മൂന്ന് വയസുകാരിയെ പുലി കടിച്ചു കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ

ഗൂഡല്ലൂർ: മൂന്ന് വയസുകാരിയെ പുലി കടിച്ചു കൊന്നു. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് പന്തല്ലൂരിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് നാടുകാണിച്ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം സ്തംഭിച്ചു.

ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് മൂന്നുവയസുകാരിയെ പുലി കടിച്ചു കൊന്നത്. ജാർഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റെയും മിലൻ ദേവിയുടെയും മകൾ നാൻസിയ്ക്കാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത്. അങ്കണവാടിയിൽ നിന്ന് വരുന്നതിനിടെയാണ് സംഭവം നട്ന്നത്.

അതേസമയം വയനാട് വീണ്ടും കടുവയുടെ ആക്രമണം നടന്നു. സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലിയിലാണ് കടുവയുടെ ആക്രമണ മുണ്ടായത്. പ്രദേശത്തെ പന്നി ഫാം കടുവ ആക്രമിച്ചു. ഏകദേശം അമ്പത് കിലോ തൂക്കമുള്ള 20 പന്നികളെ കടുവ കൊന്നു. ഫാമിൽ നിന്നും ഏകദേശം അമ്പത് മീറ്റർ മാറി വനാതിർത്തിയിലെ കുറ്റിക്കാട്ടിൽ പന്നികളുടെ ജഡം കൂട്ടത്തോടെ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.