കിൽ ഇതെല്ലാം നിഷേധിക്കപ്പെട്ടേനേ. വരാൻപോകുന്ന യുഡിഎഫ് സർക്കാരിനെ തകർക്കാനാണ് ശമ്പള-പെൻഷൻ പരിഷ്‌കരണമെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം. ഇതേ കാര്യം പറഞ്ഞ് സെക്രട്ടറിയറ്റിലെ ജീവനക്കാരുടെ ഒരു സംഘടന നോട്ടീസ് അടിച്ചിറക്കിയിരുന്നു.

2017-21ലെ ഡിഎ കുടിശ്ശിക പിഎഫിൽ ക്രെഡിറ്റ് ചെയ്തു. സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശ്ശിക ലഭ്യമാക്കൽ, സാമൂഹ്യ സുരക്ഷാ പെൻഷൻ വർധന തുടങ്ങിയവയും നടപ്പാക്കി. സാമൂഹ്യ സുരക്ഷാ പെൻഷനായി 8000 കോടി രൂപയാണ് ഉമ്മൻചാണ്ടി സർക്കാർ നൽകിയത്. എന്നാൽ, ഒന്നാം പിണറായി സർക്കാർ 32,000 കോടിയും ഈ സർക്കാർ മൂന്നുവർഷത്തിനുള്ളിൽ 27,000 കോടിയും നൽകി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്പ്) 540 കോടിയാണ് ബജറ്റ് വകയിരുത്തൽ. 1600 കോടിയോളം നൽകുന്നു. വർഷം 4000 മുതൽ 5000 വരെ ആൻജിയോപ്ലാസ്റ്റി ഓരോ സർക്കാർ മെഡിക്കൽ കോളേജിലും സൗജന്യമായി ചെയ്യുന്നു. 1000 കോടിയാണ് കെഎസ്ആർടിസിക്ക് നീക്കിവയ്ക്കുന്നതെങ്കിലും 2400 കോടിവരെ ചെലവാകുന്നു. കിഫ്ബിയിൽ ഇതുവരെ 30,000 കോടിയിലധികം രൂപ ചെലവഴിച്ചു.